ലിജോയുടെ പടം കണ്ട് പുറത്തിറങ്ങിയപ്പോൾ എനിക്ക് മഴ പെയ്യുന്നതായി ഫീൽ ചെയ്തു
Entertainment
ലിജോയുടെ പടം കണ്ട് പുറത്തിറങ്ങിയപ്പോൾ എനിക്ക് മഴ പെയ്യുന്നതായി ഫീൽ ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th January 2024, 5:55 pm

ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഹരിപ്രശാന്ത് വർമ. ലിജോയുടെ പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനിൽ താരം അഭിനയിക്കുന്നുണ്ട്.

ലിജോ തിയേറ്റർ എക്സ്പീരിയൻസിന് പ്രാധാന്യം കൊടുക്കുന്ന ഒരു സംവിധായകനാണെന്ന് ഹരി പ്രശാന്ത് പറയുന്നു. ലിജോയുടെ ഈ. മ. യൗ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും റേഡിയോ സുനോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘ലിജോ തിയേറ്റർ എക്സ്പീരിയൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരു സംവിധായകനാണ്. പൈസ കൊടുത്ത് ഒരാൾ തിയേറ്ററിൽ പോവുമ്പോൾ അതിലെ ഓരോ ഫ്രെയിംസും വിഷ്വൽസും കണ്ട് പ്രേക്ഷകർ അത്ഭുതപെട്ടിരിക്കണം.

അങ്ങനെയാണല്ലോ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും. ഏത്‌ പടം നോക്കിയാലും അങ്ങനെയാണ്.

അദ്ദേഹത്തിന്റെ ഈ. മ. യൗ എന്ന പടം ഞാൻ തിയേറ്ററിലാണ് കണ്ടത്. തിയേറ്ററിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് മഴ ഫീൽ ചെയ്യുകയായിരുന്നു. നല്ല വെയിലുള്ളപ്പോഴാണ് ഞാൻ പുറത്തേക്ക് ഇറങ്ങുന്നത്. പക്ഷെ അത്ര നേരം ആ ഫീലിൽ ഇരുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്,’ഹരിപ്രശാന്ത് വർമ പറയുന്നു.

ലിജോ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനിലെ തന്റെ വേഷത്തെ കുറിച്ചും താരം പറഞ്ഞു.

‘വാലിബനിലെ എന്റെ വേഷം വളരെ ചെറുതാണ്. ഇത്രയും വലിയൊരു സിനിമയിൽ ഒരു പത്ത് മിനിറ്റ് മാത്രമേ ഞാൻ ഉണ്ടാവുകയുള്ളൂ. എന്റെ കഥാപാത്രത്തിന്റെ സമയത്താണ് തിയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി. കാരണം അപ്പോഴാണ് ലാലേട്ടന്റെ എൻട്രി,’ ഹരിപ്രശാന്ത് പറഞ്ഞു.

Content Highlight: Hariprashanth Varma Talk About Lijo Jose Pellisery