Sports News
സ്‌ക്വാഡില്‍ മാത്രമല്ല ഇനി ടീമില്‍; രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി തിളങ്ങിയ അതേ റോളില്‍ ഇന്ത്യയ്ക്ക് വേണ്ടിയും തിളങ്ങാനൊരുങ്ങി സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 22, 01:38 pm
Friday, 22nd July 2022, 7:08 pm

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്റെ നേതൃത്വത്തിലിറങ്ങുന്ന ഇലവനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പറുടെ റോളിലാണ് സഞ്ജു എത്തുന്നത്. ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ഏകദിന ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ സഞ്ജു തന്റെ ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് കീപ്പറുടെ റോളിലാണ് തിളങ്ങാനൊരുങ്ങുന്നത്.

ക്യാപ്റ്റന്‍ ധവാനൊപ്പം ശുഭ്മന്‍ ഗില്ലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വണ്‍ ഡൗണായിട്ടാണ് ഇറങ്ങുന്നത്.

മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയുടെ കരുത്താവാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ തിളങ്ങിയ സഞ്ജു-ഹൂഡ ദ്വയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്.

ബൗളിങ് നിരയില്‍ ഷര്‍ദുല്‍ താക്കൂറും പ്രസിദ്ധ് കൃഷ്ണയും പേസിന് കരുത്താകുമ്പോള്‍ ചഹലും അക്‌സര്‍ പട്ടേലുമാണ് സ്പിന്നില്‍ കസറാനൊരുങ്ങുന്നത്.

വൈസ് ക്യാപ്റ്റനായിരുന്ന രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ജഡ്ഡുവിനെ പുറത്തിരുത്തിയത്.

അതേസമയം, ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്

 

വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാന്‍ഡന്‍ കിങ്, ഷമാര്‍ ബ്രൂക്‌സ്, കൈല്‍ മൈറിസ്, നിക്കോളാസ് പൂരന്‍, റോവ്മന്‍ പവല്‍, ആകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അല്‍സാരി ജോസഫ്, ഗുഡാകേശ് മോട്ടി, ജെയ്ഡന്‍ സീല്‍സ്

 

Content Highlight: India vs West Indies 1st ODI Team announced, Sanju Samson included as wicket keeper