ടെഹ്‌റാന്‍: ബ്രിട്ടീഷ് പതാക വഹിച്ച ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതിനു പിന്നാലെ യു.കെയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇറാനും യു.കെയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര രാഷ്ട്രീയ ശക്തികളെ യു.കെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നാണ് ഇറാന്‍ മുന്നറിയിപ്പു നല്‍കുന്നത്. ഈ മേഖലയില്‍ ഇത്രയും സങ്കീര്‍ണമായ ഒരു അവസ്ഥയില്‍ ഇത്തരമൊരു പ്രകോപനം അപകടകരമാണെന്നും ബ്രിട്ടനിലെ ഇറാന്‍ സ്ഥാനപതി ഹാമിദ് ബെയ്ദിനജാദ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
‘എന്നിരുന്നാലും ഇറാന്‍ ഏത് പ്രതിസന്ധി നേരിടാനും തയ്യാറാണ്.’ എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അന്താരാഷ്ട്ര ജലനിയമങ്ങള്‍ പാലിക്കാത്തതിനാലാണ് ടാങ്കര്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ വിശദീകരണം.
ഒരു അപകടവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതെന്ന ഇറാന്റെ വാദം ബ്രിട്ടന്‍ തള്ളിയിട്ടുണ്ട്. സുപ്രധാന എണ്ണ വ്യാപാര വഴിയായ സ്‌ട്രൈറ്റ് ഓഫ് ഹോര്‍മസ് വഴിയുള്ള യാത്ര കപ്പലുകള്‍ ഉപേക്ഷിക്കണമെന്നും ബ്രിട്ടന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു ഇറാനിയന്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം. മത്സ്യബന്ധന ബോട്ട് അപകടം നടന്നെന്ന് സൂചന നല്‍കിയെങ്കിലും ബ്രിട്ടീഷ് കപ്പല്‍ പ്രതികരിച്ചില്ലെന്നാണ് ആരോപണം. ഇതോടെയാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കപ്പലും അതിലെ 23 ജീവനക്കാരും പോര്‍ട്ടില്‍ തുടരും. ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരും അഞ്ചുപേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
IRGC releases a video of the moment that their forces seized #British #tanker #StenaImpero in #StraitOfHormuz. #Iran #IRGC #UnitedKingdom pic.twitter.com/29Q11mgzFP
— Press TV (@PressTV) July 20, 2019