കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി സ്വദേശിനിയായ മജ്‌സിയ ബാനു പവര്‍ലിഫ്റ്റിങ് രംഗത്തേക്ക് ചുവടുവെച്ചിട്ട് വെറും ഒരു വര്‍ഷേമേ ആകുന്നുള്ളൂ. ആണ്‍കുട്ടികളുടെ മാത്രം കുത്തകയെന്ന് കരുതിപ്പോന്നിരുന്ന ഒരു മേഖലയിലേക്ക് എതിര്‍പ്പുകളെയൊക്കെ മറികടന്ന് തട്ടമിട്ടൊരു പെണ്‍കുട്ടി വളരെ ധൈര്യപൂര്‍വ്വം ഇറങ്ങിത്തിരിക്കുകയായിരുന്നു. പിന്നീടുള്ള ചെറുതും വലുതുമായ ഓരോ നേട്ടങ്ങളിലും ആ കുതിപ്പ് വെറുതെയായിരുന്നില്ല എന്നവള്‍ നിരന്തരം തെളിയിച്ചുകൊണ്ടേയിരുന്നു. പലര്‍ക്കും വര്‍ഷങ്ങളായുള്ള പരിശീലനത്തിലൂടെ മാത്രം നേടാന്‍ കഴിയുന്ന നിരവധി നേട്ടങ്ങള്‍ ഒരു പാഷന്‍ എന്ന നിലയില്‍ ഈ രംഗത്തേക്ക് കടന്നുവന്ന് ചെറിയ കാലംകൊണ്ടുതന്നെ സ്വന്തമാക്കാന്‍ മജ്‌സിയ ബാനു എന്ന ഇരുപത്തി മൂന്നുകാരിക്ക് കഴിഞ്ഞു.
ഇന്തോനേഷ്യയില്‍ വെച്ചു നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പോടെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യമറിയുന്ന കായികതാരമായി മാറി നാടിന്റെ അഭിമാനമായി മാറാനും മജ്‌സിയയ്ക്ക് കഴിയുകയുണ്ടായി. അന്ന് പതിനാല് രാജ്യക്കാരെ പിന്നിലാക്കിക്കൊണ്ട് വെള്ളിമെഡലുമായി മിന്നുന്ന നേട്ടം കരസ്ഥമാക്കിയത് പരിശീലനം തുടങ്ങി വെറും മൂന്നു മാസം മാത്രമുള്ളപ്പോഴാണെന്നതാണ് മജ്‌സിയ ബാനു എന്ന പവര്‍ലിഫ്റ്റിങ് താരത്തെ വ്യത്യസ്തമാക്കി നിര്‍ത്തുന്നതും.
കൃത്യമായ പരിശീലനവും ആത്മസമര്‍പ്പണമവുമുണ്ടെങ്കില്‍ തങ്ങളുടെ കഴിവുകളില്‍ എപ്പോള്‍ വേണമെങ്കിലും വിജയം നേടാമെന്നാണ് മജ്‌സിയ ബാനു തന്റെ നേട്ടത്തിലൂടെ തെളിയിച്ചിരിക്കുന്നത്. തന്റെ നേട്ടത്തെക്കുറിച്ച് മജ്‌സിയ സംസാരിക്കുന്നു
എങ്ങനെയായിരുന്നു ഈ മേഖലയിലേക്കുള്ള കടന്നുവരവ്?
ചെറുപ്പത്തിലേ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ള ആളായിരുന്നു ഞാന്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ നിരവധി അത്‌ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. അന്നേ ബോക്‌സിങ്, പവര്‍ലിഫ്റ്റിങ് തുടങ്ങിയവയോട് എനിക്ക് വളരെയധികം താല്‍പര്യം ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും സ്‌കൂള്‍ ഗെയിംസുകളില്‍ പവര്‍ ലിഫ്റ്റിങ്ങ് ഒരു ഇനമായി ഉള്‍പ്പെടുത്തിയിരുന്നില്ല.
അതുപോലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ ഒരു അംഗമായത് കൊണ്ടുതന്നെ ഇത്തരം മേഖലയില്‍ നമ്മളെ പ്രോത്സാഹിപ്പിക്കുകയില്ല എന്ന ഒരു തോന്നലും എന്നിലുണ്ടായി. അതുകൊണ്ടുതന്നെ അത്തരം ആഗ്രഹങ്ങളൊക്കെ തല്‍ക്കാലത്തേക്ക് സ്റ്റോപ് ചെയ്തുവെച്ച് ഞാന്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പ്ലസ്ടുവിന് ശേഷം ഞാന്‍ മാഹി ഡെന്റല്‍ കോളേജില്‍ ബി.ഡി.എസിന് ചേരുകയായിരുന്നു. അപ്പോഴും അവിടെയും സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.
ഇവിടെ പഠിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ വര്‍ഷം വെക്കേഷനിലേക്കാണ് ഈ നേട്ടങ്ങളുടെയൊക്കെ തുടക്കം. എന്റെ സഹോദരന്‍ അറിയപ്പെടുന്ന നല്ലൊരു നീന്തല്‍ക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അവന് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ നിരവധിയാളുകളുമായി നല്ല ബന്ധം ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പോയപ്പോഴാണ് അവിടെയുള്ള ബോക്‌സിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ടി.പി സുന്ദരന്‍ സാറുമായി സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്.
എനിക്ക് ബോക്‌സിങ് പോലുള്ളവയിലൊക്കെ താല്‍പര്യമുണ്ടെന്നും എനിക്ക് പരിശീലനം നടത്താനായി അവിടെ എന്തെങ്കിലും സജ്ജീകരണം ഉണ്ടോയെന്നും അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിരുന്നു. അങ്ങനെ അദ്ദേഹമാണ് എന്നോട് ജിമ്മില്‍ പരിശീലനം നടത്താനായി നിര്‍ദ്ദേശിക്കുന്നത്.
പരിശീലനവും ആദ്യ മത്സരവും?
