സൗത്ത് ആഫ്രിക്കയെയും ഇംഗ്ലണ്ടിനെയും ഒരുമിച്ച് വീഴ്ത്തി ഇന്ത്യ; ചരിത്രമെഴുതി രോഹിത്തും പിള്ളേരും
Cricket
സൗത്ത് ആഫ്രിക്കയെയും ഇംഗ്ലണ്ടിനെയും ഒരുമിച്ച് വീഴ്ത്തി ഇന്ത്യ; ചരിത്രമെഴുതി രോഹിത്തും പിള്ളേരും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 1:12 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഏകദിനത്തിലും ടി-20യിലും ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീം എന്ന നേട്ടത്തിലേക്കാണ് ഇന്ത്യ കാലെടുത്തുവെച്ചത്. നാല് കിരീടങ്ങളാണ് ഇന്ത്യ നേടിയത്. 1983, 2011 എന്നീ വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പും 2007ന് ശേഷം ഇപ്പോള്‍ ടി-20 ലോകകപ്പും ഇന്ത്യ നേടിയതോടെയാണ് ഇന്ത്യ പുതിയ നേട്ടത്തിലേക്ക് നടന്നുകയറിയത്.

ഇതോടെ നാല് കിരീടങ്ങള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ റെക്കോഡിനൊപ്പമെത്താനും രോഹിത് ശര്‍മയ്ക്കും സംഘത്തിനും സാധിച്ചു. മൂന്ന് കിരീടങ്ങള്‍ നേടിയ ഇംഗ്ലണ്ടിനെ മറികടന്നുകൊണ്ടായിരുന്നു ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ടി-20യിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീം, കിരീടങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

ഓസ്‌ട്രേലിയ-7

വെസ്റ്റ് ഇന്‍ഡീസ്-4

ഇന്ത്യ-4

ഇംഗ്ലണ്ട്-4

പാകിസ്ഥാന്‍-3

ശ്രീലങ്ക-2

അതേസമയം 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒരു ഫോറും നാല് സിക്സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ഏഴ് റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

 

Content Highlight: India Great Achievement of Cricket