തിരുവനന്തപുരം: കണ്ണൂര്‍ ചാല ടാങ്കര്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനിച്ചു. ദുരന്തത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
[]സര്‍ക്കാര്‍ ജോലി വേണ്ടാത്തവര്‍ക്ക് കുടുംബ പെന്‍ഷന്‍ നല്‍കും. 40 ശതമാനത്തില്‍ അധികം പൊള്ളലേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് പകരം വീട് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ഗ്യാസ് വിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐ.ഒ.സിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക.
റെയില്‍, കടല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗ്യാസ് വിതരണം നടത്തുന്നതിന്റെ പ്രായോഗിക വംശങ്ങളും സര്‍ക്കാര്‍ പരിശോധിക്കും. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍ കൂടുതല്‍ പാചകവാതകം സ്റ്റോക്ക് ചെയ്യും. മംഗലാപുരത്ത് നിന്നുള്ള ടാങ്കര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ചാല ടാങ്കര്‍ ലോറി അപകടത്തില്‍ 19 പേരാണ് മരിച്ചത്. നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.