സുന്ദരന്‍ സാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് തളിയിലുള്ള ഗോള്‍ഡസ് മള്‍ട്ടി ജിമ്മില്‍ ഞാന്‍ പരിശീലനത്തിനായി ചേരുകയായിരുന്നു. ചേര്‍ന്ന സമയത്താണ് രണ്ട് ആഴ്ച കഴിഞ്ഞ് നടക്കുന്ന ജില്ലാ തല പവര്‍ ലിഫ്റ്റിംങ്ങ് ച്യാമ്പ്യന്‍ഷിപ്പിനായി ആറ് പെണ്‍കുട്ടികള്‍ ഇതേ ജിമ്മില്‍ തയ്യാറെടുക്കുന്നത്. ഇവരുടെ കോച്ചായ അനില്‍ കുമാര്‍ സാറാണ് എന്നോട് പവര്‍ ലിഫ്റ്റിങ് ട്രൈ ചെയ്തു നോക്കുന്നോ എന്ന് ചോദിച്ചത്.
പണ്ടുമുതലേ ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് മടിച്ചുനില്‍ക്കാതെ ഞാനും പരിശീലനത്തിനായി ഇവരോടൊപ്പം ചേരുകയായിരുന്നു. പക്ഷേ പങ്കെടുത്തു നോക്കിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വെയിറ്റ് എനിക്ക് ഉയര്‍ത്താന്‍ പറ്റി. പിന്നീട് വളരെ പെട്ടെന്നുതന്നെ ഓരോ തവണയും ഉയര്‍ത്തുന്ന വെയിറ്റ് വര്‍ധിപ്പിച്ചു കൊണ്ടു വരാന്‍ എനിക്ക് കഴിഞ്ഞു.
കോഴിക്കോട് എസ്.കെ പൊറ്റക്കോട് ഹാളില്‍ വെച്ചു നടന്ന ജില്ലാതല ചാമ്പ്യന്‍ഷിപ്പായിരുന്നു എന്റെ കരിയറിലെ ആദ്യ മത്സരം. ഇതില്‍ 52 കിലോ എക്വിപ്പ്ഡ് പവര്‍ ലിഫ്റ്റിങില്‍ ഞാന്‍ സ്വര്‍ണ്ണമെഡല്‍ നേടി. പവര്‍ ലിഫ്റ്റിങ്ങില്‍ ഒരുപാട് ദൂരം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ഈ ഒരൊറ്റ ചാമ്പ്യന്‍ഷിപ്പിലൂടെ തന്നെ എനിക്ക് മനസസ്സിലാക്കാന്‍ കഴിഞ്ഞു. കാരണം ഒരുപാട് വര്‍ഷങ്ങളായി പവര്‍ലിഫ്റ്റിങ്ങില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരെ പിന്നിലാക്കിയാണ് ഈ മത്സരത്തില്‍ എനിക്ക് ഒന്നാംസ്ഥാനം ലഭിച്ചത്. അത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള ആത്മവിശ്വാസവും എനിക്ക് നല്‍കുകയുണ്ടായി.
ജില്ലാ തലത്തില്‍ ജേതാവായതോടെ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ എനിക്ക് സെലക്ഷന്‍ കിട്ടി. ഏകദേശം ഒരു മാസത്തിനു ശേഷം തിരുവനന്തപുരത്ത് വെച്ചായിരുന്നു സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പ്. അതുകൊണ്ടു തന്നെ ജില്ലാ മത്സരം കഴിഞ്ഞ് ഒരു മാസത്തോളം എനിക്ക് പരിശീലനത്തിനായി സമയം ലഭിച്ചിരുന്നു. ഈ സമയത്ത് ഞാന്‍ കോഴിക്കോട്ടെ തന്നെ ജയാ ജിമ്മിലേക്ക് എന്റെ പരിശീലനം മാറ്റിയിരുന്നു. അവിടുത്തെ ജയദാസ് സാറായിരുന്നു എന്റെ പരിശീലകന്‍.
സംസ്ഥാനതല മത്സരത്തില്‍, പങ്കെടുത്ത പത്ത് പേരില്‍ നിന്ന് സ്വര്‍ണ്ണ മെഡല്‍ നേടി ഞാന്‍ വീണ്ടും ഒന്നാമതെത്തി. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംസ്ഥാനതലത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കാരണം ഈ മേഖലയിലേക്ക് കടന്നുവന്ന് വെറും ഒരു മാസം കൊണ്ടാണ് സംസ്ഥാന ചാമ്പ്യന്‍ എന്ന വലിയൊരു നേട്ടം എനിക്ക് കൈവരിക്കാനായത്.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് പട്ടമാണോ നാഷണല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങളിലേക്കുള്ള വഴി തുറന്നത്?
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷില്‍ ഫസ്റ്റ്‌പ്രൈസ് കിട്ടി എന്നതുകൊണ്ടു മാത്രം എനിക്ക് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സെലക്ഷന്‍ കിട്ടണമെന്നില്ല. അതിന്റെ സെലക്ഷന്‍ പ്രോസസും എലിജിബിള്‍ ക്രൈറ്റീരിയയുമെല്ലാം വ്യത്യസ്തമാണ്. നാഷണല്‍ ലെവലില്‍ പങ്കെടുക്കണമെങ്കില്‍ ആദ്യം അവര്‍ നിശ്ചിയിക്കുന്ന ഒരു നിശ്ചിത വെയിറ്റില്‍ നമ്മള്‍ ക്വാളിഫൈ ചെയ്തിരിക്കണം. അതുകൊണ്ടുതന്നെ നാഷണല്‍ ലെവലില്‍ എനിക്ക് ക്വാളിഫൈയിങ് വെയിറ്റ് മറികടക്കാനായിരുന്നില്ല. കാരണം ഞാന്‍ ഈ ഫീല്‍ഡിലേക്ക് വന്നിട്ട് അന്ന് ഒന്നര മാസം ആവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ എനിക്ക് സെലക്ഷനും കിട്ടിയില്ല.
പിന്നീട് ഫിറ്റ്‌നസിനായി കൂടുതല്‍ പ്രാക്ടീസ് ചെയ്തു. ഭക്ഷണം നിയന്ത്രിച്ചു. പോഷക ആഹാരങ്ങളും പ്രോട്ടീന്‍ പൗഡറുകളും കഴിച്ചു. ദിവസവും രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഫിറ്റ്‌നസിനായി ജിമ്മില്‍ ചെലവിട്ടു.
