ഗുരുവായൂരപ്പന്റെ ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ ; ലേലത്തിന് ഭരണസമിതിയുടെ അംഗീകാരം
Kerala News
ഗുരുവായൂരപ്പന്റെ ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ ; ലേലത്തിന് ഭരണസമിതിയുടെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st December 2021, 1:30 pm

തൃശൂര്‍: ഗുരുവായൂരപ്പന്റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന്. ഥാര്‍ ലേലത്തിന് ഭരണസമിതി അംഗീകാരം നല്‍കി. നേരത്തെ തന്നെ ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് അലിക്ക് വാഹനം കൈമാറും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്.

ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നത്.

നടപടിക്രമങ്ങളുടെ ഭാഗമായി ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്.

എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു അമലിന്‍ നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു.

15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്.

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറക്കി ഒരു വര്‍ഷത്തിനിടയില്‍ തന്നെ വാഹനം വിപണിയില്‍ വിജയ കുതിപ്പുണ്ടാക്കിയിരുന്നു.

നിരത്തിലെത്തിയതിന് ശേഷം വാഹനത്തിന് 19ലധികം അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ ഗ്ലോബല്‍ എന്‍ക്യാപ് നടത്തുന്ന ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും വാഹനം കരസ്ഥമാക്കിയിട്ടുണ്ട്.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എഞ്ചിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Guruvayoorappan’s Thar Amal Muhammad himself