അഫ്ഗാനിസ്ഥാനെ കുറിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുപോലെ ചിന്തിക്കുന്നു: തോമസ് നിക്ലാസന്‍
World News
അഫ്ഗാനിസ്ഥാനെ കുറിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുപോലെ ചിന്തിക്കുന്നു: തോമസ് നിക്ലാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th February 2023, 9:09 am

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി ഇടപടണമെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക സ്ഥാനപതി തോമസ് നിക്ലാസെന്‍. ഇന്ത്യാ സന്ദര്‍ശനത്തിനിടയിലാണ് അദ്ദേഹം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സൂചിപ്പിച്ചത്.

താലിബാന്‍ നടപ്പിലാക്കുന്ന സ്ത്രീ വിരുദ്ധതയും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തലുമെല്ലാം യൂറോപ്യന്‍ യൂണിയന് ആശങ്കയുളവാക്കുന്നതാണ്. അതുകൊണ്ട് കാബൂളിലെ യൂറോപ്യന്‍ യൂണിയന്റെ ഇടപെടലുകളില്‍ മാറ്റം വരുത്തണമെന്നും അഫ്ഗാന്‍ ജനതക്ക് കൂടുതല്‍ സഹായം ചെയ്യണമെന്ന് ആലോചിക്കുന്നുണ്ടെന്നും ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശത്തിനും വികസനത്തിനും വേണ്ടി എന്തെങ്കിലും താലിബാന്‍ ചെയ്തിരുന്നെങ്കില്‍ യൂറോപ്യന്‍ യൂണിയന് താലിബാനുമായി ക്രിയാത്മകമായ ബന്ധം കെട്ടിപ്പെടുക്കാന്‍ സാധിക്കുമായിരുന്നുവൈന്നും സാമ്പത്തികമായി സഹായം നല്‍കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുക, മാധ്യമപ്രവര്‍ത്തകരോട് നല്ല രീതിയില്‍ പെരുമാറുക, ഭരണഘടനാപരമായി ഇടപെടുക തുടങ്ങിയവ ചെയ്യുകയായിരുന്നെങ്കില്‍ താലിബാനുമായി നല്ല ബന്ധം സ്ഥാപിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പക്ഷെ വാസ്തവം എന്തെന്നാല്‍ ഇതൊന്നും അവര്‍ പരിഗണിക്കുന്നില്ല. ഫെബ്രുവരി 20ന് ബ്രസ്സല്‍സില്‍ വെച്ച് യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. അതിലെ പ്രധാന അജണ്ട സെപ്റ്റംബര്‍ മുതലുള്ള അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണമാണ്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും മനുഷ്യാവകാശം, ജനാധിപത്യം തുടങ്ങിയ കാര്യങ്ങളില്‍ ഒരുപോലെ തീരുമാനങ്ങളെടുക്കുന്നവരാണ്. അഫ്ഗാനിസ്ഥാനിലെ സംരംഭകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൗര സമൂഹം, വനിതകള്‍ എന്നിവരോടും താലിബാനോടും ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്’ നിക്ലാസന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും താലിബാന് ദോഹ അഗ്രിമെന്റ് പോലും പിന്തുടരാന്‍ സാധിക്കില്ലെന്നുമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight: India and Union think alike on Afghanistan: Thomas Niklason