തുടര്‍ന്ന് തൃശൂരില്‍ വെച്ച് നടന്ന ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ ഷിപ്പിലാണ് 60 കിലോ എന്ന നാഷണല്‍ ക്വാളിഫൈയിങ് വെയിറ്റ് റെക്കോര്‍ഡ് ഞാന്‍ മറികടക്കുന്നത്. അപ്പോഴാണ് ഒരാഴ്ച കഴിഞ്ഞ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ട്രയല്‍സ് ഉണ്ടെന്നറിയുന്നത്. അവിടെയും ഉണ്ട് കടമ്പ. ഈ മത്സരത്തില്‍ ഏഷ്യന്‍ ലെവലിലുള്ള ക്വാളിഫിക്കേഷന്‍ നേടണം. അതിനായി ഞാന്‍ വീണ്ടും ഹാര്‍ഡ്വര്‍ക്ക് ചെയ്തു. അങ്ങനെ കര്‍ണ്ണാടകയിലെ ദാവന്‍ഗരെയില്‍ വെച്ച് നടന്ന ഏഷ്യന്‍ ട്രയല്‍സും ക്വാളിഫൈ ചെയ്തു. എല്ലാ മത്സരങ്ങളും അടുത്തടുത്തായിരുന്നു നടന്നിരുന്നത്. മാക്‌സിമം ഒരു മാസത്തെ വ്യത്യാസം മാത്രമേ ഈ മത്സരങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.
ഇതിനിടയില്‍ തന്നെയാണ് കേരളത്തില്‍ അണ്‍ എക്വിപ്പിഡ് ച്യാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. അവിടേയും ഒരു കൈ നോക്കി. കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ നടന്ന 52 കിലോ അണ്‍ എക്വിപ്പിഡ് ച്യാമ്പ്യന്‍ഷിപ്പില്‍ ഫസ്റ്റടിച്ചു. അങ്ങനെ സ്‌ട്രോംങ് വുമണ്‍ ഓഫ് കോഴിക്കോട് ആയി. കൂടാതെ അണ്‍ എക്വിപ്പിഡ് പവര്‍ ലിഫ്റ്റില്‍ ദേശീയ തലത്തില്‍ ജമ്മു കാശ്മീരില്‍ സില്‍വര്‍ മെഡല്‍ നേടി. ഇതോടെയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള വഴി തുറന്നത്. പിന്നെ എല്ലാ ശ്രദ്ധയും ഏഷ്യന്‍ ച്യാമ്പ്യന്‍ഷിപ്പിലേക്കായിരുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറാന്‍ കഴിഞ്ഞു. ആദ്യ അന്താരാഷ്ട്ര മത്സരമെന്ന നിലയില്‍ ഈ ചാമ്പ്യന്‍ഷിപ്പിലെ വെല്ലുവിളികള്‍ എന്തൊക്കെ ആയിരുന്നു?
2017 മെയ് 2 ന് ഇന്തോനേഷ്യയില്‍ വെച്ചാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. പവര്‍ ലിഫ്റ്റിങ്ങില്‍ പരിശീലനം തുടങ്ങി വെറും മൂന്നു മാസം കഴിയുമ്പോഴാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര മത്സരമായതുകൊണ്ടുതന്നെ നല്ല ടഫ് കോംപറ്റീഷനായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ താരങ്ങള്‍. പലരും വളരെ ചെറുപ്പം മുതല്‍ തന്നെ പവര്‍ ലിഫ്റ്റിങ് രംഗത്തെത്തിയവര്‍. 52 കിലോ വിഭാഗത്തില്‍ ഞാനടക്കം 16 മത്സരാര്‍ഥികളാണുണ്ടായിരുന്നത്.
ഞാന്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ മത്സരം ആയിരുന്നതുകൊണ്ട് തന്നെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് മത്സരിച്ചത്. കടുപ്പമേറിയ മത്സരത്തിനൊടുവില്‍ 370 കിലോഗ്രാം ഉയര്‍ത്തി ഞാന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ക്യാമ്പില്‍ വളരെയധികം ആവേശം പകര്‍ന്നു.
ചെറിയ പോയന്റുകള്‍ക്കാണ് എനിക്ക് സ്വര്‍ണ്ണ മെഡല്‍ നഷ്ടമായത്. മൂന്നു ലെവലുകളിലായി ആകെ 372.5 കിലോ ഉയര്‍ത്തിയാണ് ഫിലിപ്പൈന്‍ സ്വദേശി ഗോള്‍ഡ് മെഡല്‍ നേടിയത്. 370 ആയിരുന്നു വെള്ളി മെഡല്‍ ജേതാവായ എന്റെ ടോട്ടല്‍. പക്ഷേ വേണ്ടത്ര പരിശീലനമില്ലാതിരുന്നിട്ടും ഇന്റര്‍ നാഷണല്‍ താരങ്ങളോട് മത്സരിച്ച് നന്നായി പെര്‍ഫോം ചെയ്യാനും വെള്ളി മെഡല്‍ നേടാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തന്നെ മഹാരാഷ്ട്ര സ്വദേശിക്കായിരുന്നു വെങ്കല മെഡല്‍.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ധരിച്ചതൊക്കെ അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയാവുകയുണ്ടായല്ലോ?..
അതെ. ലോകത്ത് ആദ്യമായാണ് ഹിജാബ് ധരിച്ച് ഒരു മുസ്ലിം പെണ്‍കുട്ടി പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇത് അവിടുത്തെ മാധ്യമങ്ങളിലൊക്കെ വന്‍ വാര്‍ത്തയാവുകയുണ്ടായി. ഹിജാബ് ധരിച്ച് ഭാരമുയര്‍ത്തിയ എന്റെ ചിത്രം സഹിതം അവര്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ എന്നെ അഭിനന്ദിക്കുകയുണ്ടായി. നമുക്ക് കഴിവുണ്ടെങ്കില്‍ ഒന്നും ഒരു തടസ്സമല്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഇന്ത്യയില്‍ത്തന്നെ പവര്‍ലിഫ്റ്റിങില്‍ ചാമ്പ്യനാകുന്ന ആദ്യത്തെ മുസ്ലിം പെണ്‍കുട്ടിയാണ് മജ്സിയ. ഒരു മുസ്ലിം പെണ്‍കുട്ടി ഇത്തരമൊരു മേഖലയിലേക്ക് വരുമ്പോള്‍ പല എതിര്‍പ്പുകളും നേരിട്ടേക്കാം. എന്തായിരുന്നു മജ്സിയയുടെ അനുഭവം?
