ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളം നിറഞ്ഞാടിയത്. അഞ്ച് വിക്കറ്റുമായി കുല്‍ദീപ് യാദവ് തന്റെ കരിയറിലെ നാലാം ഫൈഫര്‍ നേടിയപ്പോള്‍ ആര്‍. അശ്വിന്‍ തന്റെ 100ാം മത്സരത്തില്‍ ഫോര്‍ഫറും നേടി. രവീന്ദ്ര ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ ഫൈഫര്‍ പൂര്‍ത്തിയാക്കിയതോടെ കരിയറില്‍ 50 ടെസ്റ്റ് വിക്കറ്റ് എന്ന നാഴികക്കല്ലും കുല്‍ദീപ് മറികടന്നിരുന്നു. നിലവില്‍ 51 ടെസ്റ്റ് വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.
എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടവും കുല്‍ദീപ് തന്റെ പേരില്‍ കുറിച്ചു.
ഇതിന് പുറമെ മറ്റൊരു ഐതിഹാസിക നേട്ടവും കുല്‍ദീപ് യാദവ് സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് മാത്രം ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍ എന്ന നേട്ടമാണ് ഇന്ത്യന്‍ ചൈനാമാന്‍ സ്പിന്നര്‍ സ്വന്തമാക്കിയത്. (മിക്‌സ്ഡ് ബൗളിങ് സ്റ്റൈലുകളെ പരിഗണിക്കാതെ).
സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം പോള്‍ ആദംസ് മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 134 വിക്കറ്റുകളാണ് പോള്‍ ആദംസ് തന്റെ പേരില്‍ കുറിച്ചത്.
അതേസമയം, ടെസ്റ്റിലെ 50 വിക്കറ്റ് നേട്ടത്തിന് പുറമെ മറ്റ് ചില റെക്കോഡുകളും താരത്തിന്റെ പേരിലെത്തി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചാമത് ഇന്ത്യന്‍ താരം എന്ന നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയത്.
ഏകദിനത്തില്‍ 168 വിക്കറ്റ് നേടിയ യാദവ് ടി-20യില്‍ 59 വിക്കറ്റും തന്റെ പേരില്‍ കുറിച്ചിരുന്നു.