ക്രിക്കറ്റ് ലോകം ഇംഗ്ലണ്ടിലേക്ക്; ലോകകപ്പ് ഉദ്ഘാടന മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍
ICC WORLD CUP 2019
ക്രിക്കറ്റ് ലോകം ഇംഗ്ലണ്ടിലേക്ക്; ലോകകപ്പ് ഉദ്ഘാടന മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2019, 9:56 am

ഓവല്‍: കാത്തിരിപ്പിന് വിരാമം, ക്രിക്കറ്റ് ആരാധകര്‍ ഇംഗ്ലണ്ടിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അമ്പതോവര്‍ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ട് കെന്നിംഗ്ടണ്‍ ഓവലില്‍ തുടക്കമാകും.

ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. ഇത് വരെ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ കഴിയാത്ത രണ്ട് ടീമുകളാണ് ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതലാണ് മത്സരം.ഐ.സി.സി ഏകദിന റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പ് റൗണ്ട് റോബിന്‍ലീഗ് ഫോര്‍മാറ്റിലാണ് അരങ്ങേറുന്നത്. പ്രാഥമിക റൗണ്ടില്‍ ഓരോടീമും പരസ്പരം ഒരുതവണ ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ സെമി ഫൈനലില്‍ എത്തും.

1992ന് ശേഷം ആദ്യമായാണ് റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റ് നടപ്പിലാക്കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ,ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്,പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍.ടീമുകള്‍ ഒന്നിനൊന്ന് മെച്ചം. ലോകകിരീടം സ്വന്തം പേരില്‍ കുറിക്കാന്‍ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്നവര്‍.

ആദ്യറൗണ്ടില്‍ ഒരോ ടീമിനും ഒമ്പത് കളികളാണുള്ളത്. അതില്‍ ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലേക്ക് മുന്നേറും. ലോര്‍ഡ്സിലെ ഫൈനലടക്കം 48 കളികളാണ് ആകെ ടൂര്‍ണമെന്റിലുള്ളത്.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തോടെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ യാത്രയ്ക്ക് തുടക്കമാകുക. ജൂലൈ 14-ന് ലോര്‍ഡ്സ് ഫൈനലിന് വേദിയാകും.