മധുരസംഗീതമേ വിട തരൂ നീ..
Editorial
മധുരസംഗീതമേ വിട തരൂ നീ..
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2013, 2:59 pm

ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന ഈ വിപ്ലവകാരിയുടെ അന്ത്യയാത്രയില്‍ ഞങ്ങള്‍ നമ്രശിരസ്‌ക്കരാവുന്നു. മലയാളിയുടെ കലയ്ക്കും കലാപത്തിനും പിന്‍പാട്ടുപാടിയ, തുയിലുണര്‍ത്തുപാട്ടു പാടിയ ആ ധീരമനസ്സിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഞങ്ങള്‍ തരളഹൃദയരായി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.”  മധുരസംഗീതമേ വിട തരൂ നീ….”


k-raghavan-mastarline

എഡിറ്റോ-റിയല്‍ /  ബാബു ഭരദ്വാജ് line

Babu-bharadwaj-Edito-Realകെ രാഘവന്‍ മാസ്റ്റര്‍ ഗാനാവശേഷനായി. “എങ്ങിനെ നീ മറക്കും കുയിലേ എങ്ങിനെ നീ മറക്കും” എന്ന് കണ്ണീരോടെ പാടാനേ നമ്മള്‍ക്കിപ്പോള്‍ കഴിയൂ.

മലയാള ചലച്ചിത്ര ഗാനസംഗീതത്തിന്റെ പിതാവാണ് കെ രാഘവന്‍ മാസ്റ്റര്‍. ഒരര്‍ത്ഥത്തില്‍ ഇന്ത്യക്കാര്‍ക്ക് കഥപറച്ചിലിന്റെ മായാപ്രപഞ്ചം സൃഷ്ടിച്ചുകൊടുത്ത വ്യാസനെപ്പോലെ മലയാളിക്ക് സ്വന്തമായി ചലച്ചിത്ര ഗാനസംഗീതത്തിന്റെ വശ്യമധുരവും തരളസാന്ദ്രവുമായ ഭാവപ്രപഞ്ചം പണിതുകൊടുത്ത ചിരഞ്ജീവിയാണ് കെ രാഘവന്‍ മാസ്റ്റര്‍. വ്യാസനെപ്പോലെ രാഘവന്‍ മാസറ്ററും ജനിച്ചതും വളര്‍ന്നതും മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്.

1954 ന് മുന്‍പ് നമുക്ക് സ്വന്തമെന്ന് അവകാശപ്പെടാനും അഹങ്കരിക്കാനും കഴിയുന്ന ഒരു ചലച്ചിത്ര ഗാനസംഗീതം ഉണ്ടായിരുന്നില്ല, ഗാനസാഹിത്യവും ഉണ്ടായിരുന്നില്ല. ഹിന്ദിയിലെയും തമിഴിലേയും പാട്ടുകളുടെ വരിയൊപ്പിച്ച് സൃഷ്ടിച്ചെടുത്ത ഗാനസാഹിത്യവും സംഗീതവുമാണ് ഉണ്ടായിരുന്നത്. മലയാള സിനിമയിലെ എല്ലാ പാട്ടുകളും അക്കാലത്തെ പ്രസിദ്ധമായ ഹിന്ദി സിനിമകളുടേയും തമിഴ് സിനിമകളുടേയും പാട്ടുകളുടെ വികൃതമായ അനുകരണമായിരുന്നു.

അത്തരം ഈണങ്ങള്‍ക്ക് പുറത്തുള്ള ഒന്നിനേയും ഉള്‍ക്കൊള്ളാന്‍ മലയാളിക്ക് കഴിയുമായിരുന്നില്ല. മലയാളിക്ക് തനതായ നാടോടി ഗാനസാഹിത്യവും സ്വന്തമായ താളവും വാദനവും ഉണ്ടാകാതിരുന്നതുകൊണ്ടല്ല ഈ ദുര്യോഗം സംഭവിച്ചത്. അക്കാലത്തെ സിനിമകളിലെ നിലയവിദ്വാന്‍മാര്‍ക്ക് അതുള്‍ക്കൊള്ളാനുള്ള കഴിവോ തന്റേടമോ ഉണ്ടാകാതിരുന്നതുകൊണ്ടുകൂടിയാണ്.p-baskaran

ആ നിലക്ക് ” നീലക്കുയില്‍ എന്ന ആദ്യത്തെ തനി മലയാള സിനിമയിലെ ഗാനങ്ങളുടെ സാഹിത്യവും സംഗീതവും മലയാള സിനിമാഗാന സാഹിത്യ സംഗീതത്തിന്റെ ജാതകക്കുറിയായി മാറുകയാണുണ്ടായത്. ഈ വിപ്ലവകരമായ മാറ്റത്തിന്റെ കാരണഭൂതര്‍ കെ രാഘവന്‍ മാസ്റ്ററും പി ഭാസ്‌ക്കരനുമാണ്.

