ഇറാനി നവതരംഗ സംവിധായകൻ ദാരിയുഷ് മെഹർജുയിയും പങ്കാളിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ടെഹ്റാൻ: പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും പങ്കാളിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ ഇരുവരെയും വസതിയിൽ കണ്ടെത്തിയതായി ജുഡീഷ്യൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഇറാൻ വാർത്താ മാധ്യമമായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.
പിതാവിനെ സന്ദർശിക്കാനെത്തിയ മെഹർജുയിയുടെ മകൾ മോന മെഹർജുയിയാണ് കുത്തേറ്റുമരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചില്ലെന്നും അധികൃതർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ആഴ്ചകളിൽ സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ കൊലപാതക ഭീഷണി നേരിടുന്നതയായി മെഹർജുയിയുടെ പങ്കാളി വഹീദ മൊഹമ്മദിഫർ പരാതിപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
1970കളിൽ ഇറാനി നവതരംഗതിന് തുടക്കമിട്ടവരിൽ പ്രധാനിയാണ് മെഹർജുയി. റിയലിസം സിനിമകളിലായിരുന്നു അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2015ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി അദ്ദേഹത്തെ സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.
ചിക്കാഗോ രാജ്യാന്തര മേളയിലെ സിൽവർ ഹ്യൂഗോ ഉൾപ്പെടെ നിരവധി മേളകളിൽ അദ്ദേഹം പുരസ്‌കാരങ്ങൾ നേടിയിരുന്നു.
Content Highlight: Iranian New wave film director, wife found stabbed to death at home; report