ന്യൂദല്‍ഹി: ദല്‍ഹിയിലെ പുല്‍ ബംഗഷ് ഗുരുദ്വാരയില്‍ സിഖുകാരെ കൊലപ്പെടുത്താന്‍ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍. ആദ്യം സിഖുകാരെ കൊലപ്പെടുത്താനും തുടര്‍ന്ന് അവരുടെ കടകളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കാനും ടൈറ്റ്‌ലര്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞതായി ദൃക്‌സാക്ഷി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ടൈറ്റ്‌ലര്‍ കാറില്‍ നിന്ന് ഇറങ്ങിവരികയും സിഖുകാരെ കൊലപ്പെടുത്തുന്നതിനായി ആള്‍ക്കൂട്ടത്തെ പ്രേരിപ്പിക്കുകയും ചെയ്തതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പറയുന്നു.
‘സിഖുകാരെ കൊലപ്പെടുത്താനായി ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചത് ടൈറ്റ്‌ലറാണ്. ഇതിന്റെ ഫലമായാണ് ആള്‍ക്കൂട്ടം ഗുരുദ്വാര പുല്‍ ബംഗഷ് തീയിടുകയും മൂന്ന് സിഖുകാരെ കൊലപ്പെടുത്തുകയും ചെയ്തത്,’ കുറ്റപത്രത്തില്‍ പറയുന്നു. 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ മെയ് 20, 2023 നാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കലാപം, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് ടൈറ്റ്‌ലര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കലാപകാരികള്‍ക്കെതിരെ നിയമനടപടികളൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു. തന്റെ മണ്ഡലത്തിലെ കൊലപാതങ്ങളെ മറ്റ് സ്ഥലങ്ങളുമായി താരതമ്യപ്പെത്തിയതിന് ശേഷം കൂടുതല്‍ സിഖുകാരെ ആക്രമിക്കാന്‍ അനുയായികളോട് അദ്ദേഹം ആവശ്യപ്പെട്ടെന്നും കുറ്റപത്രത്തിലുണ്ട്.
വെള്ള അംബാസിഡര്‍ കാറില്‍ വന്നിറങ്ങിയ അദ്ദേഹം കൊലപാതകത്തിന് ആള്‍ക്കൂട്ടത്തെ പ്രേരിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. ‘കാറില്‍ നിന്നും ഇറങ്ങി വന്നതിന് ശേഷം ആദ്യം സിഖുകാരുടെ കൊലപ്പെടുത്താനും അവരുടെ കടകള്‍ കൊള്ളയടിക്കാനും അദ്ദേഹം ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയായിരുന്നു,’ ദൃക്‌സാക്ഷി മൊഴി നല്‍കി.
നിരോധനാജ്ഞ ലംഘിച്ച് ടൈറ്റ്‌ലര്‍ ഗുരുദ്വാരയില്‍ എത്തി. സാഹചര്യം മനസിലാക്കിയ ബസിലെ ഒരാള്‍ സിഖുകാരോട് തലപ്പാവ് അഴിച്ചുവെച്ച് വീട്ടിലേക്ക് മടങ്ങാന്‍ പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. ഗുരുദ്വാര പുല്‍ ബംഗഷിനടുത്ത് ചേര്‍ന്ന സമ്മേളനത്തില്‍ ജഗദീഷ് ടൈറ്റ്‌ലര്‍ പങ്കെടുത്തതിനുള്ള മതിയായ രേഖകള്‍ ഉണ്ടെന്ന് സി.ബി.ഐ പറയുന്നു. ‘നിങ്ങളെ ഒന്നും ബാധിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു, നിങ്ങള്‍ എല്ലാ സിഖുകാരെയും കൊല്ലൂ,’ ടൈറ്റ്‌ലര്‍ പറഞ്ഞതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പറയുന്നു.