പിരിച്ചുവിട്ടവര്‍ക്ക് പകരം പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണം; കെ.എസ്.ആര്‍.ടി.സിയെ വിശ്വാസമില്ല : ഹൈക്കോടതി
Kerala News
പിരിച്ചുവിട്ടവര്‍ക്ക് പകരം പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണം; കെ.എസ്.ആര്‍.ടി.സിയെ വിശ്വാസമില്ല : ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th December 2018, 5:54 pm

കൊച്ചി:കൂട്ട പിരിച്ചു വിടലിനെതുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.പിരിച്ചു വിട്ട താത്ക്കാലിക കണ്ടക്ടര്‍മാര്‍ക്ക് പകരം പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 48 മണിക്കൂര്‍ ആണ് കോടതി അനുവദിച്ചത്. സാങ്കേതിക തടസ്സങ്ങള്‍ കെ.എസ്.ആര്‍.ടി.സി ചൂണ്ടികാണിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല.

കണ്ടക്ടര്‍ ലിസ്റ്റിലുള്ള 4051 പേര്‍ക്ക് രണ്ട് ദിവസത്തിനകം നിയമനം നടത്താനാണ് കോടതിയുടെ നിര്‍ദ്ദേശം. ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച്ച ചീഫ് ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച്ച തന്നെ നിയമനം നടത്താനാണ് സര്‍ക്കാറിന്റെ നീക്കം.

Also Read:  സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്; എന്‍.എസ്.എസിന് കോടിയേരിയുടെ മറുപടി

ഇത്രയും ഒഴിവുകളില്ലെന്നായിരുന്നു കെ.എസ്. ആര്‍.ടി.സി യുടെ പ്രധാന വാദം.ഒഴിവില്ലെങ്കില്‍ പിന്നെന്തിനാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് നല്‍കി പരീക്ഷ നടത്തിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയത് എന്ന് ഹൈക്കോടതി ചോദിച്ചു.

നിയമനം നേടിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ടിക്കറ്റ് കൊടുത്ത് പണം വാങ്ങാന്‍ വലിയ പരിശീലനം ഒന്നും വേണ്ട അതവര്‍ ജോലി ചെയ്ത് നേടിക്കൊള്ളും എന്ന് ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ സത്യവാങ്ങ്മൂലം നല്‍കാതെ ഇത് വരെ എടുത്ത നടപടികള്‍ വിശദീകരിച്ചപ്പോഴാണ് കെ.എസ്.ആര്‍.ടി.സി യെ വിശ്വാസമില്ലെന്ന് കോടതി വ്യക്തമാക്കിയത്.