ജാനകിയുടെയും നവീനിന്റെയും മതം തിരയുന്ന വിഷജന്മങ്ങളോട്
ഷഫീഖ് താമരശ്ശേരി

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും മികച്ച നര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമാണ്. ചെറുപ്പം മുതലേ നൃത്തം പരിശീലിച്ചുവരുന്നവരും, കോളേജിലെ ഡാന്‍സ് ടീം അംഗങ്ങളുമായ ഇവര്‍ ഒരു ദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞതിന് ശേഷം യൂനിഫോമില്‍ തന്നെ മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഹൗസ് സര്‍ജന്‍ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ഒരുമിച്ചുള്ള ഒരു ഡാന്‍സ് പെര്‍ഫോമന്‍സ് വീഡിയോ ആയി ചിത്രീകരിച്ചു. അത് നവമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ആശുപത്രിയുടെ പശ്ചാത്തലത്തില്‍ സ്‌ക്രബ്‌സ് യൂനിഫോം ധരിച്ച രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അതിമനോഹരമായ ആ നൃത്തച്ചുവടുകള്‍ നവമാധ്യങ്ങള്‍ ഏറ്റെടുത്തു. റാസ്പുടിന്‍ മ്യൂസികിനൊപ്പം അതിഗംഭീരമായ സ്‌റ്റൈലില്‍ മികച്ച കോമ്പിനേഷനോടെ അവര്‍ ചുവടുവെച്ച 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ആ കുഞ്ഞ് വീഡിയോ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ് ആപ്പ് തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെ ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് പേര്‍ കണ്ടു. പ്രശ്‌സ്തരായ പല പ്രൊഫൈലുകളും ആ വീഡിയോ പങ്കുവെച്ചു. ചുരുങ്ങിയ സമയംകൊണ്ട് ജാനകിയും നവീനും കേരളത്തിലെ വൈറല്‍ താരങ്ങളായി മാറി.

മാധ്യമങ്ങളില്‍ ഇരുവരുടെയും അഭിമുഖങ്ങള്‍ വന്നുതുടങ്ങി. രണ്ടുപേരും അവരെക്കുറിച്ച് കൂടുതല്‍ പരിചയപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനിയായ ജാനകിയുടെ അച്ചന്‍ ഓം കുമാര്‍. അമ്മ മായ. വയനാട്ടിലെ മാനന്തവാടി സ്വദേശിയായ നവീനിന്റെ പിതാവ് റസാഖ്. ഉമ്മ ദില്‍ഷാദ്. ഇരുവരും കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ നിന്ന് വരുന്നവരാണ്. രണ്ട് പേരും രണ്ട് മത സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരുമാണ്.

അതുവരെ ഇരുവരെയും ഏറ്റെടുത്ത് ആഘോഷിച്ച നവമാധ്യമങ്ങളില്‍ പിന്നീട് സംഭവിച്ച ചില കാര്യങ്ങള്‍ കേരളം നേടിയെന്ന് നാമവകാശപ്പെടുന്ന എല്ലാവിധ സാമൂഹ്യപുരോഗതിയെയും ലജ്ജിപ്പിക്കുന്നതും, നാണം കെടുത്തുന്നതുമായിരുന്നു. ഹിന്ദുവായ ജാനകിയും മുസ്‌ലിമായ നവീനും ഒരുമിച്ച് നൃത്തം ചെയ്തതും അവരുടെ പേരുകള്‍ ഒരുമിച്ച് ചേര്‍ക്കപ്പെട്ടതും സഹിക്കാതായ ചിലര്‍ വെറുപ്പും വിദ്വേഷവുമായി രംഗത്ത് വന്നു. സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും പ്രണയത്തിലുമെല്ലാം ജാതിയും മതവും തിരഞ്ഞ് വരുന്ന ചില നികൃഷ്ട മനസ്സുകള്‍ വികലവും മലിനവുമായ വാക്കുകളിലൂടെ ജാനകിയ്ക്കും നവീനും നേരെ ആക്രമണമാരംഭിച്ചു.

അതുവരെ ജാനകിയെന്നും നവീനെന്നും വിളിച്ചവരെ അവര്‍ ജാനകി എം. ഓംകുമാറെന്നും നവീന്‍ കെ. റസാഖെന്നും മുഴുവന്‍ പേരോടെ അടയാളപ്പെടുത്തി. ‘ജാനകിയുടെ മാതാപിതാക്കള്‍ സൂക്ഷിച്ചാല്‍ നന്ന്’ എന്ന കമന്റുകളെത്തി. ‘ജാനകി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നു’ എന്ന പരാമര്‍ശങ്ങള്‍ വന്നു. ജാനകിയുടെയും നവീനിന്റെയും സൗഹൃദത്തിന് ഇവര്‍ പലവിധ മാനങ്ങള്‍ നല്‍കി.

