Advertisement
Film News
കങ്കുവയൊക്കെ പത്തടി മാറി നില്‍ക്കും, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ നഷ്ടത്തിലേക്ക് ഗെയിം ചേഞ്ചര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 17, 10:20 am
Friday, 17th January 2025, 3:50 pm

ഷങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. തെലുങ്ക് സൂപ്പര്‍താരം റാം ചരണിനെ നായകനാക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 450 കോടി ബജറ്റിലെത്തിയ ചിത്രം ആദ്യവാരം തന്നെ പല സെന്ററില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. ഏഴ് ദിവസം പിന്നിടുമ്പോള്‍ ചിത്രം 200 കോടി പോലും നേടിയിട്ടില്ലെന്നാണ് ശ്രദ്ധേയമായ കാര്യം.

സംക്രാന്തി റിലീസായെത്തിയ മറ്റ് ചിത്രങ്ങള്‍ ഗംഭീര പ്രതികരണം നേടിയതോടെ ഗെയിം ചേഞ്ചറിന്റെ ബോക്‌സ് ഓഫീസ് ഭാവി വീണ്ടും മോശമായിരിക്കുകയാണ്. ബാലകൃഷ്ണ നായകനായ ഡാക്കു മഹാരാജ്, വെങ്കടേഷിന്റെ സംക്രാന്തികി വസ്തുന്നാം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് ചിത്രങ്ങളും ഇതിനോടകം 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.

125 കോടിക്കാണ് ഗെയിം ചേഞ്ചറിന്റെ തിയേറ്റര്‍ റൈറ്റ്‌സ് ആന്ധ്രയിലും തെലങ്കാനയിലും വിറ്റുപോയത്. വിതരണത്തിനെടുത്തവര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ 350 കോടിയെങ്കിലും ആവശ്യമാണ്. എന്നാല്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം കണക്കിലെടുത്ത് വന്‍ നഷ്ടമാണ് വിതരണക്കാര്‍ നേരിടാന്‍ പോകുന്നത്. ചിത്രം തമിഴ്‌നാട്ടിലും ഓവര്‍സീസിലും ഇതിനോടകം നഷ്ടം നേരിട്ടുകഴിഞ്ഞു.

മുടക്കുമുതല്‍ പോലും തിരച്ചുകിട്ടാതെ വരുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ നഷ്ടം ഗെയിം ചേഞ്ചറിന്റെ പേരിലാകുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഒന്നാമത്.

135 കോടിയുടെ നഷ്ടമാണ് കങ്കുവ കാരണം ഉണ്ടായത്. എന്നാല്‍ ഗെയിം ചേഞ്ചറിന്റെ നഷ്ടം 200 കോടിക്കുമുകളിലാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഷങ്കറിന്റെ മുന്‍ ചിത്രമായ ഇന്ത്യന്‍ 2വും വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. 110 കോടിയാണ് ഇന്ത്യന്‍ 2വിന്റെ നഷ്ടം. ഒരേ വര്‍ഷം തന്നെ രണ്ട് വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ 100 കോടി നഷ്ടം വന്ന ചിത്രങ്ങളുടെ സംവിധായകന്‍ എന്ന മോശം റെക്കോഡും ഇനി ഷങ്കറിന്റെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടു.

ഏറ്റവും നഷ്ടമുണ്ടാക്കിയ ഇന്ത്യന്‍ ചിത്രങ്ങള്‍- ഗെയിം ചേഞ്ചര്‍ (200+കോടി), കങ്കുവ (135 കോടി), രാധേ ശ്യാം (130 കോടി), ബഡേ മിയാന്‍ ചോട്ടേ മിയാന്‍ (120 കോടി), 83 (120 കോടി).

Content Highlight: Game Changer becomes the highest loss made movie in India