Cricket
തുടക്കം ഗംഭീരം! അരങ്ങേറ്റം ജയത്തോടെ തുടങ്ങി സജന; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 29, 03:13 am
Monday, 29th April 2024, 8:43 am

ഇന്ത്യ വുമണ്‍സും- ബംഗ്ലാദേശ് വുമണ്‍സും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശില്‍ നിന്ന് 44 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

സെയ്‌ഹെറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് ആണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിനെ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

മലയാളി സൂപ്പര്‍ താരം സജന സജീവന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്.

ഇന്ത്യന്‍ ബാറ്റിങ്ങില്‍ യാസ്തിക ഭാട്ടിയ 29 പന്തില്‍ 36 റണ്‍സും ഷഫാര്‍മ 22 പന്തില്‍ 31 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 22 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ റബെയ കാട്ടൂണ്‍ മൂന്നു വിക്കറ്റും മനുഫ അക്തര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ രേണുക സിങ് മൂന്ന് വിക്കറ്റും പൂജ വസ്ത്രാക്കര്‍ രണ്ട് വിക്കറ്റും പ്രിയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.

ബംഗ്ലാദേശ് ബാറ്റിംഗില്‍ ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന 48 പന്തില്‍ 51 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ. ഏപ്രില്‍ 30നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. സൈഹെറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: India beat Bangladesh in T20