ബി.ജെ.പി എം.എല്‍.എമാര്‍ക്ക് പൊതിരെ തല്ലുകിട്ടുന്നു, നേതാക്കള്‍ക്ക് ഗ്രാമങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റുന്നില്ല; താന്‍ കര്‍ഷകരെ പിന്തുണച്ചത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലെന്ന് സത്യപാല്‍ മാലിക്
national news
ബി.ജെ.പി എം.എല്‍.എമാര്‍ക്ക് പൊതിരെ തല്ലുകിട്ടുന്നു, നേതാക്കള്‍ക്ക് ഗ്രാമങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റുന്നില്ല; താന്‍ കര്‍ഷകരെ പിന്തുണച്ചത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലെന്ന് സത്യപാല്‍ മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 9:14 am

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് സംസാരിച്ചത് ബി.ജെ.പിയെ ദോഷകരമായി ബാധിക്കില്ലെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. മറിച്ച് കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആളുണ്ടെന്ന തോന്നല്‍ ഉണ്ടാകുമെന്നും മാലിക് പറഞ്ഞു.

കര്‍ഷകരുടെ അവസ്ഥ കണ്ടിട്ട് തനിക്ക് സഹിക്കാനാവുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. എം.എല്‍.എമാരെ വരെ ആളുകള്‍ തല്ലാന്‍ തുടങ്ങിയോതെടെ ബി.ജെ.പി നേതാക്കള്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകരുതെന്ന് കരുതുന്നവരാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ നീണ്ട സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് കഴിഞ്ഞദിവസം സത്യപാല്‍ മാലിക് രംഗത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന് കാരണം കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ സമീപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു

കര്‍ഷക സമരത്തില്‍ കൃത്യമായ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചതിന്റെ പേരില്‍ നടപടിയെടുക്കുകയാണെങ്കില്‍ നേരിടുമെന്നും ഗവര്‍ണര്‍ സ്ഥാനത്തില്ലായിരുന്നെങ്കിലും തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:I cannot bear to see the state of these farmers. BJP leaders are unable to leave their villages as people are beating MLAs,says Satya Pal Malik On Farmer Protests