World News
ഗസയിലെ 400 പേരുടെ കൂട്ടക്കുരുതി ഇസ്രഈല്‍ നടപ്പിലാക്കിയത് അമേരിക്കയുടെ അറിവോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 19, 02:52 am
Wednesday, 19th March 2025, 8:22 am

വാഷിങ്ടണ്‍: ഗസയില്‍ 400ല്‍ അധികം ആളുകളുടെ ജീവനെടുത്ത ഇസ്രഈലിന്റെ വ്യോമാക്രമണം നടന്നത് അമേരിക്കയുടെ അറിവോടെയെന്ന് ഇസ്രഈല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിച്ച് ആക്രമണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഈ വിവരം ഇസ്രഈല്‍ അമേരിക്കയെ അറിയിച്ചിരുന്നു. വൈറ്റ് ഹൗസ് സെക്രട്ടറിയായ കരോലിന്‍ ലീവിറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗസയുടെ വിവിധ ഭാഗങ്ങളായ ഗസ സിറ്റി, ഡെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലായി നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമായിരുന്നു ഇത്. എന്നാല്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രഈലിന്റെ വിശദീകരണം.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസയില്‍ ആക്രമണം പുനരാരംഭിക്കാന്‍ കാരണം ഹമാസാണെന്ന ഇസ്രഈലിന്റെ വാദത്തെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ തുടക്കം മുതല്‍ ഇസ്രഈലിന് പിന്തുണയ്ക്കുന്ന നിലപാടുകളാണ് അമേരിക്ക സ്വീകരിച്ചിരുന്നതും.

കൂടുതല്‍ ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറാകാത്തതാണ് വെടിനിര്‍ത്തല്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഇസ്രഈലിന്റെ വാദത്തിനൊപ്പമാണ് യു.എസ് നിലകൊള്ളുന്നത്. കൂടാതെ കരാറില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഇസ്രഈലിന് പിന്മാറാമെന്നും ട്രംപ് നിലപാട് എടുത്തിരുന്നു.

രണ്ടാഴ്ച മുമ്പ് മാര്‍ച്ച് ഒന്നിനാണ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചത്. രണ്ടാം ഘട്ടത്തിനായി ഗസയില്‍ തടവിലാക്കപ്പെട്ട 59 ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രഈലും ഹമാസും തമ്മില്‍ ആഴ്ചകളായി ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

യു.എസ് പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടും ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതാണ് കരാര്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആരോപിക്കുന്നത്. എന്നാല്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മുമ്പായി കൂടുതല്‍ ബന്ദികളെ വിട്ടയക്കണമെന്ന നിബന്ധന ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇത് മറച്ച് വെച്ചാണ് ഇസ്രഈലും യു.എസും വ്യാജ പ്രചാരണം നടത്തുന്നത്.

അതേസമയം ഗസ പിടിച്ചെടുത്ത് ജനങ്ങളെ ഫലസ്തീനികളെ നാടുകടത്തി മുനമ്പിനെ വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫലസ്തീനികളെ നാടുകടത്താനായി ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ അടക്കമുള്ളവരുമായി ഇസ്രഈലി, യു.എസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം പുനരാരംഭിച്ചതില്‍ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് അടക്കം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് തുര്‍ക്കി ആവര്‍ത്തിച്ചപ്പോള്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഫ്രാന്‍സും ഇസ്രഈലിനോട് ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ സൈനിക നടപടി പുനരാരംഭിക്കുമെന്ന് നെതന്യാഹു നേരത്തെ തന്നെ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യ പടിയെന്നോണം ഈ മാസം ആദ്യം, ഹമാസിനെ സമ്മര്‍ദത്തിലാക്കാന്‍ ഗസയിലേക്കുള്ള എല്ലാ ഭക്ഷണ, സഹായ വിതരണങ്ങളും ഇസ്രഈല്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Content Highlight: Israel committed massacre in Gaza with the knowledge of the US