ഗോളടിമേളം തുടരുന്നു; ബുണ്ടസ്‌ലീഗയിൽ ചരിത്രം കുറിച്ച് ഇംഗ്ലീഷ് നായകൻ
Football
ഗോളടിമേളം തുടരുന്നു; ബുണ്ടസ്‌ലീഗയിൽ ചരിത്രം കുറിച്ച് ഇംഗ്ലീഷ് നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 3:17 pm

ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ആഗ്‌സന്‍ബര്‍ഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ബയേണിനായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ നടത്തിയത്. ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇംഗ്ലീഷ് നായകന്‍ സ്വന്തമാക്കിയത്.

ബയേണ്‍ മ്യൂണിക്കിനായി ബുണ്ടസ്‌ലീഗയിലെ ആദ്യ സീസണില്‍ തന്നെ 23 ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്. 2007-2008 സീസണില്‍ ലൂക്ക ടോണി നേടിയ 24 ഗോളുകള്‍ ആണ് ബയേണിനായി ആദ്യ സീസണില്‍ തന്നെ ഇത്രയധികം ഗോളുകള്‍ നേടിയത്.

ഈ സീസണില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ഹാരി കെയ്ന്‍ ജര്‍മന്‍ വമ്പന്‍മാരോടൊപ്പം ചേരുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ മിന്നും ഫോമിലാണ് കെയ്ന്‍ കളിക്കുന്നത്. ബയേണ്‍ മ്യൂണിക്കിനായി എല്ലാ കോമ്പറ്റീഷനുകളിലായും 26 മത്സരങ്ങളില്‍ നിന്നും 27 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് കെയ്ന്‍ നേടിയത്.

മത്സരത്തില്‍ 4-3-2-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്.  4-2-3-1 എന്ന ശൈലിയുമാണ് ബയേണ്‍ പിന്‍തുടര്‍ന്നത്.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ പാവ്‌ലോവിക്കിലൂടെ ബയേണ്‍ മ്യൂണിക് ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അല്‍ഫോന്‍സോ ഡേവിസിലൂടെ ബയേണ്‍ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ സന്ദര്‍ശകര്‍ രണ്ടു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 52ാം മിനിട്ടില്‍ ആതിഥേയര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എര്‍മെഡിന്‍ ഡെമിറോവിക്കിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്.

എന്നാല്‍ 58ാം മിനിട്ടില്‍ ഹാരി കെയ്ന്‍ ബയേണിനായി മൂന്നാം ഗോളും നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ എര്‍മെഡിന്‍ ആതിഥേര്‍ക്കായി രണ്ടാം ഗോള്‍ നേടി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-2ന്റെ ത്രില്ലര്‍ വിജയം ബയേണ്‍ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ബുണ്ടസ് ലീഗയില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയും അടക്കം 47 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബയേണ്‍.

ഫെബ്രുവരി മൂന്നിന് ബൊറൂസിയ മൊഞ്ചന്‍ഗ്ലാഡ്ബാച്ചിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം. ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയാണ് വേദി.

Content Highlight: Harry Kane create a new record.