സര്‍, നമ്മുടെ ക്രൈം ബീറ്റ് പ്രധാനപ്പെട്ട ഒരു ബ്രേക്കിംഗ് ന്യൂസ് അയച്ചിട്ടുണ്ട്.
ശരി, വായിക്കൂ.
തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് കുറെ കള്ളക്കടത്തു സ്വര്‍ണം പിടിച്ചിട്ടുണ്ട്.
ഭയങ്കര വാര്‍ത്ത തന്നെ. നാളെ വൈകിട്ട് മൂന്നരക്കുള്ള പ്രാദേശിക വാര്‍ത്തയില്‍ മുപ്പത് സെക്കന്റ് കൊടുക്കാന്‍ ഡെസ്‌കില്‍ പറഞ്ഞേല്‍പിച്ചേക്കൂ.
സര്‍, ഇതങ്ങനെയല്ല, കാര്യമായി ഇപ്പൊ തന്നെ കൊടുക്കണം. രാജ്യരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്.
എടൊ, ഇതൊക്കെ കണ്ടാല്‍ ആളുകള്‍ അപ്പൊ തന്നെ ചാനല്‍ മറ്റും, മറ്റേ ചാനലില്‍ അവര്‍ നല്ല പൊളപ്പന്‍ വാര്‍ത്ത കൊടുക്കുന്നുണ്ടാകും. അല്ലെങ്കില്‍ തന്നെ ഒന്നാം സ്ഥാനം എപ്പോ പോകും എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രേക്ഷകരെ പിടിച്ചു നിര്‍ത്താന്‍ പറ്റിയ വല്ലതും ഈ വര്‍ത്തയിലുണ്ടോ?
ഒരു സരിത്ത് കുമാറാണ് ഒന്നാം പ്രതി. സ്വപ്ന സുരേഷ് ആണ് രണ്ടാം പ്രതി. ഡിപ്ലോമാറ്റിക് ചാനലിലൂടെയാണ് സ്വര്‍ണം വന്നത്.
എന്താ പറഞ്ഞത്?
ഡിപ്ലോമാറ്റിക് ചാനലിലൂടെയാണ് സ്വര്‍ണം വന്നത്.
അതല്ല, അതിനു മുമ്പേ.
സരിത്ത് കുമാറാണ് ഒന്നാം പ്രതി
അതിനു ശേഷം?
ഡിപ്ലോമാറ്റിക് ചാനലിലൂടെയാണ് സ്വര്‍ണം വന്നത്.
അതല്ല, അതിനു രണ്ടിന്റെയും ഇടയില്‍?
സ്വപ്ന സുരേഷ് ആണ് രണ്ടാം പ്രതി.
മതി, ഇപ്പൊ ഇന്ററസ്റ്റിംഗ് ആയി. ഈ സ്വപ്ന സുരേഷ് എങ്ങനെ?
പഠിച്ച കള്ളിയാണെന്ന് തോന്നുന്നു സര്‍.
അതല്ല, സ്‌ക്രീന്‍ പ്രസന്‍സ്.
എന്ന് പറഞ്ഞാല്‍ ?
എന്നെ കൊണ്ട് തന്നെ പറയിപ്പിക്കണം, എടൊ കാണാനെങ്ങനെ ഉണ്ടെന്ന്.
(മൊബൈലില്‍ ഫോട്ടോ കാണിക്കുന്നു)
ഇത്ര പ്രധാനപ്പെട്ട ഒരു ബ്രേക്കിംഗ് ന്യൂസ് ഉണ്ടായിട്ടാണോ ഇത്രയും നേരം വേസ്റ്റ് ആക്കിയത്, ടിക്കര്‍ എഴുതുന്നവനോട് ബ്രേക്കിംഗ് ന്യൂസ് ഇടാന്‍ പറയൂ.
എന്താണ് സാര്‍ എഴുതേണ്ടത് ?
തിരുവനന്തപുരത്തു വന്‍സ്വര്‍ണവേട്ട, മുഖ്യപ്രതി സ്വപ്ന സുരേഷ്.
സാര്‍, സരിത്ത് കുമാര്‍ ആണ് മുഖ്യപ്രതി.
