മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യമാണ് മഹാ വികാസ് അഘാഡി സഖ്യത്തിനുണ്ടായിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍. ആശയപരമായി ശിവസേനയോട് യോജിക്കാനാകില്ലെങ്കിലും ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ മറ്റ് വഴികളില്ലായിരുന്നെന്നും ചവാന്‍ പറഞ്ഞു.
‘ഈ സര്‍ക്കാര്‍ രൂപീകരിച്ചത് അസാധാരണ സാഹചര്യത്തിലാണ്. അതിന് അതിന്റേതായ ഉദ്ദേശ്യങ്ങളുണ്ട്. ശിവസേനയുടെ ആശയവുമായി ഒരുതരത്തില്‍ ഒത്തുപോകാം, പക്ഷെ ബി.ജെ.പിയുമായി ഒരിക്കലും പറ്റില്ല,’ ചവാന്‍ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് മുഖ്യമന്ത്രി വേണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. നിലവില്‍ മഹാരാഷ്ട്രയില്‍ നാലാം സ്ഥാനത്താണ് പാര്‍ട്ടി. ആ പാര്‍ട്ടിയ്ക്ക് ഒന്നാമതെത്തണമെന്ന് ആഗ്രഹമുണ്ടാകില്ലേയെന്നും ചവാന്‍ ചോദിച്ചു.
ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ ചവാന്‍ സ്വാഗതം ചെയ്തു.
അതേസമയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ പറഞ്ഞിരുന്നു. ഈ സഖ്യം ഒരിക്കലും സ്ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. പാര്‍ട്ടികളാണ് മഹാ വികാസ് അഘഡിയിലുള്ളത്.
ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായിരുന്ന ശിവസേന, എം.വി.എ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.