ഒമ്പത് ഗോളുകളോ? അദ്ദേഹം വേറെ ലെവലിലാണ്; മെസിയെ പ്രശംസിച്ച് മുന്‍ ഇന്റര്‍ മയാമി സൂപ്പര്‍ താരം
Football
ഒമ്പത് ഗോളുകളോ? അദ്ദേഹം വേറെ ലെവലിലാണ്; മെസിയെ പ്രശംസിച്ച് മുന്‍ ഇന്റര്‍ മയാമി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th August 2023, 1:29 pm

അമേരിക്കന്‍ ലീഗായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം.

മയാമിക്കായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മെസി അക്കൗണ്ടിലാക്കി കഴിഞ്ഞു. താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്റര്‍ മയാമി സൂപ്പര്‍ താരം ഹെര്‍ക്കൂള്‍സ് ഗോമെസ്. മെസി മറ്റാരെക്കാളും വ്യത്യസ്തമായ ലെവലില്‍ ആണെന്നാണ് ഗോമെസ് പറഞ്ഞത്.

‘മെസിക്ക് ഒമ്പത് ഗോളുകള്‍. കം ഓണ്‍.. അദ്ദേഹം കോംപറ്റീഷനില്‍ മറ്റാരെക്കാളും വ്യത്യസ്തമായ ലെവലിലാണ്,’ ഗോമെസ് ട്വീറ്റ് ചെയ്തു.

മയാമി കുപ്പായത്തില്‍ മെസിയുടെ ഒമ്പതാം ഗോളാണ് ഇന്ന് ഫിലാഡല്‍ഫിയക്കെതിരെ പിറന്നത്. ഇതോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടവും മെസി ഉറപ്പിച്ചു. മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ ഇന്റര്‍ മയാമി ഫിലാഡല്‍ഫിയക്കെതിരെ ലക്ഷ്യം കണ്ടു. ജോസഫ് മാര്‍ട്ടിനെസില്‍ നിന്നായിരുന്നു മയാമിയുടെ ആദ്യ ഗോള്‍ പിറന്നത്. 20ാം മിനിട്ടില്‍ മെസി വല കുലുക്കിയതോടെ മയാമിയുടെ ലീഡ് രണ്ടായി ഉയര്‍ന്നു.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ജോര്‍ഡി ആല്‍ബ ഗോള്‍ നേടിയതോടെ മയാമി ജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ 73ാം മിനിട്ടില്‍ അലജാന്ദ്രോ ബെഡോയയിലൂടെ ഫിലാഡല്‍ഫിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 84ാം മിനിട്ടില്‍ ഡേവിഡ് റൂയിസ് മയാമിയുടെ ഗോള്‍ പട്ടിക തികച്ച് നാലാം ഗോളും നേടിയതോടെ മേജര്‍ സോക്കര്‍ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഫിലാഡല്‍ഫിയ തോല്‍വി നുണഞ്ഞു. സീസണില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡല്‍ഫിയ.

ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.

Content Highlights: Hercules Gomez praises Lionel Messi