ഏതു മതത്തിലുള്ള ആളായിക്കോട്ടെ, ഒരു പെണ്‍കുട്ടി ഇത്തരം ഒരു ഫീല്‍ഡിലേക്ക് പോകുമ്പോള്‍ തന്നെ പല തരത്തിലുള്ള എതിര്‍പ്പുകളും നേരിട്ടേക്കാം. ഇതൊന്നും ഒരു പെണ്‍കുട്ടികള്‍ക്ക് പറഞ്ഞ പണിയല്ലെന്ന് പറഞ്ഞ് പല കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും. അപ്പോള്‍ പിന്നെ ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വരുന്ന മുസ്ലിം ഗേളായ എനിക്ക് സ്വാഭാവികമായും പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. ഓട്ടവും ചാട്ടവുമൊന്നും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞ പണിയല്ലെന്ന് പറഞ്ഞ് ബന്ധുക്കളായിരുന്നു ആദ്യം മുതലേ എതിര്‍ത്തത്. കൂടെ നാട്ടുകാരും ഉണ്ടായിരുന്നു.
ഞാനിങ്ങനെ പരിശീലനത്തിന് പോവുന്നു, ജിമ്മില്‍ പോവുന്നു എന്നല്ലാതെ ഞാന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും മെഡലുകള്‍ വാങ്ങുന്നതൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് ഇന്റര്‍ നാഷണല്‍ മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയതോടെയാണ് ഞാന്‍ പരിശീലിച്ചതൊന്നും വെറുതെയല്ലെന്ന് പലരും തിരിച്ചറിയുന്നത്. ഇതോടെ പഴി പറഞ്ഞ ബന്ധുക്കളും നാട്ടുകാരുമൊക്കെ അഭിനന്ദിക്കുന്ന അവസ്ഥയായിരുന്നു. നമ്മളെ കുറ്റപ്പെടുത്തിയവര്‍ തന്നെ അംഗീകരിക്കുന്നു. ജീവിതത്തില്‍ വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
മജ്സിയയുടെ ആഗ്രഹങ്ങള്‍ക്ക് ആദ്യം മുതലേ കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവോ?
തീര്‍ച്ചയായും. ഞാനിന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് എന്റെ കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. പലരും വീട്ടുകാരെ പറഞ്ഞ് പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചുവെങ്കിലും അവര്‍ ധൈര്യപൂര്‍വ്വം എന്റെ ആഗ്രഹത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. ഉമ്മയും ഉപ്പയും സഹാദരനുമടങ്ങുന്നതാണ് എന്റെ കുടുംബം. ഇവര്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ശക്തിയും.
പരിശീലനം എന്നതിലുപരി ഒരു പവര്‍ ലിഫ്റ്റിങ് താരത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ നേരത്തേ പറഞ്ഞല്ലോ വെറും ഒരു വര്‍ഷം മുമ്പാണ് ഞാന്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. പക്ഷേ ചെറിയൊരു കാലയളവിനുള്ളില്‍ തന്നെ ഈ മേഖലയില്‍ എനിക്ക് നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. പലരും വര്‍ഷങ്ങളായി ഈ മേഖലയില്‍ പരിശീലനം നടത്തുന്നവരാണ്. അവര്‍ അച്ചീവ് ചെയ്തതൊക്കെയും അവരുടെ ഈ പ്രാക്ടീസിന്റെ റിസള്‍ട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്ട്രങ്ത്താണ് എനിക്ക് ഗുണകരമായിത്തീര്‍ന്നത്. എന്റെ കൂടെ ലിഫ്റ്റ് ചെയ്യുന്നവര്‍ ആറേഴു വര്‍ഷമായി ഈ ഫീല്‍ഡില്‍ത്തന്നെയുള്ളവരാണ്.
ഒരു വര്‍ഷംകൊണ്ട് ഞാന്‍ അവരെ ക്രോസ് ചെയ്തു എന്നു പറയുമ്പോള്‍ പരിശീലനത്തേക്കാളുപരി അത് തീര്‍ച്ചയായും എന്നിലുളള ഒരു സ്‌ട്രെങ്ത്ത് തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ക്ക് ആ ഒരു കരുത്ത് ഓള്‍റെഡി ഉണ്ടെങ്കില്‍ പരിശീലനത്തിലൂടെ എളുപ്പത്തില്‍ ജയം അച്ചീവ് ചെയ്യാവുന്നതാണ്. ഫിസിക്കലി ഫിറ്റായിരിക്കുക എന്നതാണ് ഇതിന് ഏറ്റവും വേണ്ടത്. അതിന് ചിട്ടയായ പരിശീലനങ്ങളും ഭക്ഷണക്രമവും പുലര്‍ത്തിപ്പോരണം. ന്യൂട്രീഷണല്‍ ഫുഡ്‌സ് ധാരാളം കഴിക്കണം.
ഞങ്ങളുടെ കൂട്ടത്തില്‍ സ്റ്റിറോയ്‌ഡൊക്കെ യൂസ് ചെയ്യുന്ന ഒരുപാട് ഗേള്‍സുണ്ട്. പക്ഷേ അവര്‍ക്ക് ഇന്റര്‍നാഷണല്‍ മത്സരത്തിലൊന്നും പങ്കെടുക്കാനാവില്ല. അവിടെയൊക്കെ ഡോപ് ടെസ്റ്റുകള്‍ ഉണ്ട്. ടെസ്റ്റില്‍ ഫെയില്‍ ആവുന്നതോടെ അവര്‍ ഡിസ്‌ക്വാളിഫൈ ചെയ്യപ്പെടും. അതുകൊണ്ട് തന്നെ പേടിച്ചിട്ട് പലരും ഇത്തരം മത്സരത്തില്‍ പങ്കെടുക്കാറുമില്ല. അതൊന്നും യൂസ് ചെയ്യാത്തതുകൊണ്ട് എനിക്ക് കോണ്‍ഫിഡന്റായി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും.
