കൊല്ലം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ പിഴവ് വരുത്തിയ അധ്യാപികയ്ക്കും മേല്‍നോട്ടം വഹിച്ച ചീഫ് എക്‌സാമിനര്‍ക്കും 25000 രൂപ വീതം പിഴ.
സംസ്ഥാന ബാലവകാശ കമ്മീഷനാണ് ഇരുവരും പിഴ തുക വിദ്യാര്‍ത്ഥിക്ക് നല്‍കണമെന്ന് ഉത്തരവിട്ടത്. അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കാനാണ് നിര്‍ദേശം.
മൂല്യനിര്‍ണയത്തില്‍ പിഴവ് വരുത്തുന്ന അധ്യാപകരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും ബാലവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാവായ നാഗപ്പള്ളി ആര്‍. പൊടിമോന്‍ നല്‍കിയ പരാതിയിലായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത്.
ഇദ്ദേഹത്തിന്റെ മകള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇംഗ്ലീഷിന് മാത്രം ബി പ്ലസാണ് ലഭിച്ചത്. ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ 65 മാര്‍ക്ക് സ്‌കോര്‍ഷീറ്റില്‍ ഉണ്ടായിരുന്നു. കൂട്ടിയെഴുതിയത് 43 എന്നാണ്. പുനര്‍മൂല്യനിര്‍ണയത്തിന് കുട്ടി അപേക്ഷിച്ചപ്പോള്‍ 72 മാര്‍ക്കും ലഭിച്ചു.
മൂല്യനിര്‍ണയം നടത്തിയ അധ്യാപിക കമ്മീഷനു മാപ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അമ്മയ്ക്ക് ബൈപാസ് ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതിന്റെയും അച്ഛന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു തളര്‍ന്നു കിടക്കുന്നതിന്റെയും മാനസിക പ്രയാസം മൂലമാണ് പിഴവ് സംഭവിച്ചതെന്ന് മാപ്പപേക്ഷയില്‍ പറയുന്നു.