കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
സുവിശേഷം സ്‌നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാര്‍ക്കോട്ടിക് പ്രശ്‌നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.
മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന് അഭിവാദ്യങ്ങളെന്നും കൂറിലോസ് പറഞ്ഞു.നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാര്‍ ബോധവാന്‍മാരാണ്,’ അദ്ദേഹം പറഞ്ഞു.
നാര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹിക വിരുദ്ധതയുടെ നിറം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലാ ബിഷപ്പ് എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.
മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.
കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.
കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.