ഭീഷ്മ മുതല്‍ ജയഹേ... വരെ; 2022ല്‍ പണം വാരിയ ചിത്രങ്ങള്‍|Dmovies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് വലിയ ക്ഷീണമേല്‍പ്പിച്ച മേഖലകളിലൊന്നാണ് സിനിമാമേഖല. എന്നാല്‍ കൊറോണ ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. പ്രതിസന്ധികളുടെയും അടച്ചിടലിന്റെയും ദിനരാത്രങ്ങള്‍ പിന്നിട്ട് തിയേറ്ററുകള്‍ സജീവമായ വര്‍ഷമായിരുന്നു കഴിഞ്ഞു പോയ 2022.

ഏകദേശം 150 ഓളം ചെറുതും വലുതുമായ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് ചെയ്തുവെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. വിരലില്‍ എണ്ണാവുന്നത് മാത്രമാണെങ്കിലും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഈ വര്‍ഷം എത്തി.

യുവ സംവിധായകന്മാര്‍ക്കും അഭിനേതാക്കള്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരെ അമ്പരപ്പിക്കാനും കഴിഞ്ഞിരുന്നു. ചെറിയ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ മഹാവിജയവും ഈ വര്‍ഷം മലയാളം കണ്ടു. കഴിഞ്ഞവര്‍ഷം ബോക്‌സ് ഓഫീസില്‍ വിജയമായ ചില ചിത്രങ്ങള്‍ നോക്കാം. ഇതുവരെ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അമല്‍ നീരദിന്റെ സംവിധാന സൃഷ്ടിയായ ഭീഷ്മപര്‍വമാണ് 2022ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ മലയാള ചിത്രം. 2022 മാര്‍ച്ച് 3ന് പുറത്തിറങ്ങിയ ചിത്രം തിയേറ്റര്‍,സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമെല്ലാം 115 കോടി നേടി. ഐ.എം.ഡി.ബി അനുസരിച്ച് ഇത് 87.55കോടിയാണ്. കൂടാതെ ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ മലയാള ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിന്റെ ബജറ്റ് 15 കോടിയാണെന്നാണ് അറിയുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മിച്ചത്.

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും ഒന്നിച്ച തല്ലുമാലയാണ് രണ്ടാമതായി വെന്നി കൊടി പാറിച്ച ചിത്രം. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ആഷിഖ് ഉസ്മാനായിരുന്നു ചിത്രം നിര്‍മിച്ചത്. ആഗോളതലത്തില്‍ 72 കോടി നേടിയിട്ടുണ്ട്. എന്നാല്‍ ഐ.എം.ഡി.ബിയുടെ കണക്കനുസരിച്ച് നാലാമതായാണ് ചിത്രമുള്ളത്. 42 കോടി നേടിയെന്നാണ് ഇതിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മുഹ്‌സിന്‍ പരാരി തിരക്കഥ എഴുതിയ ചിത്രം 20 കോടി ചെലവിലാണ് നിര്‍മിച്ചത്.

പ്രണയവും കോളേജ് ലൈഫിലെ ഓര്‍മകളും മനസിലേക്കെത്തിച്ച വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയമാണ് മൂന്നാമതായി കളക്ഷന്‍ നേടിയ ചിത്രം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രം വിക്കീപീഡിയയുടെ അടിസ്ഥാനത്തില്‍ ചിത്രം നേടിയത് 69 കോടിയാണ്. എന്നാല്‍ രണ്ടാമത്തെ വലിയ കളക്ഷന്‍ നേടിയ ചിത്രമായാണ് ഐ.എം.ഡി.ബിയില്‍ ഹൃദയമുള്ളത്.

പൃഥ്വിരാജ് ചിത്രം ജന ഗണ മനയാണ് നാലാമതായി ബോക്‌സ് ഓഫീസില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിമും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന് ആഗോളതലത്തില്‍ 55 കോടിയാണ് ലഭിച്ചത്. എന്‍കൗണ്ടര്‍ കില്ലിങ്ങും ഇന്ത്യയിലെ നിലവിലെ സാമൂഹികരാഷ്ട്രീയ ചുറ്റുപാടിനെക്കുറിച്ചും സംസാരിച്ച ചിത്രം 20 കോടി ബജറ്റിലാണ് നിര്‍മിച്ചത്. ഐ.എം.ഡി.ബിയില്‍ ചിത്രം മൂന്നാമതായാണ് കാണിച്ചിരിക്കുന്നത്. 50 കോടിയാണ് നേടിയെതെന്നാണ് ഇതിലെ കണക്ക്. ഡിജോ. ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്.

പൃഥ്വിരാജിന്റെ തന്നെ കടുവയാണ് അഞ്ചാമത്തെ ചിത്രമായി വിക്കീപീഡിയയിലുള്ളത്. 52 കോടി ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇതിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.എം.ഡി.ബിയില്‍ ആഗോളതലത്തില്‍ 46 കോടി നേടിയിട്ടുണ്ടെന്നാണ് കാണുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിവേക് ഒബ്‌റോയ്, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ നിരവധി താരങ്ങളുണ്ട്. 2022 ജൂലൈ 7ന് റിലീസായ ചിത്രം 15 കോടി ബജറ്റിലാണ് ഇറങ്ങിയത്.

കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ, താന്‍ കേസ് കൊട് ആണ് മലയാളത്തില്‍ ആറാമതായി വലിയ കളക്ഷനുള്ള ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം 50കോടി കളക്ഷന്‍ നേടിയെന്നാണ് വിക്കീപീഡിയയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പ്രൊഡക്ഷന്‍ ഹൗസായ ഉദയ പിക്‌ച്ചേഴ്‌സാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തത്. ഐ.എം.ഡി.ബിയില്‍ ചിത്രം 34 കോടി നേടിയെന്നാണ് ഉള്ളത്.

മമ്മൂട്ടിയുടെ കഴിഞ്ഞവര്‍ഷത്തെ അവസാന ചിത്രമായ റോഷാക്കാണ് ഏഴാമതായി വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം. മമ്മൂട്ടി കമ്പനി തന്നെ പ്രൊഡ്യൂസ് ചെയ്ത ചിത്രം 40 കോടി കളക്ഷനാണ് സ്വന്തമാക്കിയത്. ഐ.എം.ഡി.ബിയിലെ കണക്കുകളില്‍ 39 കോടി ചിത്രം നേടിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

ഐ.എം.ഡി.ബിയില്‍ ആറാമതുള്ള ചിത്രം വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേയാണ്. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 43 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും വലിയ ചര്‍ച്ചയായി. മമ്മൂട്ടി ചിത്രമായ CBI5 ഉം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.

content highlight: highest grossing malayalam films released in 2022