ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ രാജ്യസഭയിലേക്ക് തമിഴ്നാട്ടില്‍നിന്ന് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കലാരംഗത്തുനിന്നുള്ളവര്‍ എന്ന നിലയിലാണ് രജനിയെ പരിഗണിക്കുന്നത്.
രജനിയെക്കൂടാതെ സംഗീതസംവിധായകന്‍ ഇളയരാജ, ബിസിനസുകാരനായ സോഹോ, കോര്‍പ്പറേഷന്‍ സി.ഇ.ഒ. ശ്രീധര്‍ വേമ്പു, ബി.ജെ.പി. നേതാവും നടിയുയുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും തമിഴ്‌നാട്ടില്‍ നിന്ന് പരിഗണിക്കുന്നുണ്ട്.
ഈ മാസം 24ന് രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നവരില്‍ ഉള്‍പ്പെടുന്ന സുബ്രഹ്‌മണ്യന്‍ സ്വാമിക്കുപകരം തമിഴ്നാട്ടില്‍നിന്നുതന്നെ ഈ ലിസ്റ്റില്‍ നിന്ന് ഒരാളെ നാമനിര്‍ദേശം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നല്ലബന്ധം പുലര്‍ത്തുന്നയാളാണ് രജനീകാന്ത്. കശ്മീര്‍ വിഷയത്തില്‍ ഇരുവരെയും പരസ്യമായി രജനി പ്രശംസിച്ചിരുന്നു. മോദിയും ഷായും അര്‍ജുനനും കൃഷ്ണനുമാണെന്നായിരുന്നു രജനി പറഞ്ഞത്.
അതേസമയം, സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്‌ന നല്‍കണമെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നുമുള്ള ആവശ്യവുമായി ബി.ജെ.പി തമിഴ്‌നാട് ഘടകം രംഗത്തെത്തിയിരുന്നു.
ഡോ. ബി.ആര്‍. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ പ്രതികരണം.