കുവൈറ്റിനെ കൈയ്യിലാക്കിയ സദ്ദാം ഹുസൈന്‍; 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍
World News
കുവൈറ്റിനെ കൈയ്യിലാക്കിയ സദ്ദാം ഹുസൈന്‍; 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍
അഭിനന്ദ് ബി.സി
Sunday, 2nd August 2020, 5:38 pm

1990 ആഗസ്റ്റ് 2 ന് സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ കുവൈറ്റിലേക്ക് ഇറാഖി സൈന്യം നടത്തിയ അധിനിവേശത്തിന് 30 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഏഴ് മാസം നീണ്ടു നിന്ന ആദ്യ ഗള്‍ഫ് യുദ്ധത്തിലേക്ക് നയിച്ച ഈ സംഭവം 30 വര്‍ഷങ്ങള്‍ക്കിപ്പുറം നോക്കുമ്പോള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ പ്രതിധ്വനികള്‍ ഇപ്പോഴും നിലനിലനില്‍ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ വേരോട്ടത്തിന്റെയും ഇറാഖ് എന്ന രാജ്യം 30 വര്‍ഷങ്ങള്‍ക്കിപ്പുറവും നേരിടുന്ന പ്രതിസന്ധികളുടെയും അടയാളമായി ഈ സംഭവം അവശേഷിക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് സദ്ദാം ഹുസൈന്‍  നടത്തിയ കുവൈറ്റ് അധിനിവേശം ഏഴ് മാസമാണ് നീണ്ടു നിന്നത്. എന്നാല്‍ ഇറാഖിനെ സംബന്ധിച്ചിടത്തോളം ആദ്യ ഗള്‍ഫ് യുദ്ധത്തിനു ശേഷം അവര്‍ കടന്നത് തകര്‍ച്ചയിലേക്കാണ്.

കുവൈറ്റും ഇറാഖും

ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ ഇറാഖിനൊപ്പം നില്‍ക്കുകയും ഇറാഖിന് ധനസഹായം നല്‍കുകയും ചെയ്ത രാജ്യമായിരുന്നു കുവൈറ്റ്. എന്നാല്‍ യുദ്ധം അവസാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ അകലാന്‍ തുടങ്ങി. യുദ്ധ സമയത്ത് നല്‍കിയ കടം തിരികെ നല്‍കണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ യുദ്ധ ശേഷം ഇത്തരമൊരു കടം വീട്ടലിന് ഇറാഖ് പര്യാപ്ത്മായിരുന്നില്ല. ഇറാനെ പ്രതിരോധിക്കേണ്ടത് കുവൈറ്റിന്റെ കൂടെ ആവശ്യമായിരുന്നെന്നും കടം തള്ളണമെന്നും ഇറാഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനനുകൂല നയം കുവൈറ്റ് സ്വീകരിച്ചില്ല. ഇതിനിടെ എണ്ണ ഉല്‍പാദനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഇരു രാജ്യങ്ങളും തമ്മില്‍ ഇടഞ്ഞു.

ഇതിനു ശേഷമാണ് കുവൈറ്റ് കൈയ്യടക്കാന്‍ സദ്ദാം ഹുസൈന്‍ നീക്കം നടത്തിയത്. എണ്ണ സമ്പന്നമായ കുവൈറ്റിനെ സ്വന്തമാക്കുന്നതിലൂടെ ഇറാനുമായുള്ള യുദ്ധത്തില്‍ വന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാവുമെന്നും സദ്ദാം ഹുസൈന്‍ കണക്കു കൂട്ടിയിരുന്നു.

സദ്ദാം ഹുസൈന്‍ അയച്ച സൈന്യവുമായി കിടപിടിക്കാന്‍ കഴിയാതിരുന്ന കുവൈറ്റ് സൈന്യത്തിന് തോല്‍വി സമ്മതിക്കേണ്ടി. വന്നു. കുവൈറ്റിന്റെ തലസ്ഥാന നഗരം ഇറാഖ് സൈന്യം കൈക്കലാക്കി. അന്നത്തെ കുവൈറ്റ് അമിര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബയ്ക്കും കുടുംബത്തിനും മറ്റ് ഔദ്യോഗിക ഉദ്യോഗസ്ഥര്‍ക്കും സൗദി അറേബ്യയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. ഇറാഖിന്റെ 19 ാം പ്രവിശ്യയായി കുവൈറ്റിനെ സദ്ദാം ഹുസൈന്‍ പ്രഖ്യാപിച്ചു. ലോകത്തിന്റെ എണ്ണ ശേഖരത്തിന്റെ 20 ശതമാനമാണ് കുവൈറ്റ് കൈയ്യിലായതോടെ ഇറാഖ് നേടിയത്.