ഈ മാറ്റത്തിന് ഒരാളെ മാത്രം പുകഴ്ത്തുന്നത് ചരിത്രത്തോട് നമ്മള്‍ കാണിക്കുന്ന നീതികേടായതുകൊണ്ടാണ് ഇക്കാര്യം എടുത്ത് പറയേണ്ടി വരുന്നത്. പി ഭാസ്‌ക്കരന്‍ മലയാള മണ്ണിന്റേയും മലയാളി മനസ്സിന്റേയും മണവും ഗുണവും വൈകാരികഭാവങ്ങളും നിറഞ്ഞു തുളുമ്പുന്ന ഗാനങ്ങള്‍ എഴുതിയില്ലായിരുന്നെങ്കില്‍ കെ രാഘവന്‍ മാസ്റ്റര്‍ക്ക് നാടോടി ഗാനങ്ങളുടെ പൈംപാലമൃതുകൊണ്ട് സംഗീത സേവ നടത്താന്‍ കഴിയുമായിരുന്നില്ല.

രാമു കാര്യാട്ടും പി ഭാസ്‌ക്കരനും നീലക്കുയിലിന് വേണ്ടി ഈ തലശ്ശേരിക്കാരനെ കണ്ടെത്തിയെന്നതും പ്രധാനമാണ്.
അടുത്ത പേജില്‍ തുടരുന്നു


മാപ്പിളപ്പാട്ടെന്നൊരു ജീവന സംഗീത ശാഖ മലയാള സംഗീതത്തിനുണ്ടെന്ന് ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്തിയത് നീലക്കുയിലിലെ “കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി”യാണ്. ആ വളകിലുക്കത്തിന്റെ വശ്യതയാണ് അതിന് ശേഷം ഇന്നോളം മലയാള ചലച്ചിത്ര ഗാന സംഗീതത്തേയും സാഹിത്യത്തേയും ധന്യമാക്കിയത്. ഉഴപ്പാളികളുടെ ഉത്തമഗീതങ്ങളില്‍ നിന്നും ഉന്മത്തരാഗങ്ങളില്‍ നിന്നുമാണ് ചലച്ചിത്ര ഗാനസാഹിത്യവും സംഗീതവും ജനപ്രിയമായത്.


മലയാളിയുടെ തനതായ സംഗീതത്തിന്റെ പിറവിക്ക് ചരിത്രപരവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ഒട്ടേറെ വിവക്ഷകള്‍ ഉണ്ട്. നീലക്കുയിലിലെ ഗാനങ്ങള്‍ക്കെല്ലാം നാടോടി സംഗീതത്തിന്റേയും നാടന്‍ പാട്ടുകളുടേയും പുള്ളുവന്‍ പാട്ടുകളുടേയും വടക്കന്‍ പാട്ടുകളുടേയും മാപ്പിള പാട്ടുകളുടേയും രാഗകലവികളുടെ ഊര്‍ജ്ജവും ഉശിരും താരള്യവും ഉണ്ട്.

ചുരുക്കത്തില്‍ നൂറ്റാണ്ടുകളുകായി പാടത്തും പറമ്പിലും തെരുവിലും വീടുകളിലും ഉത്സവങ്ങളിലും ആഘോഷങ്ങളിലും പേരറിയാത്ത ആയിരക്കണക്കിന് നാടന്‍ പാട്ടുകാരും പാട്ടുകാരികളും പാടി വന്നിരുന്ന പാട്ടുകളുടെ ഇശലും ഈണവും ചേര്‍ന്നതായിരുന്നു നീലക്കുയിലിലെ പാട്ടുകള്‍. ഈ പാട്ടുകളിലോരോന്നിലും മലയാളിയുടെ ജീവനസംഗീതം നിറഞ്ഞുതുളുമ്പിയിരുന്നു.