അതിലൊരു ത്രില്ലില്ല. നമുക്ക് സ്വപ്ന മതി.
സോഷ്യല്‍ മീഡിയക്കാരനോട് പറഞ്ഞ് ഇന്റര്‍നെറ്റ് മുഴുവന്‍ സ്വപ്ന സുരേഷിന്റെ ഫോട്ടോ പരതാന്‍ പറയൂ. ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, ടിക്ക്‌റ്റോക് എല്ലാറ്റിലും തപ്പണം. ഗൂഗിളില്‍ സ്വപ്ന സുരേഷ് ഹോട്ട് എന്ന ഒരു സെര്‍ച്ച് കൂടെ നടത്താന്‍ പറയൂ.
സാര്‍, സരിത്ത് കുമാറിന്റെ പടം വേണ്ടേ?
താന്‍ പറഞ്ഞ ജോലി ചെയ്താ മതി.
ടിക്കര്‍-എഴുത്തുകാരനോട് പുതിയ ബ്രേക്കിംഗ് ഇടാന്‍ പറയൂ. എന്താണ് സര്‍? സ്വപ്ന സുരേഷിന് ഉന്നതരുമായി ബന്ധം. എന്ത് ബന്ധമാണ് സാര്‍. എന്തെങ്കിലും ബന്ധം കാണും, താന്‍ പറഞ്ഞ പണി ചെയ്യ്.
സ്‌ക്രീന്‍ പുതുതായി ഡിസൈന്‍ ചെയ്യാന്‍ ഗ്രാഫിക് ഡിസൈനറോടു പറയൂ. ഇനി മുതല്‍ മൂന്നു മാസത്തേക്ക് പകുതി സ്‌ക്രീനില്‍ സ്വപ്നയുടെ ഫോട്ടോ ആല്‍ബം റണ്‍ ചെയ്താല്‍ മതി.
ഓക്കെ സര്‍, ഇടക്കൊക്കെ സരിത്ത് കുമാറിന്റെ ഫോട്ടോ കൂടെ ഇടാന്‍ പറയട്ടെ, അയാളല്ലേ ഒന്നാം പ്രതി?
ലൈംഗിക ദാരിദ്ര്യമുള്ള മലയാളി മധ്യവയസ്‌കര്‍ക്ക് കണ്ടു കൊണ്ടിരിക്കാന്‍ സരിത്ത് കുമാറിന്റെ ഫോട്ടോ മതിയോ ?
പോരാ.
അപ്പൊ പകുതി സ്‌ക്രീനില്‍ സ്വപ്ന മതി. മറ്റേ ചാനലുകാര്‍ ഇപ്പോള്‍ ഓഗ്മെന്റഡ് റിയാലിറ്റിയും വിര്‍ച്യുല്‍ റീലിറ്റിയുമൊക്കെ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ടാകും, മിക്കവാറും ഒരു കിടപ്പറ തന്നെയായിരിക്കും അവര്‍ സ്റ്റുഡിയോയില്‍ ഒരുക്കുന്നത്. കിടപ്പറയും ഈ കേസും തമ്മില്‍ എന്താണ് സാര്‍ ബന്ധം. ഇതിലൊരു സ്ത്രീ പ്രതിയല്ലെ, അപ്പൊ കിടപ്പറ ഒരു ഘടകമാണ്. പുരുഷമാരൊന്നും കിടപ്പറയിലല്ലേ സാര്‍ ഉറങ്ങുന്നത്? അതിവിടെ പ്രസക്തമല്ല.
ടിക്കര്‍-എഴുത്തുകാരനോട് പുതിയ ബ്രേക്കിംഗ് ഇടാന്‍ പറയൂ.
എന്താണ് സാര്‍ ?
സ്വപ്ന സുരേഷിന് ദാവൂദ് ഇബ്രാഹീമുമായി ബന്ധം എന്ന് സൂചന.
ദാവൂദ് ഇബ്രാഹിം മരിച്ചു പോയെന്ന് കഴിഞ്ഞ മാസം ബ്രേക്കിംഗ് ന്യൂസ് കൊടുത്തിരുന്നു.
