ചാനല്‍ ചര്‍ച്ചാ വിവാദം; പ്രതിഷേധക്കാര്‍ വേണു ബാലകൃഷ്ണന്റെ കോലം കത്തിച്ചു, പാക്ക് പതാകയെന്ന് കരുതി കത്തിച്ചത് ലീഗിന്റെ കൊടിയും
Daily News
ചാനല്‍ ചര്‍ച്ചാ വിവാദം; പ്രതിഷേധക്കാര്‍ വേണു ബാലകൃഷ്ണന്റെ കോലം കത്തിച്ചു, പാക്ക് പതാകയെന്ന് കരുതി കത്തിച്ചത് ലീഗിന്റെ കൊടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2016, 6:37 pm

വിഷയത്തില്‍ വേണുവും മാതൃഭൂമി ന്യൂസും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടമാളുകള്‍ തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള മാതൃഭൂമി ഓഫീസിന് മുന്നില്‍ വേണു ബാലകൃഷ്ണന്റെ കോലം കത്തിച്ചു.


തിരുവനനന്തപുരം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നയതന്ത്ര വിദഗ്ധനോട് ഉറി ആക്രമണത്തെ കുറിച്ചുള്ള പാക്ക് മാധ്യമങ്ങളുടെ പരാമര്‍ശം ചൂണ്ടിക്കാണിച്ച മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ വീണ്ടും ഹിന്ദുത്വവാദികളുടെ പ്രതിഷേധം.

വിഷയത്തില്‍ വേണുവും മാതൃഭൂമി ന്യൂസും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടമാളുകള്‍ തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള മാതൃഭൂമി ഓഫീസിന് മുന്നില്‍ വേണു ബാലകൃഷ്ണന്റെ കോലം കത്തിച്ചു.

venu1
ചര്‍ച്ചയ്ക്കിടെ ഉറി ആക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടല്ലോ എന്ന് വേണു ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമാണ് ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വേണു പറഞ്ഞുവെന്ന തരത്തില്‍ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചിരുന്നത്.

venu
മാതൃഭൂമി ന്യൂസില്‍ സെപ്തംബര്‍ 19 ന് സംപ്രേഷണം ചെയ്ത പ്രൈം ടൈം എന്ന ചര്‍ച്ചാപരിപാടിയിലായിരുന്നു സംഭവം.

വഞ്ചിയൂരിലെ മാതൃഭൂമി ഓഫീസിന് മുന്നില്‍ സംഘടിച്ചെത്തിയ ഒരുകൂട്ടമാളുകള്‍ വേണുവിന്റെ കോലം കത്തിക്കുകയായിരുന്നു. വേണു പാക്കിസ്ഥാന്റെ ആളാണെന്ന തരത്തിലായിരുന്നു സോഷ്യല്‍മീഡിയയിലൂടെയും മറ്റുമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം. എന്നാല്‍ ഇതിന് സൂചകമായി വേണുവിന്റെ കോലത്തില്‍ പാക്കിസ്ഥാന്‍ പതാകയെന്ന പേരില്‍ ചുറ്റിയിരുന്നത് മുസ്‌ലിം ലീഗിന്റെ കൊടിയായിരുന്നു.

venu2

വെള്ളയും പച്ചയും ചേര്‍ന്ന പാക്ക് പതാകയില്‍ ചന്ദ്രക്കലയും നക്ഷത്രവും വലതു ഭാഗത്തേക്ക് തിരിഞ്ഞ രീതിയിലാണ്. പച്ച നിറത്തിലുള്ള കൊടിയില്‍ ചന്ദ്രക്കലയും നക്ഷത്രവും ഇടത്തോട്ടുള്ളത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകയാണ്. ഇതാണ് പാക്ക് പതാകയെന്ന പേരില്‍ പ്രതിഷേധക്കാര്‍ വേണുവിന്റെ കോലത്തിനൊപ്പം കത്തിച്ചത്. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

venu33
ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.