ടെഹ്‌റാന്‍: ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ഇസ്രഈല്‍ ആണെന്ന് ഇറാന്‍ പറയുന്നു. ഈ വിവാദങ്ങള്‍ തുടരുന്നതിനിടെ ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ട ആണവശാസ്ത്രജ്ഞരുടെ വിവരങ്ങള്‍ ചര്‍ച്ചയാകുകയാണ്.
ഇറാനില്‍ ആണവശാസ്ത്രജ്ഞരായിരിക്കുക എന്നത് അപകടകരമായ കാര്യമായി തുടരുകയാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ മാത്രം നാല് ശാസ്ത്രജ്ഞരാണ് ബോംബാക്രമണത്തിലും വെടിയേറ്റും ഇറാനില്‍ കൊല്ലപ്പെട്ടത്.
ഇവര്‍ക്കു പുറമെ പലരെയും ഉന്നം വെക്കുകയും ചിലര്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഇറാന്റെ മിലിറ്ററി ആണവശാസ്ത്ര പദ്ധതിയുടെ ബുദ്ധി കേന്ദ്രമായ മൊഹ്‌സിന്‍ ഫക്രിസാദെയും ആ ലിസ്റ്റില്‍ പെടുകയായിരുന്നു.
ടെഹ്റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. കിഴക്കന്‍ ടെഹ്‌റാനിലെ പ്രാന്തപ്രദേശമായ അബ്‌സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്.
63 കാരനായ ഫക്രിസാദെ ഇറാന്‍ റെവല്യൂഷണരി ഗാര്‍ഡ് അംഗമായിരുന്നു. മിസെല്‍ നിര്‍മ്മാണത്തിലും വിദഗ്ധനായിരുന്നു. വെള്ളിയാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നില്ലെങ്കിലും ഇറാന്‍ ആധുനിക ശാസ്ത്രത്തിന്റെ സങ്കേതങ്ങള്‍ അറിയരുതെന്ന ആഗ്രഹിക്കുന്നവരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് രാജ്യത്തിന്റെ റിപ്പബ്ലിക്കന്‍ ഗാര്‍ഡുകള്‍ പറഞ്ഞിരുന്നു.
രണ്ടാംലോക മഹായുദ്ധകാലം മുതല്‍ ശീതയുദ്ധ കാലം വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ശാസ്ത്രജ്ഞന്മാര്‍ യുദ്ധത്തിന്റെ പ്രതീകമായി കൊല്ലപ്പെട്ട അനേകം സംഭവങ്ങള്‍ കാണാം. ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നാല് പ്രധാന ശാസ്ത്രജ്ഞര്‍ ഇവരാണ്.
മസൗദ് അലിമൊഹമ്മദി
ടെഹ്‌റാന്‍ സര്‍വ്വകലാശാലയിലെ പാര്‍ട്ടിക്കിള്‍ ഫിസിക്‌സിലെ പ്രൊഫസറായിരുന്ന മസൗദ് അലിമുഹമ്മദി 2010 ജനുവരിയിലാണ് കൊല്ലപ്പെട്ടത്. റിമോട്ട് നിയന്ത്രണത്തിലുള്ള ബോംബ് അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിളിനോട് ഘടിപ്പിച്ചായിരുന്നു മസൗദി അലിമുഹമ്മദിയെ കൊലപ്പെടുത്തിയത്.
ഈ സമയത്ത് ഇറാന്‍ സര്‍ക്കാരും അദ്ദേഹത്തിന്റെ സര്‍വ്വകലാശാലയിലെ സഹപ്രവര്‍ത്തകരും ഒരു പോലെ പറഞ്ഞിരുന്നത് രാജ്യത്തിന്റെ ആണവായുധ പദ്ധതിയുമായി മസൗദിന് ഒരു ബന്ധവുമില്ലെന്നായിരുന്നു.
