പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനികരെ തീവ്രവാദികളായി പ്രഖ്യാപിച്ച് നിയമം പാസാക്കി ഇറാൻ
World News
പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനികരെ തീവ്രവാദികളായി പ്രഖ്യാപിച്ച് നിയമം പാസാക്കി ഇറാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 8:52 pm

ലണ്ടൻ: പശ്ചിമേഷ്യയിൽ ക്യാമ്പ് ചെയ്തിട്ടുള്ള അമേരിക്കൻ സൈനികരെയാകെ തീവ്രവാദികളായി പ്രഖ്യാപിച്ച് നിയമം പാസാക്കി ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. പ്രഖ്യാപനത്തിൽ അമേരിക്കൻ സർക്കാരിനെ ഭീകരവാദത്തിന്റെ സ്പോൺസറെന്നും റൂഹാനി വിശേഷിപ്പിച്ചു. കഴിഞ്ഞയാഴ്ച്ച, ഇറാന്റെ സൈനിക വിഭാഗമായ ‘റിവല്യൂഷനറി ഗാർഡ്സി’നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീകരവാദികളെന്ന് മുദ്രകുത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണമാണ് ഇറാന്റെ ഈ നീക്കം.

ഇറാന്റെ ഇന്റലിജൻസ്, വിദേശകാര്യ മന്ത്രാലയങ്ങളോടും, സായുധ സേനയോടും, പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിനോടും ഈ നിയമം നടപ്പിൽ വരുത്താൻ ഹസ്സൻ റൂഹാനി ആവശ്യപെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിലും അഫ്‌ഗാനിസ്ഥാനിലും സൈനിക ഇടപെടലുകൾ നടത്തുന്ന അമേരിക്കയുടെ സെൻട്രൽ കമാൻഡിനെയാണ്(സെന്റ്കോം) പ്രധാനമായും ഇറാൻ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചത്. ഇതിന് മുൻപ് തന്നെ ഇറാന്റെ സൈനിക വിഭാഗത്തെ യു.എസ്. തീവ്രവാദികളെന്ന് മുദ്രകുത്തിയിരുന്നു. എന്നാൽ സേനയെ ആകമാനം യു.എസ് ഈവിധത്തിൽ ഭീകരവാദികളാകുന്നത് ഇതാദ്യമാണ്.

125,000 സൈനികരാണ് റിവല്യൂഷനറി ഗാർഡ്സിന്റെ ഭാഗമായുള്ളത്. ഇറാന്റെ കരസേന, വ്യോമസേന, നാവികസേന വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല ഇറാന്റെ സമാന്തര സൈനിക വിഭാഗമായ ‘ബാസിജി’നേയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളെയും നിയന്ത്രിക്കുന്നതും റിവല്യൂഷനറി ഗാർഡ്സാണ്. ഇറാന്റെ വിദേശത്തെ നിഴൽ യുദ്ധങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ‘ഖുദ്സ്’ സേനയും റിവല്യൂഷനറി ഗാർഡ്സിന്റെ നിയന്ത്രണത്തിലാണ്.

ഏറെനാളായി തുടരുന്ന അമേരിക്ക-ഇറാൻ വിരോധം മൂർച്ഛിക്കുന്നത് കഴിഞ്ഞ മേയിലാണ്. 2015ൽ ഇറാൻ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളുമായി അമേരിക്ക ആണവകരാറിൽ ഒപ്പ് വെച്ചിരിക്കുന്നു. എന്നാൽ ഇറാനുമായുള്ള കരാറിൽ നിന്ന് അമേരിക്ക പിന്നീട് പിന്മാറി. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്.

പശ്ചിമേഷ്യയിലുള്ള യു.എസ്. സൈനിക ക്യാമ്പുകളും വിമാനവാഹിനി കപ്പലുകളും തങ്ങളുടെ മിസൈലുകളുടെ പരിധിയിൽ വരുന്നതാണെന്ന് റിവല്യൂഷനറി ഗാർഡ്സ് ഇതിനു മുൻപ് പലപ്പോഴും പ്രസ്താവിച്ചിരുന്നു. അതുപോലെ, യു.എസ് ഉപരോധം കാര്യമാക്കാതെ തങ്ങൾ ക്രൂഡ് ഓയിൽ കയറ്റുമതി തുടരുമെന്ന് ഇറാൻ ഭരണകൂടവും വ്യക്തമാക്കിയിരുന്നു. തങ്ങളുടെ എണ്ണ കയറ്റുമതി പൂജ്യത്തിൽ എത്തിക്കാനുള്ള അമേരിക്കൻ ശ്രമം വിജയിക്കില്ലെന്നും ഇറാൻ പറഞ്ഞു.