എന്നാല്‍ സദ്ദാം ഹുസൈന്റെ നീക്കം പെട്ടന്നു തന്നെ വിവാദമാവുകയും വിഷയത്തില്‍ ഐക്യരാഷട്ര സഭ രംഗത്തെത്തുകയും ചെയ്തു. ആഗസ്റ്റ് ആറിന് ഇറാഖിന് മേല്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വിലക്കുകള്‍ ചുമത്തി.

1991 ജനുവരി 15 നുള്ളില്‍ കുവൈറ്റില്‍ നിന്നും പിന്‍മാറണമെന്ന് യു.എന്‍ ഇറാഖിന് മുന്നറിയിപ്പും നല്‍കി. പിന്‍മാറാത്ത പക്ഷം ഇറാഖിനെ ആക്രമിക്കാനുള്ള പ്രമേയം യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പാസാക്കുകയും ചെയ്തു. സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇറാഖിനെതിരെ രംഗത്തെത്തി. എന്നാല്‍ കുവൈറ്റില്‍ നിന്നും പിന്‍മാറാന്‍ സദ്ദാം ഹുസൈന്‍ തയ്യാറായില്ല.

അങ്ങനെ ഗള്‍ഫ് യുദ്ധത്തിലേക്ക് മേഖല കടന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ 34 രാജ്യങ്ങളുടെ സൈന്യം ഇറാഖിനെതിരെ അണി നിരന്നു. (1991 ജനുവരി 17) 7 ലക്ഷത്തോളം സൈനികരാണ് ഇറാഖിനെതിരെ അണിനിരന്നത്. സൗദി അറേബ്യയെ സംരക്ഷിക്കുകയും കുവൈറ്റിനെ സ്വതന്ത്രമാക്കാനുമെന്നാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഓപ്പറേഷനെ വിശേഷിപ്പിച്ചത്.

ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം എന്ന പേരില്‍ ഗള്‍ഫ് യുദ്ധം അതിന്റെ രണ്ടാഘട്ടത്തിലെത്തി. അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ എയര്‍ക്രാഫറ്റുകളില്‍ ഇറാഖി സൈന്യത്തിനെതിരെ ബോംബുകള്‍ വര്‍ഷിച്ചു. അമേരിക്ക, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, ബ്രിട്ടന്‍ തുടങ്ങിയവയുടെ സഖ്യ സൈന്യം നടത്തിയ ഈ ആക്രമണം അമേരിക്കന്‍ വാര്‍ത്താ ചാനലായ സി.എന്‍.എന്നില്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.

ഇതിനിടയില്‍ ഇറാഖിനെതിരെയുള്ള അറബ് രാജ്യങ്ങളുടെ ഐക്യം തകര്‍ക്കാന്‍ സദ്ദാം ഹുസൈന്‍ ശ്രമിച്ചിരുന്നു. യുദ്ധത്തിനിടയില്‍ ഇസ്രഈലിലേക്ക് ഇറാഖി സൈന്യം മിസൈല്‍ ആക്രമണം നടത്തി. പ്രകോപിതരാവുന്ന ഇസ്രഈല്‍ ഈ യുദ്ധ രംഗത്തെത്തുകയും ഇസ്രഈലിന്റെ വരവ് യുദ്ധമുഖത്ത് അറബ് രാജ്യങ്ങളുടെ ഒരുമ ഇല്ലാതാക്കുമെന്നും സദ്ദാം കരുതി. എന്നാല്‍ സംഘര്‍ഷത്തില്‍ ഇസ്രഈല്‍ പങ്കാളിയായില്ല. അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇസ്രഈല്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ സഖ്യ ആക്രമണത്തോട് ചെറുത്തു നില്‍ക്കാന്‍ ഇറാഖിനായില്ല. 43 ദിവസം നീണ്ട ആക്രണത്തിനൊടുവില്‍ 1991 ഫെബ്രുവരി 27 ന് കുവൈറ്റില്‍ നിന്നും ഇറാഖി സൈന്യം പിന്‍മാറി. യുദ്ധത്തില്‍ 25000 ത്തോളം ഇറാഖി സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. 75000 സൈനികര്‍ക്ക് പരിക്കേറ്റു.

യുദ്ധ ശേഷം ഇറാഖ് പതനത്തിലേക്കാണ് കാലു കുത്തിയത്. ഇറാനുമായുള്ള യുദ്ധത്തിനു ശേഷം നടന്ന ഗള്‍ഫ് യുദ്ധത്തിലെ തോല്‍വി ഇറാഖിനെ സാമ്പത്തികമായി, സൈനികപരമായി, രാഷട്രീയപരമായി പിടിച്ചുലച്ചു. ഇതിനിടയില്‍ യു.എന്‍ പ്രഖ്യാപിച്ച വിലക്കുകള്‍ ഇറാഖി ജനതയുട ജീവിതം ദുസ്സഹമാക്കി. വിലക്കിനു ശേഷം ഇറാഖി ദിനാറിന്റെ മൂല്യം ഡോളറിന് 3000 ദിനാറായി കുറഞ്ഞു. അതിനു മുമ്പ് ഇറാഖി ദിനാറിന്റെ മൂല്യം 3 യു.എസ് ഡോളറിന് തുല്യമായിരുന്നു. രാജ്യത്ത് പട്ടിണി വ്യാപിച്ചു. ഒരു ഭാഗത്ത് ഇറാനും മറുഭാഗത്തുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ ഇറാഖ് ഒറ്റപ്പെട്ടു. 2010 ല്‍ മാത്രമാണ് ഇറാഖിനു മേലുള്ള അവസാന വിലക്കും യു.എന്‍ എടുത്തു കളഞ്ഞത്.

