national news
വിമാനത്തില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍; രണ്ട് മാസത്തിനിടെ നാലാമത്തെ സംഭവം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 11, 03:32 pm
Monday, 11th September 2023, 9:02 pm

ഗുവാഹത്തി: മുംബൈ-ഗുവാഹത്തി ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയതിന് ശേഷം യാത്രക്കാരന്‍ സീറ്റിന്റെ ആംറെസ്റ്റ് ഉയര്‍ത്തി യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് വിമാനം ഗുവാഹത്തി എയര്‍പ്പോര്‍ട്ടില്‍ എത്തിയ ഉടനെ പൊലീസിന് കൈമാറിയെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

താന്‍ ഉറങ്ങുകയായിരുന്നെന്നും സഹയാത്രികന്‍ തന്നോട് അടുത്തിരിക്കുന്നത് കണ്ട് ഞെട്ടി ഉണരുകയായിരുന്നെന്നും യുവതി പറഞ്ഞു. സുരക്ഷയാലോചിച്ച് താന്‍ ഉറങ്ങുന്നത് പോലെ നടിച്ചുവെന്നും അയാള്‍ പോകുമെന്ന് പ്രതീക്ഷിച്ചെന്നും യുവതി പറഞ്ഞു. എന്നാല്‍ അയാള്‍ കൂടുതല്‍ അടുത്ത് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നെന്നാണ് പരാതി.

യുവതി ലോക്കല്‍ പൊലീസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അന്വേഷണത്തിന് തങ്ങള്‍ സഹായം നല്‍കുമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ വിമാനങ്ങളില്‍ കുറഞ്ഞത് നാല് ലൈംഗിക പീഡന കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഡല്‍ഹി-മുംബൈ സ്പൈസ് ജെറ്റ് വിമാനത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി ഉയര്‍ന്നിരുന്നു.

ഓഗസ്റ്റ് 16ന് ദല്‍ഹി-മുംബൈ സ്പൈസ് ജെറ്റ് വിമാനത്തില്‍ ലൈംഗികാതിക്രമം ആരോപിച്ച് പരാതിയുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പ്രതിയായ യാത്രക്കാരന്‍ ഒരു വനിതാ വിമാന ജീവനക്കാരിയുടെയും സഹയാത്രികയുടെയും  ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്.

Content Highlights: Indigo passenger gropes woman onboard Mumbai