സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങള്‍ ഒഴിവാക്കാന്‍ ഇസ്രഈല്‍ പൗരന്മാര്‍ ആഗ്രഹിക്കുന്നു; റിപ്പോര്‍ട്ട്
World News
സമൂഹമാധ്യമങ്ങളില്‍ നിന്ന് ഫലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങള്‍ ഒഴിവാക്കാന്‍ ഇസ്രഈല്‍ പൗരന്മാര്‍ ആഗ്രഹിക്കുന്നു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2024, 2:08 pm

ജെറുസലേം: സാമൂഹമാധ്യമങ്ങളില്‍ നിന്ന് ഫലസ്തീനോട് അനുഭാവം പുലര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും സെന്‍സര്‍ ചെയ്യപ്പെടാന്‍ ഇസ്രഈലി പൗരന്മാര്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രഈല്‍ ജനസംഖ്യയുടെ 59 ശതമാനത്തോളം വരുന്ന ജനങ്ങളും ലോകം ഫലസ്തീനോട് കാണിക്കുന്ന അനുഭാവത്തില്‍ അതൃപ്തരാണെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

72 ശതമാനത്തോളം വരുന്ന ഇസ്രഈലി ജനത യുദ്ധവുമായി ബന്ധപ്പെട്ട സമുഹമാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന യുദ്ധത്തിന്റെ ചിത്രങ്ങളും വീഡിയോകളും സെന്‍സര്‍ ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

അതേസമയം മെയ് മാസത്തില്‍ പ്യൂ നടത്തിയ മറ്റൊരു സര്‍വ്വെയില്‍ 40 ശതമാനത്തോളം വരുന്ന ഇസ്രഈലികളും ഗസയുടെ അധികാരം ഇസ്രഈല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ഇസ്രഈല്‍ സൈന്യം നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് നടക്കുന്ന യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ യുദ്ധശ്രമങ്ങളെ അനുകൂലിക്കുന്ന ഒട്ടനവധി പേര്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരോധിക്കണമെന്നാണ് ഇവരില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

അടുത്തിടെ യുദ്ധവുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പങ്ക് വെച്ച 12ലധികം ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാഷിംങ്ടണ്‍ആസ്ഥാനമാക്കി പ്രര്‍ത്തിക്കുന്ന സ്വതന്ത്ര അമേരിക്കന്‍ തിങ്ക് ടാങ്കാണ് പ്യൂ. ഇവര്‍ അമേരിക്കയിലേയും മറ്റ് രാജ്യങ്ങളിലേയും പ്രധാന സാമൂഹിക പ്രശ്‌നങ്ങള്‍, പൊതുജനാഭിപ്രായം, ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തുന്നു. പൊതുജനാഭിപ്രായം, വോട്ടെടുപ്പ് , ജനസംഖ്യാപരമായ ഗവേഷണം, സാമ്പിള്‍ സര്‍വേ, വിശകലനം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്.

കഴിഞ്ഞ ദിവസം ഇതിന് സമാനമായി ഗസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളെ മുഴുവനായി ഉന്മൂലനം ചെയ്യണമെന്ന് ഇസ്രഈലി പോഡ്കാസ്റ്റേഴ്‌സ് ആയ നാര്‍ മെനിംഗര്‍, എയ്റ്റന്‍ വെയ്ന്‍സ്റ്റൈന്‍ എന്നിവര്‍ അവരുടെ പോഡ്കാസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയ പോഡ്കാസ്റ്റിലെ ഏതാനും ഭാഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാക്കളുടെ പരാമര്‍ശം വിവാദമായത്.

എന്നാല്‍ ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 42,000 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഫിലാഡല്‍ഫിയ ഇടനാഴിയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പൂര്‍ണമായും പിന്മാറാതെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കില്ലെന്ന് ഹമാസും അറിയിച്ചിരുന്നു.

Content Highlight: Israeli citizens want to censor pro-Palestinian content from social media; Report