രാഷ്ട്രീയപരമായി അദ്ദേഹത്തിന് ബന്ധമില്ലെന്ന് പലരും ആവര്‍ത്തിക്കുമ്പോഴും അലിമുഹമ്മദി ഇറാന്റെ മുന്‍ പ്രധാനമന്ത്രി മിര്‍ ഹുസൈന്‍ മൗസവിക്കെതിരായി മത്സരിച്ച പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിച്ചിരുന്നു.
ഇറാന്റെ മരണത്തിന് പിന്നാലെ ഇസ്രഈല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെന്ന സംശയത്തില്‍ നിരവധി പേരെ ഇറാനില്‍ കസ്റ്റഡിയിലെടുത്തിരുന്നു.
മാജിദ് ശാഹിരാരി
പതിനൊന്ന് മാസത്തിനുശേഷം രാജ്യത്തെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന് വേണ്ടി ഒരു സുപ്രധാന പദ്ധതിയുടെ മേല്‍നോട്ടം വഹിച്ച മാജിദ് ശാഹിരാരിയും കൊല്ലപ്പെട്ടിരുന്നു.
ഒരു മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍ ശാഹിരാരിയുടെ കാറിലേക്ക് ഒരു ബോംബ് വലിച്ചെറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്കും ഡ്രൈവര്‍ക്കും പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
ആക്രമണത്തിന് പിന്നില്‍ സയണിസ്റ്റ് ഭരണകൂടങ്ങളും പാശ്ചാത്യ സര്‍ക്കാരുകളുമാണെന്ന് അന്നത്തെ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയും ഇസ്രഈലും ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ ഇടപെടല്‍ നിഷേധിച്ചു.
അദ്ദേഹത്തിന്റെ തന്നെ സഹപ്രവര്‍ത്തകനായ ഫെറെയ്ദൂന്‍ അബ്ബാസിക്കു നേരെയും അതേദിവസം ആക്രമണം ഉണ്ടാകുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഡാരിയഷ് റെസഇനജാദ്
ഡാരിയഷ് റെസഇനജാദ് 2011 ലാണ് കൊല്ലപ്പെടുന്നത്. മോട്ടോര്‍ സൈക്കിളില്‍ തോക്കുമായെന്തിയ രണ്ടുപേര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും പരുക്കേറ്റു.
അദ്ദേഹം ഒരു ന്യൂക്ലിയര്‍ ഡിറ്റണേറ്ററില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇസ്രഈലിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം വടക്കന്‍ ടെഹ്‌റാനിലെ ഒരു ലാബില്‍ അദ്ദേഹം നിരന്തരം സന്ദര്‍ശനം നടത്തിയതായും സൂചനയുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ഇറാനിയന്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. കൊല്ലപ്പെട്ട ശാസ്ത്രജ്ഞന്‍ ഒരു അധ്യാപകന്‍ മാത്രമാണെന്നായിരുന്നു ഇറാന്‍ പറഞ്ഞത്.
മുസ്തഫ അഹമ്മദി റോഷന്‍
2012 ജനുവരിയിലാണ് മുസ്തഫ അഹമ്മദി റോഷന്‍ കൊല്ലപ്പെടുന്നത്. മോട്ടോര്‍ സൈക്കിള്‍ തന്നെയായിരുന്നു അദ്ദേഹത്തെ കൊലപെടുത്താനും ഉപയോഗിച്ചിരുന്നത്.
സഞ്ചരിച്ചിരുന്ന കാറിനോട് മാഗ്നറ്റിക്ക് ബോംബ് ഘടിപ്പിച്ചായിരുന്നു മൊസ്തഫ അഹമ്മദി റോഷനെയും ഡ്രൈവറേയും കൊലപ്പെടുത്തിയത്.
ടെഹ്‌റാനിലെ ഒരു സാങ്കേതിക സര്‍വ്വകലാശാലയിലെ പ്രൊഫസറായിരുന്നു റോഷന്‍. രണ്ടാമത്തെ പ്രധാന യുറാനിയം എന്റിച്ച്‌മെന്റ് സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇറാന്റെ ഉന്നത ആണവ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.