കൊച്ചി: പരിസ്ഥിതി ആഘാത നിര്‍ണയ കരട് പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതിനെ വിമര്‍ശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. സ്വന്തം പാര്‍ട്ടിയുടെ പരിസ്ഥിതി നയം നടപ്പിലാക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഭരണമെന്ന് ഹരീഷ്, മുഖ്യമന്ത്രിയോട് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കേരളാസര്‍ക്കാര്‍ ഈ വിഷയത്തില്‍ EIA 2020 പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടോ? സി.പി.ഐ.എം ഭരിക്കുന്ന എത്ര തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടു? വൃന്ദകാരാട്ടിന്റെ കത്ത് ഇതിലെത്രപേര്‍ വായിച്ചിട്ടുണ്ടാകും? സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം? പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യില്‍ ആണെന്ന് മറക്കരുത്’, ഹരീഷ് പറഞ്ഞു.
നേരത്തെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പറിയിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ വ്യത്യസ്ത അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നുള്ളതാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി നിര്‍ദേശിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
2020 മാര്‍ച്ച് 23 നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പാരിസ്ഥിതികാഘാത നിര്‍ണ്ണയ വിജ്ഞാപനം അഥവാ ഇ.ഐ.എ- 2020 പുറത്തിറക്കിയത്. ഈ വിജ്ഞാപനം പ്രകാരം രാജ്യത്തെ റോഡ് നിര്‍മ്മാണം, ഖനനം, ഫാക്ടറികള്‍ എന്നിവയുള്‍പ്പടെയുള്ള എല്ലാ പുതിയ പദ്ധതികള്‍ക്കും പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാണ്.
എന്നാല്‍ വിജ്ഞാപനം വന്നതുമുതല്‍ നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമാണ് വാണിജ്യ ലാഭത്തിനായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനപ്പെട്ട മൂല്യങ്ങളെ അവഗണിക്കുന്നുവെന്നത്. അതുപോലെത്തന്നെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്യുന്നുവെന്നും വിമര്‍ശനമുണ്ട്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്.
EIA 2020 പിന്‍വലിക്കാന്‍ കാരണങ്ങള്‍ അക്കമിട്ടു CPIM പോളിറ്റ്ബ്യുറോയും കേന്ദ്രകമ്മിറ്റിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനന്ദനര്‍ഹമായ നിലപാട് ആണത്. പക്ഷെ, ഞാനും നിങ്ങളും ആവശ്യപ്പെടുന്ന വിലയേ അതിനു നിയമത്തിനു മുന്നില്‍ ഉള്ളൂ.
എന്നാല്‍, ഭരണഘടന അനുസരിച്ച് പരിസ്ഥിതി സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരമുള്ള വിഷയമാണ്. അവരുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന വിഷയമാണ്. കേരളാസര്‍ക്കാര്‍ ഈ വിഷയത്തില്‍ EIA 2020 പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടോ? CPIM ഭരിക്കുന്ന എത്ര തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടു? വൃന്ദകാരാട്ടിന്റെ കത്ത് ഇതിലെത്രപേര്‍ വായിച്ചിട്ടുണ്ടാകും?
ആഗസ്റ്റ് 11 ആണ് അവസാന തീയതി.
സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം??? പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യില്‍ ആണെന്ന് മറക്കരുത്.
സഖാക്കള്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട, സര്‍ക്കാറിനെക്കൊണ്ട് CPIM ന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാന്‍ പറ്റുമോ???
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക