ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരം കാണാന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ സ്‌റ്റേഡിയത്തിലെത്തിയിട്ടുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഷാഹിദ് അഫ്രിദിയും സ്റ്റേഡിയത്തിലെത്തിയിരുന്നു.
അഫ്രിദിക്ക് നേരെ ഓരോ തവണ ക്യാമറ പാന്‍ ചെയ്യുമ്പോഴും ആരാധകര്‍ വലിയ ആര്‍പ്പുവിളികള്‍ നടത്തിയിരുന്നു.
മത്സരത്തിന്റെ കമന്റേറ്ററായ വസീം അക്രവും ഹര്‍ഷ ഭോഗ്ലെയും അഫ്രിദിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
‘അദ്ദേഹം (ഷാഹിദ് അഫ്രിദി) ഇപ്പോഴും ഫിസിക്കലി ഫിറ്റാണ്. ഹാന്‍ഡ്‌സവുമാണ്,’ എന്നായിരുന്നു വസീം അക്രം പറഞ്ഞത്.
‘അദ്ദേഹം വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവരില്ല എന്ന് പ്രതീക്ഷിക്കാം,’ ഈ സംഭാഷണത്തില്‍ ചേര്‍ന്നുകൊണ്ട് ഭോഗ്ല പറഞ്ഞു.
ഷാഹിദ് അഫ്രിദി ഇപ്പോള്‍ വിവിധ ലീഗുകളില്‍ കളിക്കുന്നുണ്ടെന്നും ഇപ്പോള്‍ അവസരം നല്‍കിയാന്‍ നേരിടുന്ന ആദ്യ പന്ത് പോലും സിക്‌സറിന് പറത്താനാകും അദ്ദേഹം ശ്രമിക്കുകയെന്നും ദിനേഷ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം 45 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് നേടിയത്.
39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്.
ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ 20 റണ്‍സുമായി നില്‍ക്കവെ ഷഹീന്‍ അഫ്രിദിക്ക് വിക്കറ്റ് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്.
വണ്‍ ഡൗണായെത്തിയ വിരാട് ശുഭ്മന്‍ ഗില്ലിനെ ഒപ്പം കൂട്ടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. മികച്ച രീതിയില്‍ ബാറ്റ് വീശി അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കവെ അബ്രാര്‍ അഹമ്മദ് ഗില്ലിനെ മടക്കി. 52 പന്തില്‍ 46 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിത്.
ഗില്ലിന് പിന്നാലെയെത്തിയ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി വിരാട് പാകിസ്ഥാന്റെ വിധിയെഴുതി. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്ത്യയെ വിജയതീരത്തേക്കെത്തിച്ചത്.
പാകിസ്ഥാനായി ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദും ഖുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: Harsha Bhogle about Shahid Afridi