ഇത് കേരളത്തെ പൂര്‍ണമായി അവഗണിച്ച ബജറ്റ്: വിമര്‍ശനവുമായി തരൂര്‍ ലോക്‌സഭയില്‍
Union Budget 2019
ഇത് കേരളത്തെ പൂര്‍ണമായി അവഗണിച്ച ബജറ്റ്: വിമര്‍ശനവുമായി തരൂര്‍ ലോക്‌സഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 3:10 pm

ന്യൂദല്‍ഹി: പ്രളയ പുനര്‍നിര്‍മാണത്തില്‍ കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് ശശി തരൂര്‍ എം.പി. കേരളത്തിന് ഒരു പരിഗണനയും കേന്ദ്രം നല്‍കിയില്ലെന്നും ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ തരൂര്‍ വിമര്‍ശിച്ചു.

പ്രളയ ബാധിത കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യാതൊരു തുകയും അനുവദിച്ചിട്ടില്ല. റബ്ബര്‍ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു നടപടികളുമെടുത്തിട്ടില്ല. ഗള്‍ഫില്‍ നിന്നും തിരിച്ചുവരുന്നവരേയും പൂര്‍ണമായി അവഗണിച്ചിരിക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഗള്‍ഫില്‍ നിന്നും വരുന്ന പണം നിങ്ങള്‍ക്ക് വേണം. അവര്‍ തിരിച്ചുവരുമ്പോള്‍ നിങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ താല്‍പര്യമില്ല. ‘ എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം വേണമെന്ന തന്റെ ആവശ്യവും അവഗണിക്കപ്പെട്ടെന്ന് തരൂര്‍ പറഞ്ഞു.

തൃശങ്കു ബജറ്റ് എന്നാണ് തരൂര്‍ ഇതിനെ വിശേഷിപ്പിച്ചത്. അനുവദിച്ച തുക പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത ആദ്യ ബജറ്റായിരിക്കും ഒരുപക്ഷേ ഇതെന്നും തരൂര്‍ വിമര്‍ശിച്ചു.