ബുംറയുടെ ബൗളിങ് നിയമവിരുദ്ധമാണ്; വിവാദ പ്രസ്താവനയുമായി ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ ഇയാന്‍ മോറിസ്‌
Sports News
ബുംറയുടെ ബൗളിങ് നിയമവിരുദ്ധമാണ്; വിവാദ പ്രസ്താവനയുമായി ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ ഇയാന്‍ മോറിസ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th December 2024, 10:43 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. പരമ്പരയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറകാഴ്ചവെച്ചത്. 21 വിക്കറ്റുകളാണ് ഇതുവരെ പരമ്പരയില്‍ താരം സ്വന്തമാക്കിയത്.

ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറുടെ ബോളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ ഇയാന്‍ മൗറിസ്. ബുംറയുടെ ചില പന്തുകളില്‍ നിയമപ്രകാരമുള്ളതിനെക്കാള്‍ മടങ്ങുന്നുണ്ടെന്നും ഇതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും മോറിസ്‌ പറഞ്ഞു.

‘ജസ്പ്രീത് ബുംറയുടെ ബോളിങ് ആക്ഷര്‍ സംശയം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. ആധുനിക ക്രിക്കറ്റില്‍ ഇത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. ബുംറ കൈമടക്കിയാണ് എല്ലാ പന്തുകളും എറിയുന്നതെന്ന് ഞാന്‍ പറയില്ല,

എന്നാല്‍ അവന്റെ ചില പന്തുകള്‍ എറിയുമ്പോള്‍ കൈ നിയമപ്രകാരമുള്ളതിനെക്കാള്‍ മടങ്ങുന്നുണ്ട്. ഇത് നിരീക്ഷിക്കണമെന്നാണ് പറയാനുള്ളത്. നേരത്തെ തന്നെ ബുംറയുടെ ബോളിങ് ആക്ഷനെക്കുറിച്ച് സംശയമുയര്‍ന്നിട്ടുള്ളതാണ്,’ ഇയാന്‍ മോറിസ്‌ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനെ നിയമപ്രകാരമുള്ള കൈമടക്കലിനേക്കാള്‍ മടക്കിയതിന് ബൗളിങ്ങില്‍ വിലക്ക് നല്‍കിയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് താരത്തിന് വിലക്ക് നല്‍കിയത്.

Content Highlight: Ian Morris talking About jasprit Bumrah’s Bowling Action