കണ്ണൂര്‍ വി.സി ക്രിമിനല്‍; എന്നെ ശാരീരികമായി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Kerala News
കണ്ണൂര്‍ വി.സി ക്രിമിനല്‍; എന്നെ ശാരീരികമായി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st August 2022, 11:58 am

ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ ഒരു ക്രിമിനലാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

ചരിത്ര കോണ്‍ഗ്രസിനെത്തിയ തന്നെ കായികമായി നേരിടാന്‍ ശ്രമമുണ്ടായെന്നും ഇതിന് വി.സി ഗോപിനാഥ് രവീന്ദ്രന്‍ എല്ലാ ഒത്താശയും ചെയ്തുനല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞത്. ഇതിനായി ദല്‍ഹിയില്‍ വെച്ച് ഗൂഢാലോചന നടന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

”ഇത് പൊതുമധ്യത്തില്‍ പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. കാരണം, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാന്യതയുടെയും അച്ചടക്കത്തിന്റെയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ്.

എന്നെ ശാരീരികമായി അറ്റാക്ക് ചെയ്യാന്‍ വേണ്ടി അദ്ദേഹം ഗൂഢാലോചന നടത്തി. പിന്നീടാണ് ഉന്നത തലങ്ങളില്‍ നിന്ന് എനിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.

ദല്‍ഹിയില്‍ വെച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. അദ്ദേഹമായിരുന്നു എന്നെ ചടങ്ങിന് ക്ഷണിച്ചത്.

നിങ്ങളെ ഒരാള്‍ ചടങ്ങിന് വിളിക്കുന്നു, അവിടെ വെച്ച് നിങ്ങള്‍ ആക്രമിക്കപ്പെടുന്നു. എന്നാല്‍ അദ്ദേഹം ഒരു റിപ്പോര്‍ട്ട് പോലും നല്‍കുന്നില്ല, എന്താണ് ഇത് കാണിക്കുന്നത്.

എന്നെ വിമര്‍ശിച്ചുകൊണ്ടും എനിക്കെതിരെ ചോദ്യങ്ങളുന്നയിച്ചുകൊണ്ടും ആളുകള്‍ക്ക് പ്രസംഗിക്കാന്‍ അദ്ദേഹം സമയം നല്‍കി. 16 മിനിറ്റ് മാത്രമുള്ള ചടങ്ങില്‍ ഒന്നര മണിക്കൂര്‍ അവര്‍ക്ക് സമയം നല്‍കി. എന്നാല്‍ ഇതിനെല്ലാം മറുപടി പറയാന്‍, പ്രസംഗിക്കാന്‍ ഞാന്‍ എണീറ്റപ്പോള്‍, അഞ്ച് മിനിട്ടിനുള്ള എന്റെ നേരെ ശാരീരികമായി കയ്യേറ്റമുണ്ടായി.

രണ്ട് തവണ ആക്രമിക്കാന്‍ ശ്രമമുണ്ടായി. സെക്യൂരിറ്റി ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് അവര്‍ക്ക് എന്റെയടുത്ത് എത്താന്‍ സാധിക്കാതെ പോയത്. എന്നെ ചടങ്ങിന് ക്ഷണിച്ച വ്യക്തി എന്ന നിലയില്‍ വി.സിയുടെ ഡ്യൂട്ടി എന്താണ്.

അദ്ദേഹത്തിന് വിദ്യാഭ്യാസമില്ലേ, ഐ.പി.സി വകുപ്പുകള്‍ അറിയില്ലേ. ഇക്കാര്യം പൊലീസിനെ അറിയിക്കാന്‍ ഉത്തരവാദിത്തമില്ലേ. രാജ്ഭവന്‍ വിഷയത്തിലുണ്ടാക്കിയ റിപ്പോര്‍ട്ടില്‍ പോലും അദ്ദേഹം ഒപ്പുവെക്കാന്‍ സമ്മതിച്ചില്ല. അയാള്‍ ഒരു ക്രിമിനലാണ്. എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു,” ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂര്‍ സര്‍വകലാശാലയുമായി നിരന്തരം വാക്‌പോരിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.

Content Highlight: Governor Arif Mohammad Khan says Kannur university Vice chancellor is a criminal and conspired to physically attack him