ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ നൽകാതെ അലഹബാദ് ഹൈക്കോടതി.
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ നൽകാതെ അലഹബാദ് ഹൈക്കോടതി.
ഗ്യാൻവാപി മസ്ജിദിന്റെ വ്യാസ് ജി കാ തെഹ്ഖാന എന്നറിയപ്പെടുന്ന തെക്കൻ നിലവറയിൽ പൂജ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയാണ് അലഹബാദ് ഹൈക്കോടതി നിരസിച്ചത്. അതേസമയം പ്രദേശത്തെ ക്രമസമാധാന നില പാലിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.
ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മസ്ജിദ് കമ്മിറ്റിക്ക് ഇടക്കാല ആശ്വാസം നൽകാൻ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
ഗ്യാൻ വാപി മസ്ജിദിന്റെ കിഴക്കുഭാഗത്ത് ഹിന്ദുവിഭാഗത്തിന് പൂജ ചെയ്യാൻ കഴിഞ്ഞ ആഴ്ച്ചയാണ് വാരാണാസി കോടതി അനുമതി നൽകിയത് . പൂജക്കുള്ള തയ്യാറെടുപ്പ് നടത്താനായി ഹിന്ദു വിഭാഗത്തോടും പൂജാരിയെ നോമിനേറ്റ് ചെയ്യാൻ ശ്രീ കാശി വിശ്വനാഥ ട്രസ്റ്റിനോടും കോടതി ഉത്തരവിടുകയായിരുന്നു.
പള്ളിയുടെ മുദ്ര വെച്ച ഭാഗം ശാസ്ത്രീയ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജില്ലാ കോടതിയുടെ ഈ ഉത്തരവ്.
ഗ്യാൻ വാപിയിൽ മസ്ജിദ് നിർമിക്കുന്നതിന് മുൻപ് അവിടെ ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു എന്ന ആർക്കിയോളജികൾ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
Content Highlight: Gyanvapi : Allahabad HC Refuses Interim Stay On ‘Puja’ Inside ‘Vyas Tehkhana’, Asks State To Maintain Law & Order Situation