national news
ഇന്‍ഡോറില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം ആണ്‍കുട്ടിയെ നഗ്നനാക്കി ജയ് ശ്രീറാം വിളിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 14, 02:33 pm
Friday, 14th April 2023, 8:03 pm

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം ആണ്‍കുട്ടിയെ ജയ് ശ്രീറാം, പാകിസ്ഥാന്‍ മൂര്‍ദാബാദ് എന്ന് വിളിപ്പിച്ചതായി പരാതി.

ഇന്‍ഡോറിലെ സ്റ്റാര്‍ സ്‌ക്വയറില്‍ കളിച്ചുക്കൊണ്ടിരുന്ന പതിനൊന്ന് വയസുള്ള കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ മഹാലക്ഷ്മി നഗറിലെ തോടിനരികിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു. അവിടെ വെച്ച് ജയ് ശ്രീറാം, പാകിസ്ഥാന്‍ മൂര്‍ദാബാദ് എന്ന് വിളിച്ച് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

മൂവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

പൂര്‍ണ നഗ്നനാക്കിയതിന് ശേഷമാണ് കുട്ടിയെ ജയ് ശ്രീറാം വിളിക്കാന്‍ ഭീഷണിപ്പെടുത്തിയത്. പ്രതികള്‍  പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്. കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുന്നതും കുട്ടി കരയുന്നതും വീഡിയോയില്‍ കാണാം.

‘ഞങ്ങള്‍ ഹിന്ദുസ്ഥാനില്‍ താമസിക്കുന്നു, ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് മാത്രമേ ഞങ്ങള്‍ പറയുകയുള്ളൂ,’ എന്നും പറയാനും നിര്‍ബന്ധിക്കുന്നുണ്ട്.

കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 323 (ദേഹോപ്രദവം വരുത്തല്‍), 294 (പൊതിസ്ഥലത്തെ നഗ്നത പ്രദര്‍ശനം), 365 (തട്ടിക്കൊണ്ടുപോകല്‍), തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തത്.

എന്നാല്‍ മാതാപിതാക്കളുടെ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് വിട്ടയക്കുകയും കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.

content highlight: In Indore, a Muslim minor was stripped naked and summoned by Jai Shriram; Three people were arrested