അഹമ്മദാബാദ്: അഹമ്മദാബാദ്: കൊവിഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തത് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്.
ഇനി ഔദ്യോഗിക വെബ്‌സൈറ്റില്‍ രോഗം ഭേദമായവരുടെ വിവരങ്ങള്‍ മാത്രമേ ഉണ്ടാവൂ. മൊത്തം രോഗികളുടെ എണ്ണത്തിന് പകരം ചികിത്സയിലുള്ള രോഗികളുടെ എണ്ണം മാത്രമേ രേഖപ്പെടുത്തുകയുള്ളു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മൊത്തം രോഗികളുടെ എണ്ണത്തിന് പ്രാധാന്യം നല്‍കുന്നത് ജനങ്ങളെ ഭയപ്പെടുത്തും. ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ത്താനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി ജയന്തി രവി പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദിവസംതോറുമുള്ള കൊവിഡ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വാര്‍ത്താ സമ്മേളനങ്ങളും നടക്കുന്നില്ല. മൊത്തം രോഗികളുടെ എണ്ണം മാധ്യമങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്യുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെയും രോഗികളുടെ എണ്ണത്തിന്റെയും കാര്യത്തില്‍ നാലാമത് നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മരണനിരക്കില്‍ രണ്ടാമതുമാണ് സംസ്ഥാനം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് ഇവിടുത്തെ കൊവിഡ് മരണ നിരക്ക്.
കൊവിഡ് ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം എന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നയം. ഇതോടെയാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നത്. രോഗികളെ പരിശോധനയില്ലാതെ പല ആശുപത്രികളില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ പരിശോധിക്കാനും ആരോഗ്യ വകുപ്പ് തയ്യാറാവുന്നില്ലെന്നാണ് വിവരം.