മത്സരങ്ങള്‍ക്കുള്ള വന്‍ ചിലവ് മൂലം നിരവധി പേര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഉപേക്ഷിക്കുന്ന വാര്‍ത്തകള്‍ വരാറുണ്ട്. ഇതിന്റെ ചിലവുകള്‍ നിങ്ങള്‍ സ്വന്തമായി വഹിക്കുകയാണോ ചെയ്യുന്നത്?
അതെ, ചിലവുകളൊക്കെ ഞങ്ങള്‍ സ്വന്തമായി വഹിക്കുകയാണ് ചെയ്യുന്നത്. ആദ്യമൊക്കെ നന്നായി ബുദ്ധിമുട്ടി. കാരണം ഞാന്‍ ഈ ഫീല്‍ഡിലേക്ക് പിച്ചവെച്ചിട്ടേ ഉള്ളൂ. അത്‌കൊണ്ട് തന്നെ സ്‌പോണ്‍സേഴ്സിനെ കിട്ടാനൊക്കെ വളരെ ബുദ്ധിമുട്ടി. നമ്മള്‍ കുറച്ചെങ്കിലും ഫെയ്മസ് ആയാല്‍ നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ പൈസ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളുകള്‍ തയ്യാറാവുകയുള്ളൂ. അതുകൊണ്ടുതന്നെ ആ സമയത്ത് ഞാന്‍ നല്ലോണം ബുദ്ധിമുട്ടിയിരുന്നു. മത്സരത്തിന് പോകാനായി എക്വിപ്പ്‌മെന്റ്‌സ് വാങ്ങാന്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചു. എല്ലാം യു.എസ്.എയില്‍ നിന്ന് വരുത്തിയതാണ്.
എക്വിപ്പിഡ് ഡ്രസ്, പ്രോട്ടീനുകള്‍, യാത്രാ ചിലവുകള്‍ അടക്കം ഇന്തോനേഷ്യയില്‍ വെച്ചു നടന്ന ചാമ്പ്യന്‍ഷിപ്പിന് ഏകദേശം നാലര ലക്ഷത്തോളം രൂപ എനിക്ക് ചെലവാകുകയുണ്ടായി. ഇതില്‍ രണ്ട് ലക്ഷമെന്നത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അടക്കേണ്ട തുക മാത്രമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പവര്‍ ലിഫ്റ്റിങ് അസോസിയേഷനില്‍ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയും, വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കുന്നതിന് 50,000 രൂപയും ആണ് ഇത്തരത്തില്‍ കെട്ടിവെക്കേണ്ടത്.
എങ്ങനെയെങ്കിലും പണം കണ്ടെത്തി എന്നെ മത്സരത്തിന് പറഞ്ഞയയ്ക്കുക എന്നതു മാത്രമായിരുന്നു എന്റെ കുടുംബത്തിന്റെ ലക്ഷ്യം. പിന്നീടങ്ങോട്ട് പണം കണ്ടെത്താനുള്ള നെട്ടോട്ടമായിരുന്നു. അതിനിടെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല ഇതെന്ന് പറഞ്ഞ് ബന്ധുക്കള്‍ പിന്തിരിപ്പിക്കാനും തുടങ്ങി. പരിശീലനത്തിനായി ചെലവിടേണ്ട സമയത്ത് പണം സംഘടിപ്പിക്കുന്നതിനായുള്ള ടെന്‍ഷനിലായിരുന്നു ഞാനും. അതിനുള്ള മുഴുവന്‍ പണവും എന്റെ കുടുംബവും പിന്നെ പിതാവിന്റെ സൂഹൃത്തുക്കളും മറ്റു ചിലരും ചേര്‍ന്ന് സംഘടിപ്പിക്കുകയായിരുന്നു. പിന്നീട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിങ് സൊസൈറ്റി, ഏറാമല സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും സപ്പോര്‍ട്ട് കിട്ടുകയുണ്ടായി.
അപ്പോള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കില്ലേ?
നമ്മള്‍ ഒരു അന്താരാഷ്ട്ര തലത്തില്‍ മത്സരത്തില്‍ പങ്കെടുത്താല്‍ മെഡല്‍ കിട്ടിയാലും ഇല്ലെങ്കിലും അതിന്റെ പകുതി ചെലവ് ഗവണ്‍മെന്റോ ബന്ധപ്പെട്ട അതോറിറ്റിയോ ആണ് വഹിക്കേണ്ടത്. പക്ഷേ എന്റെ കാര്യത്തില്‍ ഇതുവരെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. അതുവരെയുള്ള മത്സരങ്ങള്‍ക്കൊക്കെയും സ്വന്തമായി പണം കണ്ടെത്തി തന്നെയാണ് പോയത്. ഇനിയും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പലരും ഇതിന്റെ പിന്നാലെ വര്‍ഷങ്ങളോളം നടന്ന് പൈസ കിട്ടിയതായൊക്കെ പറയുന്നുണ്ട്..