‘ജാനകി ലവ് ജിഹാദ് ഭീകരതയുടെ ഇര’ എന്ന പോസ്റ്റുകള്‍ വന്നു. പ്രൊഫഷണല്‍ കോളേജുകളിലെ കോഴ്‌സുകള്‍ പഠിക്കുന്ന ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്‌ലിം ആണ്‍കുട്ടികളുടെ കെണിയില്‍ പെടുകയാണെന്ന പരാമര്‍ശങ്ങള്‍ വന്നു. ഇരുവരെയും കുടുംബങ്ങള്‍ കയറൂരിവിട്ടിരിക്കുകയാണെന്ന തരത്തില്‍ അച്ചനമ്മമാര്‍ക്ക് നേരെയും ചിലര്‍ അസഭ്യങ്ങള്‍ എഴുതി. ഡാന്‍സ് ജിഹാദ് എന്ന ഒരു പുതിയ പദവും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

അതിഗംഭീരമായ നൃത്തച്ചുവടുകള്‍കൊണ്ട് മലയാളികളെ ഒന്നടങ്കം രസിപ്പിച്ച, സന്തോഷിപ്പിച്ച രണ്ട് പ്രതിഭകളെ അപമാനിക്കാനും അസഭ്യവര്‍ഷം ചൊരിയാനും അവര്‍ക്ക് നേരെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കാനും ഇക്കൂട്ടര്‍ക്ക് കാരണമായത് അവരുടെ മതം മാത്രമായിരുന്നു. ബഹുഭൂരിപക്ഷം മലയാളികളും ജാനകിയുടെയും നവീനിന്റെയും സര്‍ഗാത്മകമായ കലാവിഷ്‌കാരം കണ്ട് സന്തോഷിച്ചപ്പോള്‍ മതഭ്രാന്ത് തലയ്ക്ക് പിടിച്ച വര്‍ഗീയവാദികള്‍ അവരെ വിചാരണ ചെയ്യാനൊരുങ്ങി. ആടുകയും പാടുകയും ചെയ്യേണ്ടവര്‍ പഠിക്കേണ്ടത് എം.ബി.എസ്.എല്ല മറ്റെന്തെങ്കിലും ആണെന്ന കമന്റുകളുമായി വന്നവരെയും പ്രകോപിപ്പിച്ചത് ഇരുവരുടെയും പശ്ചാത്തലമല്ലാതെ മറ്റൊന്നുമായിരുന്നില്ല.

ഇവിടെ ജാനകിയ്ക്കും നവീനുമെതിരെ നടന്ന ഈ വിദ്വേഷ പ്രചരണം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. സമീപകാല കേരളത്തില്‍ സമാനമായ നിരവധി സംഭവങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തില്‍, സിനിമയില്‍, കലാകായിക രംഗങ്ങളില്‍, വ്യവസായ മേഖലയില്‍, മാധ്യമരംഗത്ത് എന്നിങ്ങനെ യാതൊരു ഔചിത്യവുമില്ലാതെ മതവും ജാതിയും ചര്‍ച്ച ചെയ്യപ്പെട്ട അനേകം ഉദാഹരണങ്ങള്‍ സമീപകാലത്ത് വേറെയുമുണ്ട്. പൊതുവിഷയങ്ങളില്‍ പ്രതികരണവുമായെത്തിയ അനേകം പേര്‍ അവരുടെ ജാതിമത പശ്ചാത്തലമുന്നയിക്കപ്പെട്ട് ആക്രമണങ്ങളേറ്റുവാങ്ങേണ്ടി വന്ന അനേകം സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഈ പ്രവണതകളെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ടീയ രംഗം ഉണര്‍ന്നു നിന്ന് പ്രതിരോധിച്ചേ തീരൂ.

രണ്ട് മനുഷ്യര്‍. അവര്‍ ആണോ പെണ്ണോ ഇതര ലിംഗവിഭാഗത്തില്‍ പെട്ടവരോ ആരോ ആയിക്കോട്ടോ. അവര്‍ക്ക് ഒന്നിച്ചു നടക്കാനും, പാട്ടു പാടാനും, നൃത്തം ചെയ്യാനും, സുഹൃത്തുക്കളാകാനും, പ്രണയിക്കാനും തുടങ്ങി നിയമവിരുദ്ധമല്ലാത്ത ഏത് പാരസ്പര്യങ്ങളില്‍ മുന്നോട്ടുപോകാനുമുള്ള എല്ലാ വിധ അവകാശവും ഈ നാട്ടിലുണ്ട്.

മറ്റ് മനുഷ്യരുടെ ജീവിതങ്ങളിലേക്ക് താക്കോല്‍പ്പഴുതിലൂടെ ഒളിഞ്ഞുനോക്കി ജാതിയും മതവും കുടുംബവും കുലമഹിമയും മുന്‍നിര്‍ത്തി നെടുവീര്‍പ്പെടാനോ അവര്‍ക്ക് സദാചാര ഉപദേശങ്ങള്‍ നല്‍കാനോ അവരുടെ രക്ഷകര്‍തൃത്വം ചമയാനോ ഈ നാട്ടില്‍ ആര്‍ക്കും ഒരധികാരവുമില്ല എന്ന് തലച്ചോറില്‍ വിഷം കലര്‍ന്ന ചില വര്‍ഗീയ ജീവിതങ്ങളെ ഓര്‍മിപ്പിക്കേണ്ടത് കേരളത്തിന്റെ പൊതുസാമൂഹികതയുടെ ഉത്തരവാദിത്വമാവുകയാണ്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