Daily News
ഗ്വാണ്ടനാമോയില്‍ നിന്നും 15 തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 16, 09:13 am
Tuesday, 16th August 2016, 2:43 pm

guantanomo
ന്യൂയോര്‍ക്ക്:  കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില്‍ നിന്നും 15 തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി. 12 യമനികളും 3 അഫ്ഗാന്‍ പൗരന്‍മാരെയുമാണ് മോചിപ്പിച്ചത്. ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള നടപടിയുടെ ഭാഗമായാണ് തടവുകാരുടെ മോചനം. ഗ്വാണ്ടനാമോയില്‍ 61 പേരാണ് ഇനിയും അവശേഷിക്കുന്നത്.

ഗ്വാണ്ടനാമോയില്‍ നിന്ന് തടവുകാരെ മാറ്റി ജയില്‍ അടച്ചുപൂട്ടാനുള്ള ശ്രമത്തിന് നല്‍കുന്ന പിന്തുണയ്ക്ക് യു.എ.ഇയോട് കടപ്പെട്ടിരിക്കുന്നുവെന്ന് പെന്റഗണ്‍ തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

14 വര്‍ഷമായി വിചാരണ പോലും ചെയ്യാതെ തടങ്കലില്‍ കഴിയുന്നവരടക്കം മോചിതരായവരുടെ കൂട്ടത്തിലുണ്ട്. ഒരു ദശകത്തിലേറെയായി കുറ്റപത്രമോ വിചാരണയോ കൂടാതെ തടവില്‍ കഴിയുന്നവരാണ് ഗ്വാണ്ടനാമോയിലുള്ള ഭൂരിഭാഗം പേരും.

2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം 780 പേരായിരുന്നു ജയിലിലുണ്ടായിരുന്നത്. 2009ല്‍ ഒരു വര്‍ഷത്തിനകം തടവറപൂട്ടുമെന്ന് ഒബാമ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ് തടവറ പൂട്ടാനാണ് ഒബാമ ഭരണകൂടം ശ്രമിക്കുന്നതെങ്കിലും യു.എസ് കോണ്‍ഗ്രസില്‍ ഇതിന് പിന്തുണയില്ല.

കഴിഞ്ഞ ഏപ്രിലില്‍ 9 യെമനി തടവുകാരെ സൗദി അറേബ്യയിലെ ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.