എന്റെ കൂടെത്തന്നെ കേരളത്തില്‍ നിന്നുള്ള മറ്റൊരു കുട്ടിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. ഹെവി കാറ്റഗറിയില്‍ ആയിരുന്നു ആ കുട്ടി മത്സരിച്ചത്. എസ്.സി വിഭാഗമയിരുന്നതുകൊണ്ട് അവരുടെ മത്സരത്തിനുള്ള മുഴുവന്‍ ചിലവും ഗവണ്‍മെന്റ് വഹിച്ചിരുന്നു. ആ സമയത്ത് മുസ്ലിം മൈനോറിറ്റി ക്വാട്ടയില്‍ ഞാനും ഗവണ്‍മെന്റിന്റെ സഹായത്തിന് ശ്രമിച്ചിരുന്നു. ഞാന്‍ വിളിക്കാത്ത മന്ത്രിമാരുടെ ഓഫീസുകളില്ല. അയച്ച മെയിലുകള്‍ക്ക് കണക്കില്ല. പക്ഷേ എനിക്കിതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല. ഇതിന്റെ പിന്നില്‍ പൊളിറ്റിക്കലായിട്ടുള്ള പല കളികളും നടക്കുന്നുണ്ട്. നല്ല ഹാന്റുള്ളവര്‍ക്ക് മാത്രമേ സഹായങ്ങള്‍ കിട്ടുകയുള്ളൂ. അതിന്റെ പിന്നാലെ നടന്നിട്ട് നമ്മളെ വിലപ്പെട്ട സമയം വെറുതെ നഷ്ടപ്പെടുകയല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് പിന്നീട് ഞാന്‍ ആ ഭാഗമേ വിടുകയുണ്ടായി. എങ്ങനെയെങ്കിലും കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തം നിലയ്ക്കും സ്പോണ്‍സര്‍മാരെ സംഘടിപ്പിച്ചുമൊക്കെ ചാമ്പ്യന്‍ഷിപ്പിനായുള്ള പണം കണ്ടെത്തുകയാണ് ചെയ്യുന്നത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടുന്നവര്‍ക്ക് ഗവണ്‍മെന്റ് ക്യാഷ് റിവാര്‍ഡുകളൊക്കെ നല്‍കിവരുന്നുണ്ടല്ലോ?
അതെ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടുന്നവര്‍ക്ക് ഗവണ്‍മെന്റിന്റെ ക്യാഷ് റിവാര്‍ഡ് ഉണ്ടായിരിക്കും. നമ്മളുടെ നേട്ടമനുസരിച്ച് ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് കാറ്റഗറിയിലായി വ്യത്യസ്ത ക്യാഷ് അവാര്‍ഡുകളാണ് ലഭിക്കുക. പക്ഷേ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും എനിക്കിതുവരെ ഒരു റിവാര്‍ഡും ലഭിച്ചിട്ടില്ല. ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പവര്‍ലിഫ്റ്റിങ് മേഖലയില്‍ പൊതുവെ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കുറവാണോ?
പവര്‍ലിഫ്റ്റിങ്, ബോക്സിങ് പോലുള്ള മത്സരങ്ങള്‍ ആണ്‍കുട്ടികളുടെ മാത്രം കുത്തകയായിട്ടാണ് മിക്ക പേരും കരുതിപ്പോരുന്നത്. പക്ഷേ കേരളത്തെ എടുത്ത് നോക്കുകയാണെങ്കില്‍ ഈ രംഗങ്ങളിലൊക്കെയും കഴിവുള്ള ധാരാളം പെണ്‍കുട്ടികള്‍ ഉണ്ട്. എറണാകുളം മുതലങ്ങോട്ട് നിരവധി പേര്‍ ഈ മേഖലയില്‍ ഉണ്ട്. അതേസമയം മലബാര്‍ മേഖലയില്‍നിന്നുള്ളവര്‍ വളരെ കുറവാണ്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഇത് വളരെയധികം സ്ട്രെങ്ത് ആവശ്യമായി വരുന്ന ഒരു കായികയിനമല്ലേ. ഇതില്‍ മത്സരിക്കുന്ന പെണ്‍കുട്ടികള്‍ വളരെയധികം സ്ട്രെയിന്‍ അനുഭവിക്കേണ്ടിവരില്ലേ എന്നൊക്കെ. അങ്ങനെ പെണ്‍കുട്ടികള്‍ക്ക് മാത്രം കൂടുതല്‍ സ്‌ട്രെയിന്‍ എന്നൊന്നും ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത് കാറ്റഗറിയിലാണ് മത്സരങ്ങള്‍. ഓരോരുത്തരുടെയും ബോഡി വെയിറ്റനുസരിച്ച് വ്യത്യസ്ത കാറ്റഗറിയില്‍ ആണ് നമ്മള്‍ മത്സരത്തിനിറങ്ങുക. ഞാന്‍ മത്സരിക്കാറുള്ളത് 52 കിലോയിലാണ്. ഇതില്‍ മിക്‌സ്ഡ് കോപറ്റീഷന്‍ ഇല്ലല്ലോ. അപ്പോള്‍ പിന്നെ വേറെ ബുദ്ധിമുട്ടൊന്നും ഇല്ല. അതുകൊണ്ടു തന്നെ ഇത്തരം കായിക വിനോദങ്ങളൊക്കെയും ബോയ്സിന്റെ കുത്തകയാണെന്നത് നമ്മുടെ തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ആഗ്രഹവും കഴിവുമായി ഈ മേഖലയില്‍ മുന്നോട്ട് വരുന്നവര്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം.
അപ്പോള്‍ പവര്‍ ലിഫ്റ്റിങ്ങിനായി കേരളത്തില്‍ പരിശീന കേന്ദ്രങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലേ?
ഇല്ല എന്നു പറയാന്‍ കഴിയില്ല. തിരുവനന്തപുരത്തും മറ്റു ചില ജില്ലകളിലുമൊക്കെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കിവരുന്നുണ്ട്. പക്ഷേ അവയൊന്നും തന്നെ വേണ്ടത്ര എഫക്ടീവ് അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നാഷണല്‍ ലെവലില്‍ നോക്കുകയാണെങ്കില്‍ കേരള ടീം എന്നത് വളരെയധികം സ്‌ട്രോങ്ങാണ്. പക്ഷേ അത് പരിപോഷിപ്പിച്ചെടുക്കാനുള്ള ഒരു അക്കാദമിയോ കേന്ദ്രമോ നമ്മുടെ സംസ്ഥാനത്തിനില്ല. ഗവണ്‍മെന്റിന്റെ കണ്ണില്‍ പൊടിയിടാനായി വെറുതെ പ്രവര്‍ത്തിക്കുന്നവയാണ് ഈ പരിശീലന കേന്ദ്രങ്ങളൊക്കെയും.
