World News
ഹമാസ് ലൈംഗികാതിക്രമം നടത്തിയെന്ന് യു.എൻ റിപ്പോർട്ട്; രക്ഷാ സമിതിയിൽ ചർച്ചയില്ലാത്തതിൽ പ്രതിഷേധിച്ച് അംബാസിഡറെ തിരികെ വിളിച്ച് ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 05, 09:22 am
Tuesday, 5th March 2024, 2:52 pm

ടെൽ അവീവ്: ഹമാസുമായി ബന്ധപ്പെട്ട് ഉയർന്ന ബലാത്സംഗ ആരോപണങ്ങളിൽ യു.എൻ രക്ഷാ സമിതിയിൽ വിചാരണ നടത്താൻ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വിസമ്മതിച്ചതിനെ തുടർന്ന് തങ്ങളുടെ യു.എൻ അംബാസിഡറെ തിരിച്ചുവിളിച്ച് ഇസ്രഈൽ.

ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ഹമാസ് നടത്തിയ അക്രമണങ്ങൾക്കിടയിൽ ലൈംഗിക അതിക്രമവും നടന്നിട്ടുണ്ടെന്ന് യു.എന്നിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഹമാസും കൂട്ടാളികളും ഒക്ടോബർ ഏഴിന് നടത്തിയ പീഡനങ്ങൾ സംബന്ധിച്ച ഗുരുതര സ്വഭാവമുള്ള യു.എൻ റിപ്പോർട്ട് പുറത്തുവന്നിട്ടും നിശബ്ദത പാലിക്കുന്ന പശ്ചാത്തലത്തിൽ യു.എൻ അംബാസിഡർ ഗിലാഡ് എർദാനെ തിരികെ വിളിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു.

റിപ്പോർട്ട് രക്ഷാ സമിതിയിൽ കൊണ്ടുവരുന്നതിലും ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിലും പരാജയപ്പെട്ട ഗുട്ടറസിനെതിരെയും അദ്ദേഹം വിമർശനം ഉയർത്തി.

ഇസ്രഈലികൾക്കെതിരെ ഹമാസ് ലൈംഗിക പീഡനം നടത്തിയെന്ന ആരോപണങ്ങൾ വിശ്വസനീയമാണെന്ന് ലൈംഗിക ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ പ്രതിനിധി പ്രമീള പറ്റൻ റിപ്പോർട്ട് നൽകിയിരുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഇസ്രഈലിലും വെസ്റ്റ് ബാങ്കിലും പ്രമീള പറ്റൻ ഒമ്പത് പേരടങ്ങുന്ന സംഘവുമായി എത്തിയിരുന്നു.

ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ സ്ത്രീകളിലും കുട്ടികളിലും ചിലർ ലൈംഗിക ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്നതിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറ്റൻ പറഞ്ഞത്‌.

അതേസമയം ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. അതിക്രമം നേരിട്ടെന്ന് ആരോപിക്കുന്നവരെയൊന്നും തങ്ങൾ നേരിൽ കണ്ടില്ലെന്നും ഇസ്രഈലി സ്ഥാപനങ്ങളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും മോചിപ്പിക്കപ്പെട്ട ബന്ദികളിൽ നിന്നുമാണ് വിവരം ശേഖരിച്ചതെന്നും പറ്റൻ പറഞ്ഞു.

ഹമാസിന്റെ ആക്രമണം നടന്ന പ്രദേശത്ത് നിന്ന് കൈകൾ ബന്ധിച്ച നിലയിൽ നഗ്നമായ ശവശരീരങ്ങൾ ലഭിച്ചുവെന്നും ഒരു ബോംബ് ഷെൽട്ടറിന് പുറത്തുനിന്ന് ഒരു സ്ത്രീ ബലാത്സംഗത്തിനിരയായി എന്ന് യു.എൻ ടീം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് ആരോപണങ്ങളെങ്കിലും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതായും പറ്റൻ കൂട്ടിച്ചേർത്തു.

അതേസമയം, ഗുട്ടറസ് പറ്റനിന്റെ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്നുണ്ടെന്നും റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ എന്തെങ്കിലും ചെയ്തു എന്ന് പറയുന്നത് തെറ്റാണെന്നും യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

അവസാനം ഹമാസ് നടത്തിയ ലൈംഗിക അതിക്രമങ്ങൾ അംഗീകരിക്കുവാൻ യു.എന്നിന് അഞ്ചുമാസത്തെ സമയം വേണ്ടിവന്നു എന്ന് തിരിച്ചു വിളിക്കപ്പെട്ട അംബാസിഡർ എർദാൻ കുറ്റപ്പെടുത്തി.

Content Highlight: Israel recalls UN ambassador in row over Hamas rape allegations