മലയാളിയുടെ ജീവിതരീതികള്‍ക്കും ശൈലികള്‍ക്കും ആലംബമായ വിളംബവും മുറുക്കവും ഒഴുക്കും വഴുക്കും ഒക്കെ ഈ പാട്ടുകള്‍ക്കുണ്ടായിരുന്നു. ഇതിന് കാരണം അക്കാലത്തെ കടത്തനാട്ടിലേയും കുറുമ്പനാട്ടിലേയും കോലത്തുനാട്ടിലേയും അങ്ങനെ അറുപത്തിനാല് മലയാള നാടുകളിലേയും ജനജീവിതത്തിന്റെ താളവും താളപ്പിഴകളുമായിരുന്നു.k.t-muhammed

കെ രാഘവന്‍ മാസ്റ്റര്‍ കര്‍ണാടക സംഗീതം അഭ്യസിച്ചതിന് ശേഷമാണ് ഉത്സവപ്പറമ്പുകളിലും മറ്റ് പൊതുജനവേദികളിലും പാടാന്‍ തുടങ്ങിയത്. കെ ടി മുഹമ്മദ് മലയാള നാടകവേദിയില്‍ ഒരു കൊടുങ്കാറ്റായി ആളിപ്പടരുന്ന കാലത്താണ് രാഘവന്‍ മാസ്റ്റര്‍ നാടക ഗാനങ്ങളുടെ സംഗീതത്തിലേക്ക് തിരിയുന്നത്.

ചലച്ചിത്ര ഗാനങ്ങള്‍ക്കില്ലാത്ത രാഷ്ട്രീയം അക്കാലത്തെ നാടകഗാനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ആ ഗാനങ്ങളെല്ലാം തന്നെ ഒരു ചുവന്ന പുലരിയെ ഗര്‍ഭം ധരിച്ചിരുന്നു. ജനജീവിതത്തിന്റെ ഈ തിരയിളക്കങ്ങളെ ഭംഗിയായി ചലച്ചിത്രഗാത്രത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ രാഘവന്‍ മാസ്റ്റര്‍ക്കും പി ഭാസ്‌ക്കരനും കഴിഞ്ഞു എന്നതാണ് കാര്യം.

നീലക്കുയിലിലെ എല്ലാ ഗാനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സവിശേഷതയുണ്ടായിരുന്നവയാണ്. മാപ്പിളപ്പാട്ടെന്നൊരു ജീവന സംഗീത ശാഖ മലയാള സംഗീതത്തിനുണ്ടെന്ന് ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്തിയത് നീലക്കുയിലിലെ “കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി”യാണ്.

[]ആ വളകിലുക്കത്തിന്റെ വശ്യതയാണ് അതിന് ശേഷം ഇന്നോളം മലയാള ചലച്ചിത്ര ഗാന സംഗീതത്തേയും സാഹിത്യത്തേയും ധന്യമാക്കിയത്. ഉഴപ്പാളികളുടെ ഉത്തമഗീതങ്ങളില്‍ നിന്നും ഉന്മത്തരാഗങ്ങളില്‍ നിന്നുമാണ് ചലച്ചിത്ര ഗാനസാഹിത്യവും സംഗീതവും ജനപ്രിയമായത്.

അതിനൊരു പ്രധാന കാരണം രാഘവന്‍ മാസ്റ്റര്‍ അടക്കമുള്ള ആ കുലപതികളെല്ലാം പോരാടുന്നവരുടെ ചേരിയെ പാട്ടുപാടി ഉണര്‍ത്തിയവരാണെന്നതാണ്. പാട്ടുകാരനെ നാളെയുടെ ഗാട്ടുകാരനാക്കിയത് അവരാണ്.

ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന ഈ വിപ്ലവകാരിയുടെ അന്ത്യയാത്രയില്‍ ഞങ്ങള്‍ നമ്രശിരസ്‌ക്കരാവുന്നു.

മലയാളിയുടെ കലയ്ക്കും കലാപത്തിനും പിന്‍പാട്ടുപാടിയ, തുയിലുണര്‍ത്തുപാട്ടു പാടിയ ആ ധീരമനസ്സിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഞങ്ങള്‍ തരളഹൃദയരായി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

” പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ ഞാന്‍ പാടിയതില്ലല്ലോ എന്ന് രാഘവന്‍ മാഷിന് ഒരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല.

” മധുരസംഗീതമേ വിട തരൂ നീ….”