ഇന്ത്യയില്‍ മറ്റാര്‍ക്കും ഉര്‍വശിയുടെ ആ കഥാപാത്രം ചെയ്യാനാവില്ല; വളരെ ഗിഫ്റ്റഡായിട്ടുള്ള നടി: ജഗദീഷ്
Entertainment
ഇന്ത്യയില്‍ മറ്റാര്‍ക്കും ഉര്‍വശിയുടെ ആ കഥാപാത്രം ചെയ്യാനാവില്ല; വളരെ ഗിഫ്റ്റഡായിട്ടുള്ള നടി: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th September 2024, 3:54 pm

ക്രിസ്റ്റോ ടോമി ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരായിരുന്നു ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഉര്‍വശി ലീലാമ്മ എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്.

ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ നടിയെ കുറിച്ച് പറയുകയാണ് ജഗദീഷ്. ഉള്ളൊഴുക്ക് സിനിമ കണ്ട ശേഷം താന്‍ ഉര്‍വശിയെ വിളിച്ചിരുന്നുവെന്നും ആ കഥാപാത്രം ഇന്ത്യയില്‍ വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നും ജഗദീഷ് പറയുന്നു.

ഉള്ളൊഴുക്കിന്റെ ഒരു ഫ്രെയിമില്‍ പോലും ഉര്‍വശിയെന്ന നടിയെ കണ്ടില്ലെന്നും ബിഹേവിയറല്‍ ആക്ടിങ്ങിന്റെ പീക്കായിരുന്നു അതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉള്ളൊഴുക്ക് സിനിമ കണ്ടിട്ട് ഞാന്‍ ഉര്‍വശിയെ വിളിച്ചിരുന്നു. ആ കഥാപാത്രം ഇന്ത്യയില്‍ വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നാണ് ഞാന്‍ ഉര്‍വശിയോട് പറഞ്ഞത്. ലീലാമ്മ എന്ന ആ കഥാപാത്രം ഇന്ത്യയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നുള്ളത് സത്യമാണ്.

ഒരു ഫ്രെയിമില്‍ പോലും ഉര്‍വശിയെന്ന നടിയെ കാണാന്‍ ഉണ്ടായിരുന്നില്ല. ബിഹേവിയറല്‍ ആക്ടിങ്ങിന്റെ പീക്കായിരുന്നു. ലീലാമ്മ നടക്കുന്നതും ഇരിക്കുന്നതും ആലോചിക്കുന്നതും ഡയലോഗ് പറയുന്നതും അവര്‍ ഗുളികയെടുക്കുന്നതും ഫയലെടുക്കുന്നതും ഉള്‍പ്പെടെ ഉര്‍വശി മികച്ചതാക്കി ചെയ്തു. ലീലാമ്മയായി അവിടെ ജീവിക്കുകയായിരുന്നു.

വളരെ ഗിഫ്റ്റഡായിട്ടുള്ള ഒരു നടി തന്നെയാണ് ഉര്‍വശി. അതിനെ പറ്റി പറയാതിരിക്കാന്‍ സാധിക്കില്ല. ലീലാമ്മയായി നമുക്ക് വേറെ ആരെയും ചിന്തിക്കാന്‍ പോലും പറ്റില്ലെന്നതാണ് സത്യം. ബ്രില്ലിയന്റായ പെര്‍ഫോമന്‍സാണ്. അതിന് അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉഗ്രന്‍ പെര്‍ഫോമന്‍സാണ്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Urvashi And Ullozhukk Movie