ഗള്‍ഫ് യുദ്ധത്തിനു ശേഷം ഇറാഖ് തുടരെ സംഘര്‍ഷ ഭൂമിയായി. മൂന്ന് വര്‍ഷം നീണ്ടു നിന്ന ഐ.എസ് ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘട്ടനങ്ങളില്‍ പെട്ട് ഇറാഖ് പിന്നീടുള്ള വര്‍ഷങ്ങളില്‍ വീണ്ടും രക്ത കലുഷിതമായി.

വേരൂന്നിയ അമേരിക്കന്‍ സാന്നിധ്യം, സംഘര്‍ഷങ്ങള്‍ പടി പടിയായി

ഗള്‍ഫ് യുദ്ധത്തിനു ശേഷം പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കൂടുതല്‍ വേരൂന്നി. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇഴയടുപ്പം കൂട്ടാന്‍ അമേരിക്കയെ ഗള്‍ഫ് യുദ്ധം സഹായിച്ചു. എന്നാല്‍ സൗദിയെയും കുവൈറ്റിനെയും സംരക്ഷിക്കുക എന്നതിലുപരി ഗള്‍ഫ് യുദ്ധത്തിലെ അമേരിക്കന്‍ സാന്നിധ്യത്തിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.

സദ്ദാം ഹുസെന്റെ നീക്കം ഗള്‍ഫ് മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റം അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് മുന്നില്‍ കണ്ടിരുന്നു. കുവൈറ്റിനെ കൈക്കലാക്കിയ ഇറാഖ് അടുത്തതായി സൗദി അറേബ്യയെയും മറ്റ് ജി.സി.സി രാജ്യങ്ങളെയും ആക്രമിക്കാനിടയുണ്ട്. മേഖലയിലെ എണ്ണ വിപണിയില്‍ അമേരിക്കയുടെ സ്വാധീനത്തിന് വലിയ തിരിച്ചടിയായി ഇത് മാറും.

‘ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ശേഖരത്തിന്റെ നിയന്ത്രണം സദ്ദാം ഹുസൈന്റെ കൈയ്യിലെത്തിയാല്‍ നമ്മുടെ തൊഴിലുകള്‍ക്കും സ്വാതന്ത്രത്തിനും നമ്മുടെ സൗഹൃദ രാജ്യങ്ങളുടെ സ്വാതന്ത്രത്തിനും ദോഷമാവും,’ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞ വാക്കുകളാണിത്. യുദ്ധത്തിലെ ആയുധകച്ചവടത്തിലൂടെ വന്‍ ലാഭവും അമേരിക്കക്കുണ്ടായിട്ടുണ്ട്. 2003 ല്‍ ഇറാഖിലേക്ക് നടത്തിയ സൈനിക നീക്കത്തിന് ആദ്യ ഗള്‍ഫ് യുദ്ധത്തിലെ വിജയം അമേരിക്കക്ക് കൈമുതലായിരുന്നു.

കുവൈറ്റിനെ സംബന്ധിച്ചിടത്തോളം ഇറാഖുമായുള്ള യുദ്ധത്തില്‍ തങ്ങളുടെ നിരവധി പൗരന്‍മാര്‍ കൊലചെയ്യപ്പെട്ടു. രാജ്യത്തെ എണ്ണക്കിണറുകള്‍ ഇറാഖ് സൈന്യം നശിപ്പിച്ചിരുന്നു.നിരവധി കുവൈറ്റ് ജനങ്ങള്‍ക്ക് 1990 ല്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്നിരുന്നു.

എന്നാല്‍ ഇറാഖ് തകര്‍ച്ചയിലേക്ക് പോയപ്പോള്‍ കുവൈറ്റിനെ സംബന്ധിച്ചടിത്തോളം ജി.സിസി രാജ്യങ്ങളുടെ പിന്തുണ കാരണം കുവൈറ്റിന് ്കര കയറാന്‍ സാധിച്ചു. പാലായനം ചെയ്ത് കുവൈറ്റ് അമീര്‍ സൗദിയില്‍ നിന്നും തിരിച്ചെത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ മുറിവ് ഉണക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. 2018 ല്‍ ഇറാഖിനെ സഹായിക്കാനായി നടന്ന ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് കുവൈറ്റാണ്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.