ന്യൂദല്‍ഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ദല്‍ഹി ജുമാ മസ്ജിദ് ഇലക്ട്രിസിറ്റി ബില്‍ അടച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നുമുള്ള വ്യാജ വാര്‍ത്ത നല്‍കി റിപ്പബ്ലിക് ടി.വി. സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച തെറ്റായ വാര്‍ത്ത ചാനല്‍ ബ്രേക്കിങ് ആയി നല്‍കി വലിയ വിവാദമാക്കുകയായിരുന്നു ചാനലിന്റെ ലക്ഷ്യം. ഇമാം ബുക്കരിക്ക് ലക്ഷ്വറി കാറുകള്‍ വാങ്ങാന്‍ പണമുണ്ടെന്നും എന്നാല്‍ വൈദ്യുതി നിരക്ക് അടക്കാന്‍ മാത്രം പണമില്ലെന്നുമായിരുന്നു റിപ്പബ്ലിക് ടിവി അവരുടെ സ്വന്തം റിപ്പോര്‍ട്ടിലൂടെ പറഞ്ഞുകൊണ്ടിരുന്നത്. പണം അടക്കാത്തത് കാരണം ജുമാമസ്ജിദിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്ന് കൂടി വാര്‍ത്തയില്‍ പറഞ്ഞുവെക്കുന്നു.
മസ്ജിദിന് നേരെ ക്യാമറവെച്ചതിന് പിന്നാലെ ജുമാ മസ്ജിദ് ഇരുട്ടിലാണെന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇമാം ബുക്കരിയുടെ വീടിന് സമീപത്തായി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ മോഡല്‍ വരെ റിപ്പോര്‍ട്ടര്‍ പറയുന്നുണ്ടായിരുന്നു.
സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിലും ഹിന്ദുത്വശക്തികളുടെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. നാല് കോടി രൂപയാണ് വൈദ്യുതി നിരക്കായി മസ്ജിദ് അടക്കാനുള്ളത് എന്നായിരുന്നു വാര്‍ത്തയില്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നത്.
ഗുര്‍മീത് സിങിന് ഹരിയാന സര്‍ക്കാര്‍ അനുവദിച്ച നിയമവിരുദ്ധമായ കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയായിരുന്നു ദല്‍ഹി ജുമാമസ്ജിദിനെ കൃത്യമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തയും. 4.16 കോടി രൂപയുടെ ബില്‍ മസ്ജീന് അടയ്ക്കാനുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത് കൊണ്ട് 2012ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഒരു വാര്‍ത്തയും ഇതിനിടെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
I was amazed to discover that Jama Masjid in Delhi and its 2000 shops havent paid electricity bills since 1947.Amazing sickularism
— Jai Maa Bharathi (@ArunrBits) August 28, 2017
1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മസ്ജീദും അതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന 2000 കടകളും വൈദ്യുതി ബില്‍ അടച്ചിട്ടേയില്ലെന്നായിരുന്നു ആഗസ്റ്റ് 27 മുതല്‍ ട്വിറ്ററുകള്‍ പ്രചരിച്ച് തുടങ്ങിയത്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഒരു ലിങ്കുകളും കൊടുത്തിരുന്നില്ല. 3700ഓളം തവണ ആളുകള്‍ ഇത് റീട്വീറ്റും ചെയ്തു.
ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീതിന്റെ ആസ്തികള്‍ കണ്ടുകെട്ടാനുള്ള ഉത്സാഹം മസ്ജീദിന്റെ കാര്യത്തില്ലല്ലോ എന്ന തരത്തിലായിരുന്നു ട്വീറ്റുകള്‍.
Dera properties were seized within hours of violence. Jama Masjid ka electricity bill recover karne mein 2-4 saal lag jaate hain.
— Spaminder Bharti (@attomeybharti) August 26, 2017
ഷാഹി ഇമാമും ഡല്‍ഹി വഖഫ് ബോര്‍ഡും തമ്മിലുള്ള തര്‍ക്കം മൂലം ബില്‍ അടയ്ക്കാത്തതിനാല്‍ പ്രദേശത്ത് നിരന്തരം വൈദ്യുതി തടസപ്പെടുന്നു എന്നായിരുന്നു വാര്‍ത്ത. ഈ റിപ്പോര്‍ട്ട് പോലും സൂചിപ്പിക്കാതെയായിരുന്നു ചില സൈറ്റുകള്‍ വാര്‍ത്ത നല്‍കിയത്.
ഇതിന് പിന്നാലയായിരുന്നു റിപബ്ലിക്കും ഇതേ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ മസ്ജിദില്‍ വൈദ്യുതി ബന്ധമൊന്നും വിച്ഛേദിച്ചിട്ടില്ലെന്നും സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മസ്ജീദിലെ വിളക്കുകള്‍ അണയ്ക്കുന്നത് പതിവാണെന്നും പറഞ്ഞ്
ഇമാമിന്റെ മകന്‍ താരിഖ് ബുക്കാരി രംഗത്തെത്തുകയായിരുന്നു.
ഇതിന് പിന്നാലെ മസ്ജിദിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടിലെന്ന് അറിയിച്ച് വിതരണക്കാരായ റിലയന്‍സ്, ബി.എസ്.ഇ.എസ് ദല്‍ഹിയും രംഗത്തെത്തി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റും ബിഎസ്ഇഎസ് ഷെയര്‍ ചെയ്തു.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നും റിപബ്ലിക്ക് ടിവി വാര്‍ത്ത മുക്കുകയായിരുന്നു. എന്നാല്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത ബ്രേക്കിങ് ന്യൂസ് വീഡിയോ പിന്‍വലിക്കാന്‍ ചാനല്‍ തയ്യാറായിരുന്നില്ല.