ദുബായ്: ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്.
ശ്രീനറിലെ കരണ്‍ നഗര്‍, സൗറ എന്നീ രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷിച്ചിരുന്നു.
അതേസമയം, പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരയാണ് ആക്രമണം നടന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങള്‍ പാകിസ്ഥാനികളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. പഞ്ചാബികളായ പരിസരവാസികളെത്തിയാണ് വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ മുഹമ്മദ് ഷമിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഷമിയുടെ മുസ്ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്.
പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.