Advertisement
Kerala News
ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന് ശേഷം സന്നിധാനത്ത് സംഘര്‍ഷമുണ്ടായി; കേസ് റദ്ദാക്കാനാവില്ല; എതിര്‍ സത്യവാങ്മൂലവുമായി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 13, 05:56 am
Tuesday, 13th November 2018, 11:26 am

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരായ കോടതിയലക്ഷ്യ കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കി. ശ്രീധരന്‍ പിള്ളയുടെ  പ്രസംഗത്തിന് ശേഷം സന്നിധാനത്ത് സംഘര്‍ഷമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ഇന്നലെ അറിയിച്ചിരുന്നു.

പി.എസ് ശ്രീധരന്‍പിള്ളയടക്കം സ്വീകരിച്ചത് കോടതിയലക്ഷ്യമല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം.

ശ്രീധരന്‍ പിള്ള, തന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

പി.എസ് ശ്രീധരന്‍ പിള്ള, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷയിലായിരുന്നു തീരുമാനം.


ആത്മഹത്യാ വിവരം പൊലീസിനെ അറിയിച്ചത് നാട്ടുകാര്‍; മൃതദേഹം കിടന്നത് കല്ലമ്പലത്തെ ചായ്പില്‍


കോടതിയലക്ഷ്യമല്ല ഇവരുടെ നടപടിയെന്നും ക്രിയാത്മക വിമര്‍ശനം മാത്രമാണ് ഇവര്‍ നടത്തിയിരിക്കുന്നത് എന്നുമായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം.

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ ആകില്ലെന്നും അവ പരിഗണിക്കാന്‍ ആകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അഭിഭാഷകയായ ഗീനാകുമാരി, എ.വി വര്‍ഷ എന്നിവര്‍ നല്‍കിയ അപേക്ഷയിലായിരുന്നു തീരുമാനം.

ശബരിമലസമരം ബി.ജെ.പി. ആസൂത്രണം ചെയ്തതാണെന്നും ബി.ജെ.പി. അജന്‍ഡയില്‍ മറ്റുള്ളവര്‍ വീഴുകയായിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാവില്ലെന്ന് തന്ത്രിയോട് പറഞ്ഞുവെന്നും മറ്റുമായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശങ്ങള്‍.

തനിക്കെതിരായ കോടതിയലക്ഷ്യക്കേസ് നിലനില്‍ക്കില്ലെന്നും കോഴിക്കോട്ട് കോണ്‍ഗ്രസുകാരനും എറണാകുളത്ത് കമ്യൂണിസ്റ്റുകാരനും കേസ് കൊടുത്തിട്ടുണ്ടെന്നും ഒന്നും തന്നെ ബാധിക്കില്ലെന്നും കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.