ബീഹാറിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 16 പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി; ഒരു പെണ്‍കുട്ടിയെ കാണാനില്ല
national news
ബീഹാറിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 16 പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി; ഒരു പെണ്‍കുട്ടിയെ കാണാനില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2018, 7:05 pm

പട്‌ന: ബീഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പതിനാറ് പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായി. സംഭവത്തില്‍ അഭയകേന്ദ്രത്തിന്റെ ചുമതലക്കാര്‍ ഉള്‍പ്പെടെ പത്തുപേരെ പൊലീസ് അറസ്റ്റുചെയ്തു.

കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഒരു സാന്നദ്ധ സംഘടന നടത്തിയ കൗണ്‍സിലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത പുറംലോകമറിഞ്ഞത്.


Read:  മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ജനക്കൂട്ടം അടിച്ചുകൊന്നു; 12 പേര്‍ അറസ്റ്റില്‍


പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കലായിരുന്നു അഭയകേന്ദ്രത്തിലെ ആളുകള്‍ ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതൊക്കെ നടന്നത് കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണസമ്മതത്തോടെയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 50 പെണ്‍കുട്ടികളാണുള്ളത്.

ഇതില്‍ ഏഴുവയസ്സുകാരി ഉള്‍പ്പെടെ പതിനാറ് പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. പട്‌ന മെഡിക്കല്‍ കോളേജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പതിനാറ് പേരും ക്രൂരമായ ലൈംഗിഗ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്നുണ്ട്.


Read;  കോട്ടയത്ത് മാതൃഭൂമി വാര്‍ത്താസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി


കൂടാതെ മാനസിക അസ്വാസ്ഥ്യം കാണിച്ച പത്തുപെണ്‍കുട്ടികളെ കൂടി വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതേസമയം, അഭയകേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായതായും പരാതിയുണ്ട്.

രണ്ടാഴ്ച മുമ്പാണ് അന്തേവാസികളില്‍ ഒരാളെ കാണാതാകുന്നത്. പീഡനശ്രമം ചെറുക്കവെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജീവനക്കാര്‍ തന്നെ കൊന്നതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.