ഞാന്‍ അടക്കമുള്ള നിരവധി താരങ്ങള്‍ സ്വന്തം നിലയില്‍ ജിമ്മുകളിലാണ് നിലവില്‍ പരിശീലനം നടത്തുന്നത്. ഇവിടങ്ങളിലൊക്കെയും വളരെ കൃത്യമായ പ്ലാനുകള്‍ക്കും ഷെഡ്യൂകള്‍ക്കുമസരിച്ചാണ് പരിശീലനം മുന്നോട്ടുകൊണ്ടുപോകുന്നത്. പക്ഷേ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്നത് വെറും തട്ടിക്കൂട്ടലുകള്‍ മാത്രമാണ്. മാത്രമല്ല നിലവാരമില്ലാത്ത കോച്ചുകളാണ് ഇത്തരം കേന്ദ്രങ്ങളിലൊക്കെയും പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. അതുകൊണ്ടു തന്നെ അവിടെ നിന്നും പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് അന്താരാഷ്ട്ര തലങ്ങളില്‍ മത്സരത്തിനിറങ്ങുമ്പോള്‍ വേണ്ടത്ര പെര്‍ഫോം ചെയ്യാന്‍ പറ്റാറില്ല പലപ്പോഴും.
കഴിവുള്ളവര്‍ക്ക് പരിശീലിക്കാനുള്ള മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതുമാത്രമാണ് ഇത്തരം അതോറിറ്റികളോട് എനിക്ക് പറയാനുള്ളത്. മാത്രമല്ല ഓരോ പ്ലയേര്‍സിനും മരുന്നടി പോലുള്ളവ കണ്ടെത്തുന്നതിനായി ഇവിടത്തന്നെ ഡോപ്ടെസ്റ്റുകള്‍ സംഘടിപ്പിക്കണം. അപ്പോള്‍ മാത്രമേ കഴിവും ഹാര്‍ഡ്വര്‍ക്ക് ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്കും മുന്നോട്ട് വരാന്‍ കഴിയുകയുള്ളൂ.
വെയ്റ്റ്‌ലിഫ്റ്റിങിനെ അപേക്ഷിച്ച് പവര്‍ലിഫ്റ്റിങ് കുറച്ചൂകൂടെ ബുദ്ധിമുട്ടാണെന്നാണ് പൊതുവെ പറയപ്പെടുന്നത്? ഇതു ശരിയാണോ?
അതെ. പവര്‍ ലിഫ്റ്റിങ് കുറച്ചുകൂടെ ടഫ് ആണ്. ഭാരം ഉയര്‍ത്തുക തന്നെയാണ് രണ്ടിലും ചെയ്യുന്നതെങ്കിലും പവര്‍ലിഫ്റ്റിങ് സ്‌ട്രെങ്ത് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പെടുന്ന ഒരു കായിക ഇനമായതുകൊണ്ട് തന്നെ നല്ല സ്ട്രെങ്ത്ത് ആന്റ് ഫിറ്റ് ബോഡി ഉണ്ടായിരിക്കണം. വെയ്റ്റ്‌ലിഫ്റ്റിങില്‍ റബ്ബര്‍ വെയിറ്റാണ് അവര്‍ ഉയര്‍ത്തുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അയേണ്‍ വെയിറ്റാണ് ഉയര്‍ത്തേണ്ടത്. അതുകൊണ്ടുതന്നെ നല്ല വെയിറ്റ് ഫീല്‍ ചെയ്യും. റബ്ബര്‍ വെയിറ്റ് ഉയര്‍ത്തുമ്പോള്‍ ബൗണ്‍സിങ്ങിലാണ് അവര്‍ ലിഫ്റ്റ് ചെയ്യുന്നത്. അപ്പോള്‍ അധികം ഭാരം തോന്നുകയില്ല. ഞങ്ങളെ സംബന്ധിച്ച് ഈ ബൗണ്‍സിങ്ങ് ഉണ്ടാവുകയില്ല. പിന്നെ ബെഞ്ച് പ്രസ് , സ്‌ക്വാറ്റ് , ഡെഡ് ലിഫ്റ്റ് എന്നിങ്ങനെ മൂന്നു റൗണ്ടുകളാണ് ഇതിലുള്ളത്. ഭാരമനുസരിച്ച് വിവിധ വിഭാഗങ്ങളിലായിട്ടാണ് മത്സരം. സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍, മാസ്റ്റെര്‍സ് എന്നിങ്ങനെ പ്രായമനുസരിച്ചും മത്സരങ്ങള്‍ നടക്കുന്നു.
ഒരു വര്‍ഷത്തിനിടെ ഈ ഫീല്‍ഡില്‍ നിന്നും എന്തെങ്കിലും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ?
അങ്ങനെ ദുരനുഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷേ ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വളരെയധികം വിഷമം തോന്നിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ വളരെയധികം ആഗ്രഹമുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ഞാന്‍ അടക്കമുള്ള നിരവധി പേര്‍ പോകാന്‍ തയ്യാറുമായിരുന്നു. പക്ഷേ മതിയായ ആളുകള്‍ ഇല്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ഫെഡറേഷന്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം പങ്കെടുത്തിരുന്നുവെങ്കില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഇപ്പോഴും വളരെയധികം വിഷമം ഉണ്ട്.
പിന്നെ കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌കൂള്‍ ഗെയിംസുകളില്‍ പവര്‍ ലിഫ്റ്റിങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ലെവലില്‍ നടന്ന രണ്ടു ചാമ്പ്യന്‍ഷിപ്പുകളിലും കേരളമാണ് ചാമ്പ്യന്മാര്‍. സ്‌കൂള്‍ ലെവലില്‍ത്തന്നെ ഇത് മത്സരയിനമായി കൊണ്ടുവരുന്നത് വളരെയധികം ഗുണം ചെയ്യും. നാഷണല്‍ ഗെയിംസിലും 2018 മുതല്‍ ഇത് ഒരു ഇനമായി കൊണ്ടുവരുന്നുണ്ട്.
നിലവില്‍ പലര്‍ലിഫ്റ്റിങ്ങില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് മാത്രമാണുള്ളത്. രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒളിമ്പിക്‌സിലും ഇത് മത്സരയിനമായി ഉള്‍പ്പെടുത്താന്‍ വളരെയധികം സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സ്‌കൂള്‍ ലെവലില്‍ നിന്നു തന്നെ നമ്മള്‍ കോംപീറ്റു ചെയ്തു തുടങ്ങിയാല്‍ അന്താരാഷ്ട്രതലത്തിലെത്തുമ്പോള്‍ അത് കൂടുതല്‍ ഗുണം ചെയ്യും.
ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ മജ്സിയയുടേതായുണ്ട്, അവയെക്കുറിച്ചൊന്നു പറയാമോ?
കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ച് നടന്ന ജില്ലാതല മത്സരത്തില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടായിരുന്നു ഞാന്‍ ഈ ഫീല്‍ഡില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് പങ്കെടുത്ത ഏതാണ്ടെല്ലാ മത്സരങ്ങളിലും എനിക്ക് മെഡല്‍ നേടാനായിട്ടുണ്ട്. ഫെബ്രുവരിയില്‍ ചേര്‍ത്തലയില്‍ വെച്ചു നടന്ന സംസ്ഥാന വനിതാ പുരുഷ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ എനിക്കായിരുന്നു ഫസ്റ്റ് പ്രൈസ്. മാര്‍ച്ചില്‍ ജമ്മുവില്‍ വെച്ചു നടന്ന നാഷണല്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടാനായി. ജൂണ്‍ 30 ന് കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പിലും കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫസ്റ്റ് ലഭിക്കുകയുണ്ടായി.
ഈ മത്സരത്തില്‍ തന്നെ സ്ട്രോങ്ങസ്റ്റ് വുമണായും ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഡിസംബറില്‍ കൊല്ലത്തുവെച്ചു നടന്ന കേരള ഇന്റര്‍ ക്ലബ് വുമണ്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും ഞാന്‍ തന്നെയായിരുന്നു ഫസ്റ്റ്. തുടര്‍ച്ചയായി രണ്ടു തവണ എന്നെയാണ് കാലിക്കറ്റിലെ സ്ട്രോങ്സ്റ്റ് വുമണായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മാത്രമല്ല അണ്‍ എക്വിപ്ഡ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തിലും സ്ട്രോങ്ങസ്റ്റ് വുമണായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
പവര്‍ലിഫ്റ്റിങിനോടൊപ്പം തന്നെ പഞ്ചഗുസ്തിയും ഞാന്‍ ട്രൈ ചെയ്യുകയുണ്ടായി. ദേശീയ വനിതാ പഞ്ചഗുസ്തി മത്സരത്തില്‍ എനിക്ക് നാലാംസ്ഥാനം കൈവരിക്കാനായിട്ടുണ്ട്.
ഏതൊക്കെയാണ് ഇനി വരാനിരിക്കുന്ന മത്സരങ്ങള്‍?
അടുത്ത് വരാനുള്ളത് ഇനി ഏഷ്യന്‍ ഗെയിംസിന്റെ ട്രയല്‍സുണ്ട്. പിന്നെ ആന്റമാന്‍ നിക്കോബാറില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ കപ്പുണ്ട്. അതില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ അതിന്റെ ഡേറ്റ് ഇതുവരെ ഡിക്‌ളയര്‍ ചെയ്തിട്ടില്ല. പക്ഷേ അതിന് വേണ്ടി കാത്തിരിക്കുകയാണ്. മറ്റു മത്സരങ്ങള്‍ക്കായും വെയിറ്റ് ചെയ്തിരിക്കുകയാണ്.
പവര്‍ലിഫ്റ്റിങിലെ നേട്ടങ്ങളോടൊപ്പംതന്നെ ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ് മജ്‌സിയ. അപ്പോള്‍ പഠനവും പരിശീലനവും എങ്ങനെ ഒരുമിച്ചു മുന്നോട്ടു പോകുന്നു?
ഒന്ന് എന്റെ കരിയറാണ്. മറ്റേത് എന്റെ പാഷനും. ഇപ്പോള്‍ ക്ലാസ് കഴിഞ്ഞ ശേഷം ഈവനിങ്ങാണ് ഞാന്‍ പരിശീലനത്തിനായി പോയിക്കൊണ്ടിരിക്കുന്നത്. ക്ലാസ് ഉള്ളതുകൊണ്ടുതന്നെ ദിവസവും കോഴിക്കോട് പോയി പരിശീലനം നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഈവനിങ്ങ് മുതല്‍ രാത്രി വരെ വടകരയിലുള്ള ഹാംസ്ട്രിങ് ഫിറ്റനെസ് സെന്ററിലാണിപ്പോള്‍ പരിശീലനം നടത്തുന്നത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതുകൊണ്ട് തന്നെ സൗജന്യമായാണ് അവിടെ എന്നെ പരിശീലിപ്പിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ കോഴിക്കോട് പോയും പരിശീലനം നടത്താറുണ്ട്.
പിന്നെ എടുത്തു പറയാനുള്ള മറ്റൊരു കാര്യമാണ് ചാമ്പ്യന്‍ഷിപ്പിന് പോകാന്‍ കോളേജിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന സപ്പോര്‍ട്ട്. ഒരു പ്രഫഷണല്‍ കോളേജായിരുന്നിട്ടുകൂടി എവിടെ മത്സരത്തിന് പോവാനും കോളേജിന്റെ ഭാഗത്തുനിന്നും തടസ്സങ്ങളൊന്നും തന്നെ ഉണ്ടാവാറില്ല. നല്ല സപ്പോര്‍ട്ടു തന്നെയാണ് കോളേജ് അധികൃതരില്‍ നിന്നും ധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതിനപ്പുറം എന്തൊക്കയാണ് മറ്റു ലക്ഷ്യങ്ങള്‍?
ഞാന്‍ ഈ രംഗത്ത് വെറും തുടക്കക്കാരി മാത്രമാണ്. ലോകം അറിയപ്പെടുന്ന ഒരു ഇന്റര്‍നാഷണല്‍ പവര്‍ലിഫ്റ്റിങ് താരമാവുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം. ഇതോടൊപ്പം തന്നെ എന്റെ കരിയറും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകണമെന്നാണ് ആഗ്രഹം. പിന്നെ കുട്ടികള്‍ക്കായി ഒരു പവര്‍ലിഫ്റ്റിങ് അക്കാദമി തുടങ്ങുക എന്നത് എന്റെ ഏറ്റവും വലിയൊരു സ്വപ്നമാണ്.