വനിതാ മതില്‍: നിര്‍ബന്ധിത സ്വഭാവമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
Million Women's Wall
വനിതാ മതില്‍: നിര്‍ബന്ധിത സ്വഭാവമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th December 2018, 2:54 pm

കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചു. വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സര്‍ക്കാരിനോട് വ്യാഴാഴ്ച നിലപാടറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ബന്ധിത സ്വഭാവം ഇല്ലല്ലോ എന്നും വനിതാ മതിലില്‍ പങ്കെടുക്കണമെന്നത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അല്ലേയെന്നും കോടതി ചോദിച്ചു.

സമാനഹര്‍ജികള്‍ക്കൊപ്പം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. സാമൂഹ്യ ബോധവും പ്രതിബന്ധതയുമുള്ള വനിതാ ജീവനക്കാര്‍പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയല്ല നിലപാടെങ്കില്‍ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.