എന്നാല്‍ ഐസിസ് തലവന്‍ ബാഗ്ദാദിയുമായി ബന്ധം എന്ന് കൊടുത്തോളൂ.
അയാള്‍ ശരിക്കും മരിച്ചു സാര്‍.
എന്നാല്‍ കൊളംബിയന്‍ മാഫിയയുമായി ബന്ധം എന്ന് കൊടുത്തോളൂ.
അതാരാണ് സാര്‍.
ആവോ ആര്‍ക്കറിയാം.
ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ലേഖകന്മാരെ വിളിക്കട്ടെ സാര്‍.
എന്തിന്.
ഈ സ്വര്‍ണം എങ്ങോട്ടാണ് പോകുന്നത് എന്നതിനെ പറ്റി ഒരു സ്റ്റോറി ചെയ്താല്‍ പൊളിക്കും.
നീ പൊളിക്കണ്ട. ഇവിടെ കുറേപേര്‍ മൂന്നു നേരം വെട്ടി വിഴുങ്ങന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ല അല്ലെ. അത് പറഞ്ഞപ്പോഴാണോര്‍ത്തത്. പ്രൈം ടൈം ആങ്കറിന് ഒരു വാട്‌സാപ്പ് അയക്കൂ.
ആങ്കറിങ് ചെയ്‌തോണ്ടിരിക്കുമ്പോള്‍ വാട്‌സാപ്പ് വായിക്കുന്നത് ബോറല്ലേ സാര്‍, വാട്‌സ്ആപ് ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോരെ ?
ഇപ്പോള്‍ അതാണോ നിന്റെ പ്രശ്‌നം, നോട്ട് എഴുതൂ.
പറയൂ സാര്‍.
സഖാക്കള്‍ ഈ പൊന്നൊക്കെ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചു കൊണ്ടേയിരിക്കും. ഔട്‌സ്വിങ്ങര്‍ ആണ്. ബാറ്റില്‍ മുട്ടിയാല്‍ കീപ്പറുടെ കയ്യിലാണ്. അറ്റന്‍ഡ് ചെയ്യാതെ വിട്ടേക്കണം.
ഓക്കേ അയച്ചു.
അയാള്‍ക്ക് അങ്ങനെയൊരു സൂക്കേടുണ്ട്, വൈഡിലേക്ക് പോകുന്ന ബോള്‍ വരെ വലിച്ചു വിക്കറ്റിലേക്ക് തള്ളിയിടും.
ശ്രദ്ധിക്കാന്‍ പറയാം സാര്‍.
ടിക്കര്‍-എഴുത്തുകാരനോട് പുതിയ ബ്രേക്കിംഗ് ഇടാന്‍ പറയൂ.
എന്താണ് സാര്‍ ?
സ്വപ്ന സുരേഷിനു രാജ്യാന്തര ബന്ധം, അജിത് ഡോവല്‍ നിരീക്ഷിക്കുന്നു, ഉന്നതര്‍ കുടുങ്ങും.
അതെന്ത് ന്യൂസ് ആണ് സാര്‍
ചുമ്മാ ന്യൂസ്.
എന്‍.ഐ.എ അന്വേഷണത്തിന് വേണ്ടി മുറവിളി എന്ന് കൂടെ ചേര്‍ത്തോളൂ.
ഏത്, നമ്മുടെ ഹാദിയെടെ കല്യാണം മുടക്കാന്‍ വന്ന എന്‍.ഐ.എ ?
പണ്ടൊക്കെ ആള്‍കാര്‍ പോലീസ് അന്വേഷണം വേണമെന്ന് മുറവിളി കൂടുമായിരുന്നു, പിന്നെയത് ക്രൈം ബ്രാഞ്ച് ആയി, പിന്നെ സി.ബി.ഐ, ഇപ്പോള്‍ എന്‍.ഐ.എ. നാളെ പുതിയ എന്തെങ്കിലും വരും.
നമ്മുടെ എഡ്യൂക്കേഷന്‍ ബീറ്റ് ചെയ്യുന്നവനെ വിളിച്ചു സ്വപ്നയുടെ ക്വാളിഫിക്കേഷന്‍സ് എന്താണെന്നു നോക്കാന്‍ പറയൂ.
