Sports News
ചക്രവര്‍ത്തിയുടെ ഫൈഫര്‍ പാഴായി, ഇന്ത്യയ്ക്ക് നിരാശ; രണ്ട് തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 28, 05:07 pm
Tuesday, 28th January 2025, 10:37 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് പരാജയം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം പാളിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ ടീമിന് നഷ്ടമായി. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

വണ്‍ ഡൗണായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ ഒപ്പം കൂട്ടി ബെന്‍ ഡക്കറ്റ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പതിയെയെങ്കിലും ഇംഗ്ലണ്ടിന്റെ ടോട്ടലിലേക്ക് റണ്‍സുകള്‍ വന്നുകൊണ്ടിരുന്നു.

ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തിയ 74 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. ജോസ് ബട്‌ലറിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് താരം മടക്കി.

മികച്ച ക്യാച്ച് കൈപ്പിടിയിലൊതുക്കിയ സഞ്ജു ഡി.ആര്‍.എസിലൂടെ ബട്‌ലറിന്റെ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. 22 പന്തില്‍ 24 റണ്‍സ് നേടിയാണ് ബട്‌ലര്‍ മടങ്ങിയത്.

അധികം വൈകാതെ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. 28 പന്തില്‍ 51 റണ്‍സടിച്ചാണ് ഡക്കറ്റ് മടങ്ങിയത്.

പിന്നാലെയെത്തിയവരില്‍ ലിയാം ലിവിങ്സ്റ്റണ്‍ ഒഴികെ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കാണാന്‍ സാധിച്ചില്ല. 24 പന്ത് നേരിട്ട ലിവിങ്സ്റ്റണ്‍ 43 റണ്‍സ് നേടിയാണ് പുറത്തായത്. അഞ്ച് സിക്‌സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 171ലെത്തി.

അഞ്ച് വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫൈഫര്‍ നേടിയത്. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം സ്വന്തമാക്കിയാണ് സഞ്ജു തിരിച്ചുനടന്നത്. ജോഫ്രാ ആര്‍ച്ചറിനാണ് വിക്കറ്റ്.

വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവ് ഏഴ് റണ്‍സും അഭിഷേക് ശര്‍മ 24 റണ്‍സിനും പുറത്തായി.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായ തിലക് വര്‍മയ്ക്കും രാജ്‌കോട്ടില്‍ തിളങ്ങാനായില്ല. 14 പന്ത് നേരിട്ട താരം 18 റണ്‍സിന് പുറത്തായി.

35 പന്തില്‍ 40 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യ ചെറുത്തുനിന്നെങ്കിലും വിജയം ഏറെ അകലെയായിരുന്നു.

ഒടുവില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 145 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

ഇംഗ്ലണ്ടിനായി ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. ജോഫ്രാ ആര്‍ച്ചറും ബ്രൈഡന്‍ കാര്‍സും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആദില്‍ റഷീദും മാര്‍ക് വുഡും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പില്‍ തന്നെയാണ്.

ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: IND vs ENG 3rd T20I: England defeated India