എന്തിനാണ് സാര്‍. എഡ്യൂക്കേഷന്‍ കുറവുള്ള പെണ്ണുങ്ങള്‍ നല്ലൊരു പോസ്റ്റിലെത്തിയാല്‍ അത് കിടപ്പറയിലൂടെയാണെന്ന് പറഞ്ഞു ചിരിക്കുമ്പോള്‍ നമ്മുടെ പ്രേക്ഷകരായ ആണുങ്ങള്‍ക്ക് ഒരാശ്വാസം. അവരുടെ ആശ്വാസമാണല്ലോ നമ്മുടെ റേറ്റിംഗ്.
അപ്പൊ ഒന്നാം പ്രതിയുടെ എഡ്യൂക്കേഷന്‍ പരിശോധിക്കേണ്ടെ?
അതിന്റെ ആവശ്യമില്ല, ആണുങ്ങള്‍ നല്ല പോസ്റ്റിലെത്തുന്നത് അവരുടെ ബുദ്ധിയും കഠിനാധ്വാനവും കൊണ്ടാണ്.
സാര്‍, നമ്മുടെ സിറ്റി റിപ്പോര്‍ട്ടര്‍ രണ്ടു വീഡിയോ ക്ലിപ്‌സ് അയച്ചിട്ടുണ്ട്, ഒന്ന് സരിത്ത് കുമാര്‍ അടിച്ചു പൂസായി റോഡ് സൈഡില്‍ വാള് വക്കുന്നതും മറ്റേത് സ്വപ്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും.
ഓക്കെ, ആദ്യത്തേത് ചവറ്റു കൊട്ടയിലേക്ക് പോട്ടെ, രണ്ടാമത്തേത് ന്യൂസ് ഡെസ്‌കിലേക്കും.
അതെന്താണ് സാര്‍ അങ്ങനെ?
ഡോ, താന്‍ എത്ര കൊല്ലം ജേര്‍ണലിസം പഠിച്ചു?
മൂന്നാല് കൊല്ലം.
എന്നിട്ടു അവിടുത്തെ പ്രൊഫസര്‍മാരൊന്നും ജേര്‍ണലിസത്തിന്റെ അടിസ്ഥാന തത്വം പറഞ്ഞു തന്നില്ലേ.
ഏതു തത്വമാണ് സാര്‍?
പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്തയാണ്.
അതിപ്പോള്‍ പറയാന്‍ കാര്യം?
ആണുങ്ങള്‍ ബിവറേജില്‍ നിന്ന് കൂതറ ബ്രാന്‍ഡ് വാങ്ങി വല്ലിടത്തും ഇരുന്നടിച്ചു പാതിരാക്ക് റോഡ് സൈഡില്‍ വാള് വച്ചാല്‍ അതൊരു ന്യൂസ് അല്ല. പെണ്ണുങ്ങള്‍ എവിടെയെങ്കിലും രാത്രി ഒന്‍പതു മണിക്ക് ശേഷം പാര്‍ട്ടിക്ക് പോയി നാരങ്ങാ വെള്ളം കുടിച്ചാല്‍ അത് വാര്‍ത്തയാണ്. നമ്മുടെ പ്രേക്ഷകരായ ആണുങ്ങള്‍ക്ക് മറ്റൊരാശ്വാസം.
നാളത്തേക്ക് സ്വപ്നയുടെ കുറെ കൂടെ ഫോട്ടോസ് കൂടെ അറേഞ്ച് ചെയ്യണം. സ്‌ക്രീനില്‍ ഒരേ ചിത്രം കണ്ടാല്‍ പ്രേക്ഷകര്‍ക്ക് മടുക്കും. അവര്‍ പോയ കല്യാണവീടുകളില്‍ നിന്ന് കല്യാണ കാസറ്റുകള്‍ സംഘടിപ്പിക്കണം. ഇന്റെര്‍നെറ്റൊക്കെ ഒന്നൂടെ അരിച്ചു പെറുക്ക്.
ശരി സാര്‍. സരിത്ത് കുമാറിനെ പറ്റി ഒന്നൂടെ അന്വേഷിച്ചാലോ? അതിലൊരു ത്രില്ലില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക